Sandra Surendranട്ടക്കാരിയാവാനായിരുന്നു കുഞ്ഞു സാന്ദ്രയ്ക്ക് പണ്ടേ ഇഷ്ടം. ഉയരം കുറഞ്ഞവര്‍ക്ക് പറ്റിയതല്ല ഓട്ടമെന്ന് പറഞ്ഞ് മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ നിന്ന് തഴയപ്പെട്ടപ്പോഴാണ് അവള്‍ വേദനയോടെ ഓട്ടം നിര്‍ത്തി നടന്നു തുടങ്ങിയത്. കല്ലടി സ്‌കൂളില്‍ ചേര്‍ന്ന് കായികാധ്യാപകന്‍ മനീഷിന്റെ ശിക്ഷണത്തില്‍ നടക്കാന്‍ പഠിച്ചവള്‍ പിന്നെ പിന്നോട്ടുപോയില്ല. ഉയരക്കുറവിനെ ഉയരമാക്കിമാറ്റിയവള്‍ക്ക് മുന്നില്‍ പിന്നെ വലിയ ഓട്ടക്കാരികള്‍ പോലും പിന്തള്ളപ്പെട്ടുപോയത് ചരിത്രം. നാലു മാസം മാത്രം നീണ്ടുനിന്ന പരിശീലനവുമായി ആദ്യമായി ദേശീയ കായികമേളയ്‌ക്കെത്തിയ സാന്ദ്ര സിന്തറ്റിക് ട്രാക്കില്‍ സ്‌പൈക്‌സ് കൂടാതെ വെറുംകാലില്‍ നടാണ് മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പത്തരമാറ്റ് തിളക്കമുള്ള സ്വര്‍ണവുമായി മടങ്ങുന്നത്. സബ് ജൂനിയര്‍ താരമായ സാന്ദ്ര ജൂനിയര്‍ തലത്തില്‍ തന്നേക്കാള്‍ പ്രായം കൂടുതലുള്ള താരങ്ങളെ നടന്നു തോല്‍പിച്ചാണ് സ്വര്‍ണമണിഞ്ഞിരിക്കുന്നത്. 15 മിനിറ്റില്‍ ഫിനിഷ് ചെയ്ത സാന്ദ്ര എതിരാളികളെ തികച്ചും നിഷ്പ്രഭരാക്കിയാണ് സുവര്‍ണ നേട്ടത്തിലെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ പഞ്ചാബിന്റെ മഞ്ജു റാണി 16 മിനിറ്റ് 25 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

കുമരംപുത്തൂര്‍ കല്ലടി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റിലും സാന്ദ്ര ഒന്നാമതെത്തിയിരുന്നു. സംസ്ഥാന മീറ്റില്‍ 14.08 മിനിറ്റിലാണ് സാന്ദ്ര ഫിനിഷ് ചെയ്തത്.

സാന്ദ്രയുടെ കരിയര്‍ ബെസ്റ്റും സംസ്ഥാന മീറ്റിലെ സമയമാണ്. ഫൗള്‍ പേടിച്ച് വേഗം കുറച്ചതാണ് ദേശീയ മീറ്റില്‍ കൂടുതല്‍ സമയമെടുകാന്‍ കാരണമായതെന്ന് സാന്ദ്ര മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

നെന്മാറയിലെ കള്ളുചെത്ത് തൊഴിലാളി പഴയറ കളത്തില്‍ സുരേന്ദ്രന്റെയും സരസ്വതിയുടെംും മകളാണ് സാന്ദ്ര. ഇരട്ടകളായ രേഖയും രശ്മിയുമാണ് സഹോദരിമാര്‍. ഇരുവരും ചേച്ചിയുടെ പാതയില്‍ അത്‌ലറ്റിക്‌സില്‍ സജീവമാണ്.