റിയോ ഡി ജനെയ്‌റോ: പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ അയര്‍ലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി ഇരട്ട ഗോള്‍ നേടി.

മലയാളി താരം പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഗോള്‍വല കാത്ത മത്സരത്തില്‍ സര്‍ദാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്.

രഘുനാഥ് വൊക്കലിഗയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. അയര്‍ലന്‍ഡിനായി ജോണ്‍ ജെര്‍മിനും കോണോര്‍ ഹെര്‍ട്ടും ലക്ഷ്യം കണ്ടു. കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ ഇന്ത്യന്‍ താരം രമണ്‍ദീര് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്.

ജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ് അര്‍ജന്റീനയുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി.