കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 90-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ വോളിന്‍ ലുസ്‌ക് നാഗ്ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. വാറ്റ്ഫഡിനെതിരായ മത്സരത്തില്‍ അവസാന മിനിറ്റുവരെ ലീഡ് ചെയ്തുനിന്ന ശേഷം സമനില വഴങ്ങിയ വോളിന്‍ മൂന്ന് സമനിലയുമായാണ് മടങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരാനെയ്ന്‍സിനെതിരെയും 90-ാം മിനിറ്റ് ഗോളില്‍ വോളിന്‍ സമനില വഴങ്ങുകയായിരുന്നു.

സമനിലയില്‍ ലഭിച്ച ഒരു പോയന്റ് ഉള്‍പ്പെടെ നാല് പോയന്റുമായി വാറ്റ്ഫഡ് സെമിയിലേക്ക് മുന്നേറി. ഒരോ ജയവും തോല്‍വിയുമായി മൂന്ന പോയന്റായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് അത്‌ലറ്റിക്കോ പരാനെയ്ന്‍സ് നേരത്തേ സെമി ഉറപ്പിച്ചിരുന്നു.

സെമി പ്രവേശത്തിന് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തുടക്കം മുതല്‍ മികച്ച കളിയാണ് വോളിന്‍ ലുസ്‌ക് കെട്ടഴിച്ചത്. ആക്രമിച്ചു കളിച്ച അവര്‍ക്ക് പത്താം മിനിറ്റില്‍ തന്നെ ഫലം ലഭിച്ചു. ക്യാപ്റ്റന്‍  സെര്‍ജീ ക്രാവ്‌ചെങ്കോയുടെ ഗോളിലൂടെ ടീം മുന്നിലെത്തി. പിന്നീട് ഇരു പകുതികളിലുമായി വോളിനും വാറ്റ്ഫഡും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളായി മാറിയില്ല.

Nagjee
ഫോട്ടോ: പി പ്രമോദ് കുമാര്‍.

 

എന്നാല്‍ 90-ാം മിനിറ്റില്‍ കളിമാറി. സെമി പ്രവേശത്തിന് സമനില മതിയായിരുന്ന വാറ്റ്ഫഡ് വോളിന്റെ ഗോള്‍മുഖത്തേക്ക് നടത്തിയ മുന്നേറ്റം പെനാല്‍റ്റിയില്‍ കലാശിച്ചു. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഹെഡ് ചെയ്യാനായി ചാടിയ താരങ്ങള്‍ കൂട്ടിമുട്ടുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ റഫറി വാറ്റ്‌ഫെഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത വാറ്റ്ഫഡ് താരം അലക്‌സ് യാക്കോബിയാക്കിന് പിഴച്ചില്ല. സ്‌കോര്‍: 1-1.

അധികസമയത്ത് ആറ് മിനിറ്റ് ഉണ്ടായിരുന്നെങ്കിലും നിര്‍ഭാഗ്യം വോളിനെ വിട്ടുമാറിയില്ല. ഒരു ഗോളിനായുള്ള അവരുടെ ശ്രമങ്ങള്‍ പലപ്പോഴും ബോക്‌സിനകത്ത് ഒടുങ്ങി. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ലഭിച്ച സുവര്‍ണാവസരം ഗോള്‍ കീപ്പര്‍ മാത്രം മുന്നിലുള്ളപ്പോള്‍ പുറത്തേക്ക് കളഞ്ഞതോടെ വോളിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.