ളിമ്പിക്‌സിന്റെ ആരവങ്ങള്‍ നിലച്ചിരിക്കുന്നു. ആഗസ്ത് ഒന്നിന് കേരളത്തില്‍നിന്ന് യാത്രതുടങ്ങിയതാണ്. നാട്ടിലേക്കു വരാനായി റിയോയില്‍നിന്ന് ദുബായിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്‌സില്‍ യാത്രയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍ നാടിന്റെ രുചിയും മണവും ഓര്‍മയിലേക്കു വന്നു. ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞപ്പോള്‍ വീല്‍ചെയര്‍ ഉരുട്ടിക്കൊണ്ടുവരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. ഇന്ത്യന്‍ മുഖമാണ്. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ ഗുസ്തിയില്‍ വെങ്കലംനേടി 130 കോടി ഇന്ത്യക്കാരുടെ അഭിമാനം കാത്ത സാക്ഷി മാലിക്. വീല്‍ചെയറിലിരിക്കുന്നയാളെ അപ്പോഴാണ് ശ്രദ്ധിച്ചത്. മറ്റൊരു വനിതാ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഫോഗട്ടും ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു. ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യാനുമായുള്ള മത്സരത്തിനിടെ പരിക്കേറ്റു. ഇതുമൂലം മത്സരം മുഴുമിപ്പിക്കാതെ ഗോദ വിടേണ്ടിവന്നിരുന്നു.

സാക്ഷിയുടെ സഹായത്തോടെ വിനേഷ് വിമാനത്തില്‍ക്കയറി. ബിസിനസ് ക്ലാസ്സ് സീറ്റില്‍ കാലുനീട്ടിയിരുന്നു. അരികില്‍ സാക്ഷിയും. ''ഞാന്‍ ഇന്ത്യയില്‍നിന്നാണ്. മെഡല്‍ കിട്ടിയതില്‍ സന്തോഷമായില്ലേ'' -സാക്ഷിയോട് ചോദിച്ചു.
''മെഡല്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. പക്ഷേ, ഒളിമ്പിക്‌സില്‍ എന്നെക്കാള്‍ പ്രതീക്ഷയുണ്ടായിരുന്നത് വിനേഷിനാണ്. മത്സരത്തിനിടെ പരിക്കേറ്റതുകൊണ്ട് ആ സ്വപ്‌നം പൊലിഞ്ഞു. വിനേഷിനു സംഭവിച്ച നിര്‍ഭാഗ്യത്തില്‍ എനിക്കു ദുഃഖമുണ്ട്'' -സാക്ഷി പറഞ്ഞു. അതുകേട്ട വിനേഷ് വിഷാദത്തോടെ പുഞ്ചിരിച്ചു.
അതിനിടെ ഇന്ത്യന്‍ ഗുസ്തി ടീമിന്റെ ഫിസിയോ ശ്വേത അരികിലെത്തി വിനേഷിന്റെ കവിളില്‍ ഉമ്മവെച്ചു. ശ്വേത രഹസ്യമായി പറഞ്ഞു: ''ഇന്ത്യയില്‍നിന്ന് റിയോയിലേക്കു വരുമ്പോള്‍ യോഗേശ്വര്‍ ഫയല്‍വാനു മാത്രമേ വിമാനത്തില്‍ ബിസിനസ് ക്ലാസ്സില്‍ ഇരിപ്പിടമുണ്ടായിരുന്നുള്ളൂ. അതുകണ്ട സാക്ഷി പറഞ്ഞു, 'യോഗേശ്വറിന്റെ ഭാഗ്യം.' ഇപ്പോള്‍ അതേ സാക്ഷി ഒളിമ്പിക് മെഡലുമായി ബിസിനസ് ക്ലാസ്സില്‍ മടങ്ങുന്നു. എത്രപെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിയുന്നത്!''
ശ്വേത പറഞ്ഞുനിര്‍ത്തിയ ഇടവേളയില്‍ സാക്ഷിയുമായി സംസാരിച്ചു.

ഒളിമ്പിക് മെഡലിനു പിന്നാലെ ഖേല്‍രത്‌ന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടല്ലോ?

പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണിതെല്ലാം. മുമ്പ് ഖേല്‍രത്‌ന കിട്ടിയവരെല്ലാം എന്റെ ആരാധനാപാത്രങ്ങളായിരുന്നു. പത്രങ്ങളില്‍ അവരുടെ ഫോട്ടോ അച്ചടിച്ചുവരുന്നത് ആവേശത്തോടെയും അസൂയയോടെയും കണ്ടുനിന്ന ബാല്യം എനിക്കുമുണ്ടായിരുന്നു. ഇപ്പോള്‍ ഞാനും അവരിലൊരാളായി. ഒളിമ്പിക്‌സിന്റെ സമാപനച്ചടങ്ങില്‍ പതാകയേന്തിയതാണ് മറ്റൊരനുഭവം. റിയോയിലെ ഉദ്ഘാടനച്ചടങ്ങില്‍ അഭിനവ് ബിന്ദ്ര ഇന്ത്യന്‍ പതാകയേന്തി മുന്നേറുമ്പോള്‍ എന്നെ ഇന്ത്യയിലെ എത്രപേര്‍ക്കറിയാം? സമാപനച്ചടങ്ങില്‍ അതേ ഞാന്‍ ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തി...

മെഡല്‍ കിട്ടിയ നിമിഷം?

അത് വാക്കുകള്‍കൊണ്ടു പറഞ്ഞറിയിക്കാനാകില്ല. മെഡല്‍ നേടുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. പലതവണ ഞാന്‍ എന്നെത്തന്നെ അത് പറഞ്ഞുവിശ്വസിപ്പിച്ചു. എന്നാല്‍, അതു സംഭവിച്ചുകഴിഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് മരിച്ചുപോകുമെന്നുതോന്നി. ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയ വളരെക്കുറച്ച് ആളുകളല്ലേയുള്ളൂ, അതില്‍ ഞാനുമുണ്ടെന്ന സത്യം വിശ്വസിക്കാനായില്ല.

അടുത്ത ഒളിമ്പിക്‌സിനുണ്ടാകുമോ?

ഉണ്ടാകുമെന്നു മാത്രമല്ല, സ്വര്‍ണമെഡല്‍ നേടിയിരിക്കും. ഇക്കുറി എനിക്ക് വെങ്കലം നേടാനായെങ്കില്‍, ഒന്നുകൂടി പരിശ്രമിച്ചാല്‍ അത് സ്വര്‍ണമാക്കിമാറ്റാനാകും. ഇത് സാക്ഷിയുടെ വാക്ക്...

മെഡല്‍ കിട്ടിയപ്പോള്‍ വീട്ടുകാരുടെ പ്രതികരണമെന്തായിരുന്നു?

അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ ആശ്വാസമായിരുന്നു. കാരണം, ഒളിമ്പിക് മെഡല്‍ എന്ന സ്വപ്‌നവുമായി ഞാന്‍ വിശ്രമമില്ലാതെ പരിശീലിക്കുന്നതും വിയര്‍പ്പൊഴുക്കുന്നതും അവരെ വേദനിപ്പിച്ചിരുന്നു. അതിനൊരു ഫലമുണ്ടായല്ലോ എന്ന ആശ്വാസം.

ഗുസ്തിയിലേക്കുള്ള വരവ് എളുപ്പമായിരുന്നോ?

ഒരിക്കലുമല്ല. അച്ഛനും അമ്മയും എന്നെ എന്നും പിന്തുണച്ചു. എന്നാല്‍, നാട്ടില്‍ പലര്‍ക്കും എതിര്‍പ്പായിരുന്നു. പെണ്‍കുട്ടികള്‍ക്കു പറ്റിയ പണിയല്ല ഇത് എന്നായിരുന്നു എല്ലാവരുടെയും ഉപദേശം. ചെവി പപ്പടംപോലെയാകും, സൗന്ദര്യം പോകും എന്നെല്ലാം പറഞ്ഞ് ആളുകള്‍ പേടിപ്പിച്ചുകൊണ്ടേയിരുന്നു. ഗുസ്തിക്കാരിയായി ജീവിക്കുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. നിരന്തരമായ പരിശീലനവും കഠിനമായ വ്യായാമമുറകളും. എന്നാല്‍, ആണ്‍കുട്ടികള്‍ക്കു ചെയ്യാവുന്ന കായികവിനോദങ്ങളെല്ലാം പെണ്‍കുട്ടികള്‍ക്കും ചെയ്യാനാകുമെന്നാണ് എന്റെ വിശ്വാസം. ആര്‍ക്കായാലും പരിശ്രമിച്ചാല്‍ വിജയിക്കാം. ആ വിശ്വാസമാണ് എന്നെ നയിക്കുന്നത്.
സാക്ഷിയുടെ നാട്ടില്‍ മറ്റു പെണ്‍കുട്ടികള്‍ ഗുസ്തി പരിശീലിക്കാത്തതിനാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പരിശീലിക്കേണ്ടിവന്നു. അതു ഗുണംചെയ്യുകയും ചെയ്തു.