ഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍  സ്പാനിഷ് ക്ലബ്ബായ സെവിയയെ നേരിടുമ്പോള്‍ പോളണ്ടിലെ വാഴ്‌സ സ്‌റ്റേഡിയത്തില്‍ നിപ്രോയുടെ കളി കാണാനെത്തിയത് 45,000 കാണികളായിരുന്നു. അന്ന്‌ ഫൈനലില്‍ കീഴടങ്ങാനായിരുന്നു ടീമിന്റെ വിധി. ഇതേ നിപ്രോയുടെ യൂത്ത് ടീം കോഴിക്കോട്ടെ നാഗ്ജിയില്‍ ഫൈനല്‍ കളിച്ചത് അരലക്ഷം കാണികള്‍ക്ക് മുന്നിലായിരുന്നു. ഒറ്റ മത്സരവും തോല്‍ക്കാതെ, ഒരു ഗോളും വഴങ്ങാതെ അവര്‍ കപ്പുയര്‍ത്തി. മത്സരശേഷം കാണികളുടെ അരികിലേക്ക് ഓടിയെത്തിയ താരങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹം അവര്‍ക്ക് അതുവരെ ലഭിച്ച പിന്തുണക്കുളള നന്ദി പറയലായിരുന്നു. കേവലം ഫുട്‌ബോള്‍ മത്സരം എന്നതിനുപരിയായി നാഗ്ജി കേരള ഫുട്‌ബോളിന് അന്താരാഷ്ട്ര തലത്തില്‍ നല്‍കിയ സ്വീകാര്യതയാണ് വലിയ വിജയം.

Nagjee

അലിഞ്ഞുപോയ അതിരുകള്‍

നിപ്രൊപെ ട്രോവ്‌സ്‌കിലെ 34,000 കാണികള്‍ക്കിരിക്കാന്‍ കഴിയുന്ന നിപ്രോ അരീനയെന്ന സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിനേക്കാള്‍ വലിയ അനുഭവമായിരുന്നു നിപ്രോക്ക് കോഴിക്കോട്ട് ലഭിച്ചത്. കേവലം ഒമ്പതിനായിരം പേര്‍ക്ക് കളികാണാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ കളിച്ച് പരിചയിച്ച ഐറിഷ് ക്ലബ്ബ് ഷാംറോക്ക് റോവേഴ്‌സിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ടം അത്ഭുമായിരുന്നു. ഫൈനല്‍ കളിച്ച ബ്രസീല്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെയ്ന്‍സ് ആദ്യം മുതലെ ആവേശത്തിലായി. കേരളത്തിലെ ബ്രസീല്‍ ജ്വരത്തെപ്പറ്റി കേട്ടറിവുപോലുമില്ലാതെ എത്തിയവര്‍. ഇവര്‍ക്ക് നാട്ടുകാരില്‍ നിന്നും കാണികളില്‍ നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും പ്രതീക്ഷകളുടെ അപ്പുറത്തായിരുന്നു. അവസാന കളിയും തോറ്റ് പുറത്തേക്ക് പോകുമ്പോള്‍ അര്‍ജന്റീന യൂത്ത് ടീം ഉയര്‍ത്തിയ ബാനറില്‍ അവരുടെ വിഷമമുണ്ടായിരുന്നു. വാറ്റ്ഫഡ് പരിശീലകന്‍ ഹാരി ക്യൂവല്‍ പറഞ്ഞതുപോലെ കേരളം ഞങ്ങളെ വല്ലാതെ മോഹിപ്പിക്കുന്നു. നാഗ്ജി ഫുട്‌ബോള്‍ കേരള ഫുട്‌ബോളും ലോകഫുട്‌ബോളും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി മാറിയെതാണ് വസ്തുത. ഷാംറോക്ക് റോവേഴ്‌സിന്റെ വെബ്‌സൈറ്റിലും ട്വിറ്ററിലും നിറയെ കോഴിക്കോട്ടെ നാഗ്ജി ഫുട്‌ബോളായിരുന്നു. അത്‌ലറ്റിക്കോ പാരനെയ്ന്‍സ്, റുമാനിയന്‍ ക്ലബ്ബായ വോളിന്‍ ലുട്‌സ്‌ക്, വാറ്റ്ഫഡ് തുടങ്ങിയ ക്ലബ്ബുകളെല്ലാം അവരുടെ നാട്ടില്‍ കോഴിക്കോട്ടെ കളിയുടെ വിശേങ്ങള്‍ അവരുടെ ഭാഷയില്‍ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ പാരമ്പര്യമുളള ഫുട്‌ബോള്‍ കളിയുടെ പുനര്‍ജന്മം സ്വാര്‍ത്ഥകമായി.

