കോഴിക്കോട്: കായികമേളയുടെ ഇടവേളയില്‍ റോസമ്മ ടീച്ചറും നിര്‍മല ടീച്ചറും ജോസഫ് സാറും കൂടിയിരുന്ന് കഥപറയുകയാണ്. പണ്ടത്തെ മേളകളിലെ ആരവങ്ങളെക്കുറിച്ച്, താണ്ടിയ ദൂരങ്ങളെക്കുറിച്ച്, വലയ്ക്കുമുകളിലൂടെ ആഞ്ഞടിച്ച സ്മാഷുകളെക്കുറിച്ച്... അതിനെല്ലാംമീതെ ഒന്നിച്ച് കളിച്ചുവളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച്.

ഒരു വയറ്റില്‍പ്പിറന്ന മൂന്നുമക്കള്‍ ഒരുപോലെ കായികതാരങ്ങളായി. പിന്നീട് ഒരുപോലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കായികാധ്യാപകരായി. ഒടുവില്‍ കോഴിക്കോട്ടെ ദേശീയമേളയില്‍ മൂവരും ഒഫീഷ്യലുകളുടെ കുപ്പായവുമണിഞ്ഞു.
കോടഞ്ചേരി കുന്നത്ത് മാമന്‍-ത്രേസ്യാമ്മ ദമ്പതിമാരുടെ മൂത്തമകള്‍ കെ.എം. റോസമ്മയാണ് ആദ്യം കായികതാരമായത്. 100, 200 മീറ്റര്‍ ഓട്ടത്തിലും ലോങ്ജമ്പിലും ദേശീയമീറ്റുകളില്‍ കേരളത്തെ പ്രതിനിധാനംചെയ്തു. വോളിബോളിലും പരീക്ഷണം നടത്തി വിജയിച്ചു. കായികമേഖല വിടാന്‍ താത്പര്യമില്ലാത്തതിനാല്‍ കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ പഠിച്ച് കായികാധ്യാപികയായി. 31 വര്‍ഷത്തെ സര്‍വീസുള്ള ടീച്ചര്‍ 22 വര്‍ഷമായി കോഴിക്കോട് ചാലപ്പുറം ബോയ്‌സ് സ്‌കൂളിലെ കായികാധ്യാപികയാണ്.

അനിയന്‍ കെ.എം. ജോസഫും കേരളത്തിന്റെ താരമായിരുന്നു. സ്‌കൂള്‍-സര്‍വകലാശാല മേളകളില്‍ 1500 മീറ്റര്‍ ദൂരം കീഴടക്കി ജോസഫ് പലപ്പോഴും മെഡലണിഞ്ഞു. ഇപ്പോള്‍ താമരശ്ശേരി കോരങ്ങാട് ജി.എച്ച്.എസ്.എസ്സില്‍ കായികാധ്യാപകനാണ്.

ഇവരുടെ അനിയത്തി കെ.എം. നിര്‍മലയും കായികമേഖലയില്‍ കളിപ്പെരുമ നിലനിര്‍ത്തി. 1997 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഇവര്‍ ഇപ്പോള്‍ കാസര്‍കോട്ടെ ജി.വി.എച്ച്.എസ്.എസ്. കാറടുക്കയിലെ കായികാധ്യാപികയാണ്. വോളിബോള്‍ മുന്‍ ദേശീയതാരമായിരുന്നു.

ഒരു വീട്ടിലെ കഥകള്‍ പറയുന്ന ഇവര്‍ ഒരു ദേശീയമേളയുടെ ഒഫീഷ്യലുകളായി എത്തിയത് പ്രതീക്ഷിക്കാതെയായിരുന്നു. മേളയിലെ മത്സരങ്ങളോരോന്നും അവരില്‍ ഓര്‍മയുടെ ഓളങ്ങള്‍ തീര്‍ക്കുന്നു. കോടഞ്ചേരിയുടെ അഭിമാനതാരങ്ങളായി മാറിയകാലം ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നു.