റിയോ ഡി ജനെയ്‌റൊ :  പുരുഷന്‍മാരുടെ മിഡില്‍വെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തുര്‍ക്കിയുടെ ഓന്‍ഡര്‍ സിപലിനെ 3-0ത്തിന് തോല്‍പ്പിച്ച് ഏകപക്ഷീയമായ വിജയത്തോടെയാണ് വികാസ് അവസാന പതിനാറിലെത്തിയത്. 

ക്വാര്‍ട്ടറില്‍ വിജയിക്കാനായാല്‍ വികാസ് കൃഷ്ണന് വെങ്കല മെഡല്‍ ഉറപ്പിക്കാം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30ന് ഉസ്‌ബെക്കിസ്ഥാന്റെ ബെക്തമിര്‍ മെലിക്കുസെയ്‌വുമായാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

ആദ്യ റൗണ്ടില്‍ യു.എസ്.എയുടെ ചാള്‍സ് കോണ്‍വെല്ലിനെയും വികാസ് പോയിന്റ് വഴങ്ങാതെയാണ് പരാജയപ്പെടുത്തിയത്. മറ്റൊരു ഇന്ത്യന്‍ ബോക്‌സറായ മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.