Nagjee

കളി വിശേഷങ്ങള്‍

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അലസതയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തീവ്രതയും സെവന്‍സ് ഫുട്‌ബോളിന്റെ കത്തിക്കയറലും കാണുന്ന ഫുട്‌ബോള്‍ ജനതയിലേക്കാണ് ആദ്യ സമ്പുര്‍ണ്ണ അന്താരാഷ്ട്ര ഫുട്‌ബോളെന്ന ആശയവുമായി നാഗ്ജി എത്തിയത്. വാറ്റ്ഫഡും അര്‍ജന്റീനയുമൊഴികെയുള്ള അപരിചിതരായ ടീമുകള്‍, കളിക്കാര്‍. മൈതാനത്തെ അറിയാന്‍ തുടക്കത്തില്‍ സ്വീകരിച്ച മെല്ലപ്പോക്ക് ഗെയിംപ്ലാനുകളും ടൂര്‍ണമെന്റിന് ആദ്യദിവസങ്ങളിള്‍ തിരിച്ചടിയായി എന്നത് വസ്തുതയാണ്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ ഫുട്‌ബോള്‍ പ്രേമികളുടെ വികാരമുണര്‍ന്നു. 55,000 കപ്പാസിറ്റിയുളള സ്റ്റേഡിയം പകുതി നിറഞ്ഞു. ഒടുവില്‍ കൊട്ടിക്കലാശത്തില്‍ അതിരിലേക്ക് കാണികള്‍ തിങ്ങിനിറഞ്ഞു.

പന്തുമായി എതിര്‍പോസ്റ്റിലേക്ക് ഓടുന്നതല്ല ഫുട്‌ബോളെന്നും ടെലിവിഷന്‍ ചാനലുകളില്‍ കാണുന്ന ചടുലതയല്ല അന്താരാഷ്ട തലത്തിലെ കളിയെന്നും നാഗ്ജി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അറിയാനുളള അവസരമായി.

നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ, കളിക്കളത്തെ വിഭജിച്ചെടുത്ത കളിക്കാര്‍ ഒരു ചരടില്‍ കോര്‍ത്ത് ആരോ നിയന്ത്രിക്കുന്നതുപോലെ കളിക്കുന്നത് കാണാന്‍ ചന്തമുണ്ടായിരുന്നു. മെസ്സിയും സുവാരസും നെയ്മറും ക്രിസ്റ്റിയാനോയും കളിക്കുന്നതുപോലുളള കളി പ്രതീക്ഷിച്ചവര്‍ നിരാശരായേക്കും. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ ഒട്ടേറെ ഭാവി താരങ്ങള്‍ പന്ത് തട്ടിയത് അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയായിരുന്നു.

selfie

അര്‍ജന്റീന മുതല്‍ നിപ്രോ വരെ

ആരാധകരെ നിരാശപ്പെടുത്തിയത് അര്‍ജന്റീന യൂത്ത് ടീമായിരുന്നു. ഒരു മത്സരവും ജയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതിനേക്കാള്‍ ജയിക്കാന്‍ കഴിയുന്ന മത്സരമുണ്ടാക്കിയെടുക്കാന്‍ അവര്‍ക്കായില്ല എന്നതാണ് ശരി. ജൂലിയോ ഒലാര്‍ട്ടിക്കോഷ്യയെന്ന മാറോഡോണയുടെ സഹകളിക്കാരന്‍ പരിശീലിപ്പിച്ച ടീമില്‍ നിന്ന് കോഴിക്കോട്ടുകാര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബ്രസീല്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെയ്ന്‍സ്, നിപ്രോ, വാറ്റ്ഫഡ്, ഷാംറോക്ക് റോവേഴ്‌സ്, വോളിന്‍ ലുട്ക്‌സ്‌ക്, റാപ്പിഡ് ബുക്കാറെസ്റ്റ് ടീമുകളെല്ലാം ആരാധകരെ സ്വന്തമാക്കിയാണ് മടങ്ങിയത്.

