കോഴിക്കോട്: സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ എണ്‍പത് മീറ്റര്‍ ഹര്‍ഡില്‍സിന്റെ മെഡല്‍ദാനമാണ് വേദി. വെങ്കലം കിട്ടിയത് മണിപ്പൂരുകാരന്‍ വാരിഷ് ബോഗിയുമിന്. മണിപ്പൂരുകാരനല്ലെ, അനൗണ്‍സ്‌മെന്റ് ഹിന്ദിയില്‍ തന്നെയാക്കാനായി ട്രോഫി കമ്മിറ്റിക്കാരുടെ ശ്രമം. പക്ഷേ, വേദിയില്‍ മെഡല്‍ വാങ്ങാനെത്തിയ വാരിഷ് പറഞ്ഞു. 'ഹിന്ദിയില്‍ പറയണ്ട, ഞാന്‍ കേരളത്തിനുവേണ്ടിയാണല്ലോ മെഡല്‍ നേടിയത്'. പോറ്റി വളര്‍ത്തിയ നാടിനുള്ള വാരിഷിന്റെ സമ്മാനമായിരുന്നു വിലപ്പെട്ട ഈ വെങ്കലം.

കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന്റെ താരമായ വാരിഷ് 11.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. ഇതേ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന മീറ്റില്‍ 400 മീറ്റിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടിയിരുന്നു വാരിഷ്.

അത്‌ലറ്റിക്‌സിനെപ്പോലെ തന്നെ ഫുട്‌ബോളിനെയും പ്രണയിക്കുന്ന വാരിഷ് മണിപ്പൂരില്‍ നിന്ന് ആദ്യമെത്തിയത് കോഴിക്കോട്ടായിരുന്നു. കൊളത്തറ സ്‌കൂളിലായിരുന്നു പഠനം. പിന്നീടാണ് കോതമംഗലം സെന്റ് ജോര്‍ജിലെത്തിയത്.

മറ്റേത് മണിപ്പൂരുകാരനെയും പോലെ ഫുട്‌ബോളിനോടു തന്നെയായിരുന്നു വാരിഷിനും കുട്ടിക്കാലത്ത് കമ്പം. അച്ഛന്റെ നിര്‍ബന്ധം കൊണ്ടാണ് അത്‌ലറ്റിക്‌സിലേയ്ക്ക് ചുവടുമാറ്റിയത്. ട്രാക്കില്‍ മെഡലുകള്‍ വാരുമ്പോഴും ഫുട്‌ബോളിനോടുള്ള പഴയ ഇഷ്ടം കൈവിട്ടിട്ടില്ല വാരിഷ്. ഇപ്പോഴും അവസരം കിട്ടിയാല്‍ ഗ്രൗണ്ടിലേയ്ക്ക് പന്തുമായി ഇറങ്ങും. നെയ്മറാണ് ഇഷ്ടതാരം. അവധിക്കാലത്ത് മാത്രമാണ് നാട്ടില്‍ പോവാറുള്ളത്. അച്ഛന്‍ അയൂബ്ഖാന്‍ മണിപ്പൂരില്‍ ഡ്രൈവറാണ്. അമ്മ സൗദാബീവിയും ഒരു സഹോദരനും നാല് സഹോദരിമാരുമുണ്ട്.