കോഴിക്കോട്ട്: നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന അണ്ടര്‍ 23 ടീമിനെതിരെ ടി എസ് വി 1860 മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മ്യൂണിക്കിന്റെ ജയം. 

ആദ്യപകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ അര്‍ജന്റീന തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി രണ്ടാം പകുതിയില്‍ തിരിച്ചടിച്ചെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. നിര്‍ഭാഗ്യവും മ്യുണിക് ഗോള്‍ കീപ്പര്‍ ഫെറേരോയും അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി.

21-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് മ്യൂണിക് ആദ്യ ഗോള്‍ കണ്ടെത്തിയത്. ഫെലിക്‌സ് വെബര്‍ തൊടുത്ത ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ ഫെറെറോ തട്ടിയകറ്റിയെങ്കിലും ഫെലിക്‌സ് ബാസ്ചിസ്മിഡ് പന്ത് പിടിച്ചെടുത്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

നാല് മിനിറ്റിനു ശേഷം സൈമണ്‍ സെഫറിങ്‌സ് മ്യൂണികിന്റെ ലീഡുയര്‍ത്തി. തുടര്‍ന്നും മ്യൂണിക് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ നിരവധിയുണ്ടായെങ്കിലും ലക്ഷ്യഗ കണ്ടത് മ്യൂണിക് തന്നെയായിരുന്നു. 78-ാം മിനിറ്റില്‍ ക്രിസ്ത്യന്‍ കോപ്പെല്‍ അവരുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.