Sreenathകോഴിക്കോട്: കേരളത്തിന്റെ കായികകൗമാരം ഒരിക്കല്‍ക്കൂടി തലയുയര്‍ത്തുന്നു. ദേശീയ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 19-ാം കിരീടം കേരളത്തിന്റെ കൈപ്പിടിയിലായി. നാലാംദിനം എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും കൂടി കേരളത്തിന്റെ ശേഖരത്തിലെത്തി. 220 പോയന്റോടെ ആതിഥേയര്‍ അനിഷേധ്യരായി നില്‍ക്കുമ്പോള്‍, 73 പോയന്റാണ് രണ്ടാമതുള്ള മഹാരാഷ്ട്രയ്ക്ക്.

36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവുമാണ് കഴിഞ്ഞതവണ റാഞ്ചിയില്‍ കേരളം നേടിയത്. ഇക്കുറി അതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുറപ്പ്. 28 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമാണ് നിലവില്‍ കേരളത്തിന്റെ സന്പാദ്യം. അവസാനദിനം ആവേശകരമായ പ്രകടനത്തിലൂടെ 2009-ല്‍ കൊച്ചിയില്‍ നേടിയ 43 സ്വര്‍ണമെന്ന റെക്കോഡ് മറികടക്കാനാകുമെന്നും ടീം പ്രതീക്ഷിക്കുന്നു.

അഞ്ച് ദേശീയ റെക്കോഡാണ് തിങ്കളാഴ്ച പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഡല്‍ഹിയുടെ വന്‍ഷിക സെജ്വാളും കേരളത്തിന്റെ എന്‍.പി. സംഗീതയും(ഭരണങ്ങാനം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍) 1.69 മീറ്റര്‍ ചാടി പുതിയ ദേശീയ റെക്കോഡിന് അവകാശികളായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത ഷെരാവത്ത് (46.35 മീ), സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ മഹാരാഷ്ട്രയുടെ ഭമാനെ തായി (ഒരു മിനിറ്റ് 34.11 സെ.), സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ഡല്‍ഹിയുടെ ദീവേഷ് (6.62 മീ) എന്നിവരാണ് റെക്കോഡ് നേടിയത്.

കേരളത്തിന്റെ സ്വര്‍ണവേട്ടയോടെയാണ് നാലാം ദിവസവും ട്രാക്കുണര്‍ന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ മാതിരപ്പിള്ളി സ്‌കൂളിലെ തോമസ് എബ്രഹാം (22 മിനിറ്റ് 81 സെ.) സ്വര്‍ണക്കൊയ്ത്തിന് തുടക്കമിട്ടു. പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാര്‍ ബേസിലിലെ എം.കെ. ശ്രീനാഥ് (6.75 മീ) ഒന്നാമതെത്തി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.65 മീറ്റര്‍ ചാടി പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ലിസ്ബത്ത് കരോളിന്‍ ജോസഫ് മീറ്റ് ഡബിള്‍ തികച്ചു. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ ഐറിന്‍ മരിയ ബിജു (5.08 മീ.) സ്വര്‍ണത്തിനുടമയായി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കല്ലടി സ്‌കൂളിലെ സി. ബബിത (10 മിനിറ്റ് 07.41 സെ.), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ പി.ഒ. സയന (ഒരു മിനിറ്റ് 02.74 സെ.) എന്നിവരാണ് വ്യക്തിഗത സ്വര്‍ണം കരസ്ഥമാക്കിയ മറ്റു താരങ്ങള്‍.

സ്​പ്രിന്റ് റിലേയില്‍ അഞ്ചിനത്തില്‍ കേരളമിറങ്ങിയെങ്കിലും രണ്ടെണ്ണത്തിലേ സുവര്‍ണമുത്തമിടാനായുള്ളൂ. സീനിയര്‍ ആണ്‍കുട്ടികളില്‍ സനീഷ് പി.എസ്, അഷ്‌കര്‍ ഹാരിസ്, അശ്വിന്‍ സണ്ണി, കെ.എസ്. പ്രണവ് എന്നിവരാണ് സ്വര്‍ണത്തിലേക്ക് ബാറ്റണേന്തിയത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ അപര്‍ണ റോയി, പി.ഡി. അഞ്ജലി, പി.പി. ഫാത്തിമ, ലിനറ്റ് ജോര്‍ജ് എന്നിവരും കേരളത്തിനായി സ്വര്‍ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ അബിഗേല്‍ ആരോഗ്യനാഥന്‍, 3000 മീറ്ററില്‍ കാല്‍വരിമൗണ്ട് സ്‌കൂളിലെ സാന്ദ്ര എസ്. നായര്‍, ഹൈജമ്പില്‍ എന്‍.പി. സംഗീത, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കല്ലടി സ്‌കൂളിലെ സനല്‍ സ്‌കറിയ, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നി, അഞ്ച് കി.മീ. നടത്തത്തില്‍ പറളി സ്‌കൂളിലെ എ. അനീഷ്, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 4x100 മീ. റിലേ ടീം എന്നിവരാണ് വെള്ളി നേടിയത്.

വെങ്കലം നേടിയവര്‍: റിലേയില്‍ സീനിയര്‍ പെണ്‍കുട്ടികള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍, സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ മാതിരപ്പിള്ളി സ്‌കൂളിലെ പി.ആര്‍. ഐശ്വര്യ, ഹൈജമ്പില്‍ പറളി സ്‌കൂളിലെ ടി.സി. ചെഷ്മ, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ തവനൂര്‍ സ്‌കൂളിലെ എ. റാഷിദ്.