കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാല് പുതിയ ദേശീയ റെക്കോഡുകള്‍ കൂടി.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സനും ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ്. അനന്തുവും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അബിത മേരി മാന്വലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയുമാണ് പുതിയ റെക്കോഡിട്ടത്.


2.8 മീറ്റര്‍ ചാടിയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു പുതിയ റെക്കോഡിട്ടത്. 2011ല്‍ പുണെയില്‍ വച്ച് ഹരിയാണയുടെ സിക്കന്ദര്‍ സിങ് സൃഷ്ടിച്ച 2.05 മീറ്റര്‍ എന്ന റെക്കോഡാണ് അനന്തു പഴങ്കഥയാക്കിയത്. 1.91 മീറ്റര്‍ ചാടിയ കേരളത്തിന്റെ തന്നെ റിജു വര്‍ഗീസ് വെങ്കലം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ തന്നെ സിഞ്ചു പ്രകാശ് സൃഷ്ടിച്ച 2.35 മീറ്റര്‍ എന്ന റെക്കോഡ് തിരുത്തിയാണ് മരിയ ജേയ്‌സണ്‍ സ്വര്‍ണം നേടിയത്. കേരളത്തിന്റെ അഞ്ജലി ഫ്രാന്‍സിസിനാണ് വെങ്കലം.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അബിത മേരി മാന്വല്‍ 4:27.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോഡിട്ടത്. കേരളത്തിന്റെ പി.യു. ചിത്ര 2013 ല്‍ കുറിച്ച 4:35.72 സെക്കന്‍ഡിന്റെ റെക്കോഡാണ് അബിത തിരുത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4:34.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനുമോള്‍ തമ്പി പുതിയ റെക്കോഡ് സൃഷ്ടിച്ചത്. കേരളത്തിന്റെ തന്നെ ഷമീന ജബ്ബാര്‍ കുറിച്ച 4:41.9 സെക്കന്‍ഡിന്റെ റെക്കോഡാണ് അനുമോള്‍ തിരുത്തിയത്.