അര്‍ഹതക്കുള്ള അംഗീകാരമാണ് നിപ്രോയുടെ വിജയം. സീനിയര്‍ ടീമില്‍ കളിക്കു ഗോളി വര്‍സബ, പ്രതിരോധത്തിലെ ഓലെക്‌സാണ്ടര്‍ സെറ്റ്വ, മുന്നേറ്റത്തില്‍ ബെലാനിയൂക് എന്നിവരടക്കം അഞ്ച് മുന്‍നിര താരങ്ങളുമായാണ് അവര്‍ വന്നത്. അണ്ടര്‍-21 ടീം പരിശീലകന്‍ മെക്കലാങ്കോക്ക് വ്യക്തമായ ഗെയിംപ്ലാനുണ്ടായിരുന്നു. പ്രതിരോധം പൊട്ടാതെയുളള ആക്രമണമാണ് അവര്‍ നടത്തിയത്. പ്ലമേക്കറായി ഉയര്‍ന്ന യൂറി വക്കുല്‍ക്കോ, ലെഫ്റ്റ് വിങ്ങില്‍ കളിച്ച കൊഷെര്‍ജിന്‍, മുേറ്റത്തില്‍ ബെലാനിയുക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഇഗോര്‍ കൗത്ത്, പ്രതിരോധത്തില്‍ സെറ്റ്വ, ഗോളി വര്‍സബ എിവര്‍  തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

അത്‌ലറ്റിക്കോ പരാനെയ്ന്‍സ് ടീമില്‍ കായിയോ ഫെര്‍ണാണ്ടസിന്റെ കളിയാണ് എടുത്തുപറയേണ്ടത്. ബ്രസീല്‍ ദേശീയ ടീമിലേക്ക് എത്താനുളള ശേഷി കായിയോക്കുണ്ട്. മധ്യനിര അടക്കി ഭരിക്കാനും ഗോളിലേക്ക് വഴിതുറക്കുന്ന പാസുകള്‍ നല്‍കാനും കായിയോക്ക് കഴിയും. ടൂര്‍ണമെന്റിന്റെ കണ്ടെത്തലാണ് മുന്നേറ്റത്തിലേക്ക് പകരക്കാരനായി വന്ന യാഗോ സില്‍വ. ടീം ഏറെ പ്രതീക്ഷ വെക്കുന്ന ജാവോ പെഡ്രോ, ആന്ദ്രെ കോസ്റ്റ, വെസ്സലി ലീമ, ഇടതു വിങ് ബാക്ക് ഗുസ്താവോ കാസ്‌കാര്‍ഡോ എിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഷാംറോക്കിന്റെ സ്‌ട്രൈക്കര്‍ ഡാനി നോര്‍ത്ത്, ഗാരി മാക്‌ബെ, വാറ്റ്ഫഡിന്റെ ജോര്‍ജ് ബയേഴ്‌സ് എന്നിവരെയല്ലാം യൂറോപ്പിലെ വന്‍കിട ക്ലബ്ബുകളില്‍ സമീപഭാവിയില്‍ തന്നെകാണാം.

ടി.എസ്.വി മ്യൂണിക്കിന്റെ മധ്യനിരക്കാരന്‍ നിക്കോളസ് ഹെല്‍ബര്‍ത്ത്, വോളിന്റെ റഡ് വാന്‍ മെമഷേവ്, സെര്‍ജി ക്രാവ്‌ചെങ്കോ എിവരും ആരാധകരെ സമ്പാദിച്ചാണ് മടങ്ങുന്നത്.

