റിയോ ഡി ജനെയ്‌റോ: ബോക്‌സിങ്ങില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് പെട്രൗസ്‌കാസ് എവല്‍ദാസിനെ പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍വെയ്റ്റില്‍ മനോജ് കുമാര്‍ അവസാന പതിനാറില്‍ ഇടം പിടിച്ചത്. 

വളരെ വാശി നിറഞ്ഞ മത്സരത്തിനൊടുവില്‍ 2-1നായിരുന്നു മനോജ് കുമാറിന്റെ വിജയം (29-28, 29-28, 28-29). മൂന്ന് റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും ആദ്യ രണ്ട് റൗണ്ടിലും ലിത്വാനിയന്‍ താരത്തിനെതിരെ ആധിപത്യമുറപ്പിച്ച് മനോജ് കുമാര്‍ വിജയമുറപ്പിക്കുകയായിരുന്നു.

അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാന്‍ താരവുമായ ഫാസിലിദ്ദീന്‍ ഗയ്ബന്‍സറോവാണ് പ്രീ ക്വാര്‍ട്ടറില്‍ മനോജിന്റെ എതിരാളി. ഞായറാഴ്ച്ചയാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരം. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ് മനോജ് കുമാര്‍. നേരത്തെ വികാസ് കൃഷ്ണനും പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.