റിയോ ഡി ജനെയ്‌റോ: ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഭാവി സുരക്ഷിതമെന്ന് പി.വി സിന്ധു. ഇന്ത്യ ബാഡിമിന്റണില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും സിന്ധു പ്രതികരിച്ചു. പുരുഷന്‍മാരുടെ ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ കെ. ശ്രീകാന്തിന്റെ പ്രകടനത്തെ സിന്ധു പ്രശംസിച്ചു. റിയോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിന്ധു.

"വെള്ളി മെഡല്‍ നേട്ടത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്" ഫൈനലിന് ശേഷം സിന്ധു പ്രതികരിച്ചു. ' ഞാന്‍ സ്വര്‍ണത്തിനായി പരമാവധി ശ്രമിച്ചു എന്നാല്‍ വെള്ളി നേടാനെ കഴിഞ്ഞുള്ളു. ഈ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. രണ്ട് ദിവസം മുന്‍പ് സാക്ഷിക്ക് വെങ്കലം ലഭിച്ചു ഇന്ന് എനിക്ക് വെള്ളിയും ലഭിച്ചു. ഞങ്ങള്‍ എല്ലാവരും മികച്ച രീതിയിലാണ് മത്സരിക്കാനിറങ്ങിയത്. എന്നാല്‍ എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. എല്ലാവരും ഒന്നോ രണ്ടോ പോയിന്റുകള്‍ക്കാണ് പരാജയപ്പെട്ടത്.  ഈ അവസരത്തില്‍ എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുന്നു. എനിക്ക് വളരെ മികച്ച ഒരു ആഴ്ചയായിരുന്നു ഇത്' സിന്ധു പ്രതികരിച്ചു.

സ്വര്‍ണം നേട്ടത്തിന് ഉടമയായ കരോളിനെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവരുടെയും ലക്ഷ്യമാണ് ഒരു ഒളിമ്പിക് മെഡല്‍ നേടുക എന്നത്' സിന്ധു പറഞ്ഞു. ഫൈനല്‍ മത്സരത്തില്‍ ഞങ്ങള്‍ ഇരുവരും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. മത്സരമാകുമ്പോള്‍ ഒരാള്‍ ജയിക്കുമ്പോള്‍ മറ്റേയാള്‍ തോല്‍ക്കണം. ഇന്ന് കോര്‍ട്ടില്‍ കരോളിന്റെ ദിവസമായിരുന്നു' എന്നാണ് ഫൈനല്‍ മത്സരത്തെ പറ്റി സിന്ധു പ്രതികരിച്ചത്.