ഒളിമ്പിക്‌സില്‍ വെള്ളിനേടിയെങ്കിലും എത്യോപ്യയുടെ ഫെയിസ ലിലേസയ്ക്ക് നാട്ടില്‍നിന്നുള്ള സ്വീകരണങ്ങളേറ്റുവാങ്ങാനുള്ള ഭാഗ്യമില്ല. എന്തിന്, വീട്ടുകാരെയും ബന്ധുക്കളെയും ഇനി കാണാനാകുമോ എന്നുപോലും ഉറപ്പില്ല.
എത്യോപ്യയിലെ ഭരണകൂടഭീകരതയോട് ഒളിമ്പിക് വേദിയില്‍ പ്രതിഷേധിച്ചതാണ് പുരുഷന്‍മാരുടെ മാരത്തണില്‍ വെള്ളിനേടിയ ലിലേസയ്ക്കു വിനയായത്.

മത്സരത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ലിലേസ, മാധ്യമങ്ങള്‍ക്കുമുന്നില്‍ കൈകള്‍ വിലങ്ങനെവെച്ച് പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം രാജ്യത്ത് നടക്കുന്ന ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് ലിലേസ തുറന്നുപറഞ്ഞു. മെഡല്‍ദാനച്ചടങ്ങിലും താരം പ്രതിഷേധമാവര്‍ത്തിച്ചു.

റിയോയില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമാണ് എത്യോപ്യയുടെ നേട്ടം. മെഡല്‍ നേടിയ കായികതാരങ്ങളെ അഭിനന്ദിച്ചുകൊണ്ട് എത്യോപ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ കൂട്ടത്തില്‍ ലെലേസയുടെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് രാജ്യത്തേക്കു മടങ്ങേണ്ടെന്ന തീരുമാനമെന്നു കരുതുന്നു. കഴിഞ്ഞദിവസം ഒളിമ്പിക് സംഘം എത്യോപ്യയിലേക്കു തിരിച്ചുപോയെങ്കിലും ലിലേസ മടങ്ങാന്‍ തയ്യാറായില്ല. ലിലേസയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് നേരത്തേ എത്യോപ്യന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, രാജ്യത്തു മടങ്ങിയെത്തിയാല്‍ എന്താണുണ്ടാവുകയെന്ന ഭയമുണ്ട്. രാജ്യത്തേക്കു മടങ്ങുന്നത് പന്തിയാകില്ലെന്ന് പലരും അഭിപ്രായപ്പെടുകയുംചെയ്തു. 26-കാരനായ ലിലേസ യു.എസ്സില്‍ രാഷ്ട്രീയാഭയം തേടിയേക്കുമെന്ന് വാര്‍ത്തയുണ്ട്.