Shiva Thapa
ശിവ് ഥാപ്പ

 

നേപ്പാളിന്റെ പാരമ്പര്യവുമായി രണ്ടു താരങ്ങള്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കും. രണ്ടുപേരും മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്നവരുമാണ്. നേപ്പാളില്‍ ജനിച്ച് പിന്നീട് ഇന്ത്യന്‍ ആര്‍മിയിലൂടെ ഇന്ത്യന്‍ ഷൂട്ടിങ് ടീമില്‍ എത്തിയ ജീത്തു റായിയാണ് ഒരാള്‍. രണ്ടാമന്‍ നേപ്പാളിയായ അച്ഛനു പിറന്ന ബോക്‌സര്‍ ശിവ് ഥാപ്പ. ബാന്റം വെയ്റ്റ് ബോക്‌സിങ്ങില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ഈ 22കാരന്‍ ഈ ഇനത്തില്‍ ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരാണ്. 

ഗുവാഹട്ടിയിലെ കരാട്ടെ അധ്യാപകനായ പത്മ ഥാപ്പയുടെ ആറു മക്കളില്‍ ഇളയവനാണ് ശിവ്. മൈക്ക് ടൈസന്റെ മത്സരങ്ങള്‍ ടി.വിയില്‍ കണ്ട് പ്രചോദിതനായി ശിവ് ബോക്‌സിങ് റിങ്ങിലേക്ക് കാലെടുത്തുവെച്ചു. 2010ല്‍ സിംഗപ്പൂരില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളി നേടിയതോടെ ശിവ് ഥാപ്പയെ ലോകം ശ്രദ്ധിച്ചു തുടങ്ങി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുമ്പോള്‍ ശിവിന് 18 വയസ്സ്. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ ബോക്‌സറായി, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ബോക്‌സറും. 

കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന അമച്വര്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു കഠിനാദ്ധ്വാനിയായ ഈ പോരാളി. ദിവസവും പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കമെഴുന്നേറ്റ് പരിശീലനം തുടങ്ങുന്ന ശിവ് പൊതുവെ ബോക്‌സിങ് റിങ്ങില്‍ ആക്രമണകാരിയാണ്. 

Jitu Rai
ജീത്തു റായ്‌

 

ഈ അക്രമണോത്സുകത എതിരാളിയെ മുറിവേല്‍പ്പിക്കാനും സ്വയം മുറിവേല്‍ക്കാനും ഇടവരുത്തുന്നു.റിയോയില്‍ ഇന്ത്യയുടെ തിളക്കമുറ്റ പ്രതീക്ഷകളില്‍ ഒന്നാണ് ശിവ് ഥാപ്പയെന്ന് പരിശീലകനായ കുട്ടപ്പ ഉറപ്പിച്ച് പറയുന്നു.

നേപ്പാളിലെ ശങ്കുവ സാബാ ജില്ലയിലെ സിതാല്‍പട്ടി ഗ്രാമത്തിലാണ് ജീത്തു റായി ജനിച്ചത്. പിതാവിന്റെ മരണശേഷം 2006ല്‍ 16ാം വയസ്സില്‍ ഇന്ത്യയിലേക്ക് വന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ച റായി ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ റെജിമെന്റില്‍ ചേര്‍ന്നുയ ആര്‍മിയില്‍വെച്ച് ഷൂട്ടിങ് പരിശീലനം ആരംഭിച്ചു. വൈകാതെ സര്‍വീസസ് ടീമിലെത്തി. 

2014 ജീത്തുവിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. മാരിബോറില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണവും 50 മീറ്ററില്‍ വെള്ളിയും നേടി. അങ്ങനെ ഒരു ലോകകപ്പില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ആ വര്‍ഷം ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും 50 മീറ്ററില്‍ സ്വര്‍ണം നേടി. റിയോയില്‍ 10 മീറ്ററിലും 50 മീറ്ററിലും ജീത്തു മത്സരിക്കും.