കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിപ്രോ വാറ്റ്‌ഫോഡിനെ തോല്‍പ്പിച്ച് ഫൈനലിലെത്തി. ഫൈനലില്‍ നിപ്രോ ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെയ്ന്‍സിനെ നേരിടും. 

വാറ്റ്ഫഡിനെതിരെയുള്ള സെമിയില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും നിപ്രോയ്ക്കായിരുന്നു മുന്‍തൂക്കം. രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ നിപ്രൊയുടെ വകുല്‍ക്കൊ ഗോളെന്നുറച്ച ഒരു സുവര്‍ണാവസരം പാഴാക്കി. 

രണ്ടാം പകുതിയില്‍ വാറ്റഫഡും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിപ്രോ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കുന്നതിനിടെ വാറ്റ്ഫഡിന്റെ ഫോളിവിയുടെ ഒരുഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. നിപ്രോക്ക് വീണ്ടും ചില മനോഹരമായ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടു നിന്നു. ഇരു ടീമുകളും മത്സരിച്ച കളിച്ചെങ്കിലും ഗോളരഹിതമായാണ് കളിയുടെ മുഴുവന്‍ സമയം അവസാനിച്ചത്. 

എക്‌സ്ട്രാ ടൈമില്‍ നിപ്രോ ലീഡ് നേടി. വ്‌ളാട്ടിസ്ലാവ് കൊഷെര്‍ജിന്‍ ആണ് നിപ്രോയെ മുന്നിലെത്തിച്ചത്. ഇതിന് പിന്നാലെ നിപ്രോ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ നടത്തി. വാറ്റ്ഫഡും മികച്ച ചില ഷോട്ടുകളുതിര്‍ത്തെങ്കിലും നിപ്രോയുടെ ഗോളിയുടെ മുന്നില്‍ എല്ലാം നിഷ്പ്രഭമായി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി നിപ്രോ ഒരു ഗോളിന് മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ മാക്‌സിം ലുനോവ് സ്‌ക്കോര്‍ ചെയ്തതോടെ നിപ്രോ രണ്ട് ഗോളിന്റെ വ്യക്തമായ മുന്‍തൂക്കം നേടി. വാറ്റ്ഫഡിന്റെ ഷോണ്‍ മറെ സെല്‍ഫ് ഗോള്‍ കൂടി അടിച്ചതോടെ വാറ്റ്ഫഡിന്റെ തോല്‍വി സമ്പൂര്‍ണമായി.