renjith maheshwariറിയോ ഡി ജനെയ്‌റോ:  റിയോ ഒളിമ്പിക്‌സിന്റെ പത്താം ദിനത്തില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് നിരാശ മാത്രം. ട്രിപ്പിൾ ജമ്പില്‍ മത്സരിച്ച മലയാളി താരം രഞ്ജിത് മഹേശ്വരിയ്ക്ക് യോഗ്യതാ മാര്‍ക്ക് പോലും പിന്നിടാന്‍ കഴിഞ്ഞില്ല. 16.13 മീറ്റര്‍ പിന്നിട്ട രഞ്ജിത് മുപ്പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. 

3000 മീറ്റര്‍ സ്റ്റീപ്പിൾചേസില്‍ ദേശീയ റെക്കോഡ് തിരിത്തിക്കുറിച്ച പ്രകടനവുമായി ഫൈനലിലെത്തിയ ലളിതാ ബാബറിനും ഫൈനലില്‍ അടി തെറ്റി. 9:22.74 സെക്കന്‍ഡില്‍ ഓടിയെത്തിയ ലളിത പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ്‌സില്‍ പുറത്തെടുത്ത 9:19.76 സെക്കന്‍ഡിന്റെ പ്രകടനം ആവര്‍ത്തിക്കാന്‍ ലളിതയ്ക്ക് സാധിച്ചില്ല. പി.ടി ഉഷയ്ക്ക് ശേഷം ട്രാക്ക് ഇനത്തില്‍ ഒളിമ്പിക്‌സിന്റെ ഫൈനലിലെത്തുന്ന താരമാണ് ലളിത ബാബര്‍. ബഹ്‌റൈന്റെ റൂത് ജെബെറ്റ് സ്വര്‍ണവും കെനിയയുടെ ഹൈവിന്‍ ജെപ്‌കെമൊയി വെള്ളിയും നേടി. അമേരിക്കയുടെ എമ്മ കോബമിനാണ് വെങ്കലം.

വനിതകളുടെ 200 മീറ്ററിലും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യന്‍ താരം ശ്രബാനി നന്ദ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായി. 72 പേര്‍ മത്സരിച്ച 200 മീറ്ററില്‍ ശ്രബാനി നന്ദ 55ാം സ്ഥാനമാണ് നേടിയത്. ഹീറ്റ്‌സ് അഞ്ചില്‍ മത്സരിച്ച ശ്രബാനി 23.58 സെക്കന്‍ഡിലാണ് 200 മീറ്റര്‍ പിന്നിട്ടത്. 

ഒളിമ്പിക് അപ്‌ഡേറ്റ്‌സ്