nagjee

ബാക്കിപത്രം

സീസണില്‍ ആദ്യ ടൂര്‍ണമെന്റാണ് നാഗ്ജി. ഒരുപക്ഷേ ഇനിയൊരു ലെവന്‍സ് ടൂര്‍ണമെന്റ് കേരളത്തില്‍ സീസണിലുണ്ടാകാനിടയില്ല. കോടികള്‍ മുടക്ക്മുതലില്‍ വന്‍കിട ടൂര്‍ണമെന്റ് നടത്തിയത് വന്‍ലാഭം പ്രതീക്ഷിച്ചല്ല. ഫുട്‌ബോളിനോടുളള സ്‌നേഹവും കടപ്പാടുമുളള ഒരുസംഘത്തിന്റെ ചൂതാട്ടമാണ് നാഗ്ജിയെ പുനര്‍ജനിപ്പിച്ചത്. കണക്കെടുപ്പില്‍ ലാഭമായാലും നഷ്ടമായാലും  കാണികള്‍ക്ക് ലഭിച്ചത് അപുര്‍വമായ അവസരമായിരുന്നു. കളി കാണാതെ, കേരളത്തില്‍ നിന്നുളള ടീമുണ്ടായിരുന്നെങ്കില്‍ മാറ്റ് കൂടിയേനെയൊെക്കെ വിലപിച്ചവര്‍ നിരവധിയുണ്ട്. ലെവന്‍സായാലും സെവന്‍സായാലും കളി കാണുകയെന്നതാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആദ്യദൗത്യം. എിന്നിട്ട് വിമര്‍ശിക്കുകയെതാണ് ഉചിതം. നാട്ടില്‍ നിന്ന് ടീമുളളത് പ്രാദേശിക വികാരമെന്നതിന്റെ ചട്ടക്കൂടില്‍ വരുന്ന കാര്യമാണ്. എന്നാല്‍ അന്താരാഷ്ട്ര ടീമുകളോട് കളിക്കാന്‍ കഴിയുന്നടീമുകളുണ്ടയോ കാര്യത്തിലും തര്‍ക്കമുണ്ടാകാം.

അന്താരാഷ്ട്രതലത്തില്‍ ടീമുകള്‍ കളിക്കാനെത്തിയപ്പോള്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തിയവരുമുണ്ട്. യൂണിവേഴ്‌സല്‍ സോക്കര്‍ അക്കാദമി അവരുടെ കുട്ടികളെ മത്സരം കാണിക്കാന്‍ കൊണ്ടുവരികയും കളിയെ വിശകലനം ചെയ്യിക്കയും ചെയ്യതിലൂടെ നല്‍കിയത് നല്ലൊരു പ്രാക്ടിക്കല്‍ രീതിയായിരുന്നു. വോളിന്റെയും നിപ്രോയുടേയും ഷാംറോക്കിന്റെ കളിയെ നാട്ടിലേക്ക് കൊണ്ടുവപ്പോള്‍ അതിന് ആസ്വദിക്കാന്‍ തയ്യാറായവരില്‍ ഫുട്‌ബോള്‍ പ്രേമിയുടെ മനസ് കാണാം. അല്ലാത്തവര്‍ ടി.വിയില്‍ മാഞ്ചസ്റ്ററിന്റെയും ബാഴ്‌സലോണയുടേയും കളി കണ്ട്, വളരാത്ത ഇന്ത്യന്‍ ഫുട്‌ബോളിനേയും നിലവാരമില്ലാത്ത കേരള ഫുട്‌ബോളിനേയും പറഞ്ഞ് വിശ്രമിക്കട്ടെ.
 
നാഗ്ജി കേരള ഫുട്‌ബോളിന് എന്താണ് നല്‍കിയതെന്ന ചോദ്യം വരാം. കളികളും കളിക്കളങ്ങളുമുളളിടത്താണ് കളി വളരുന്നത്. നാഗ്ജി കൊണ്ട് അഞ്ച് മികച്ച പുല്‍മൈതാനങ്ങള്‍ ലഭിച്ചു. നല്ലൊരു കളി വന്നു. ഫുട്‌ബോള്‍ പ്രേമികള്‍ ഉഷാറായി. അങ്ങനെയൊക്കെയാണ് കളി വീണ്ടും ജീവിതത്തിലേക്ക് വരുന്നത്.