കോഴിക്കോട്: അര്‍ജന്റീന അണ്ടര്‍ 23നെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നിപ്രോ എഫ്.സി. അധിക സമയത്തിലാണ് നിപ്രോ രണ്ട് ഗോളുകളും നേടിയത്. നിപ്രോയ്ക്കു വേണ്ടി യൂറി വകുല്‍ക്കോയും വിറ്റാലി കിര്യെയെവുമാണ് ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ആക്രമിച്ചു കളിച്ചത് അര്‍ജന്റീനയായിരുന്നു.അര്‍ജന്റീനയുടെ റോഡ്രിഗോയും, ബ്രയാന്‍ മഷൂക്കയുംമൊക്കെ ഉതിര്‍ത്ത് ഷോട്ടുകള്‍ നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയി. പെട്രോ സോസയും അര്‍ജന്റീനയ്ക്കായി മുന്നേറ്റങ്ങള്‍ നടത്തി. 

ആദ്യ പകുതിയില്‍ നിപ്രോയുടെ ഭാഗത്ത് നിന്നും ഒറ്റപ്പെട്ട് മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും കളി പതിഞ്ഞതാളത്തിലായിരുന്നു. ആദ്യ പകുതിയില്‍ മൂന്ന് മിനിറ്റ് അധികസമയം നല്‍്കിയെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. 

രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഉഗ്രന്‍ മുന്നേറ്റങ്ങളാണ് കണ്ടത്. അതുപോലെ നിപ്രോയുടെ പ്രത്യാക്രമണങ്ങളുമുണ്ടായിരുന്നു. പല സുവര്‍ണാവസരങ്ങളും ഇരു ടീമുകളും നഷ്ടമാക്കി.  മൈതാനത്ത് രണ്ട് തവണ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളി വരെ ഉണ്ടായി. 

മത്സരം 90 മിനിറ്റ് പൂര്‍ത്തിയാക്കിയപ്പോഴും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നിങ്ങുകാമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ അധികസമയത്തിലെ ആദ്യ മിനിറ്റ്ില്‍ യൂറി വകുല്‍ക്കൊ അര്‍ജന്റീനയന്‍ ആരാധകരെ നിരാശരാക്കി കൊണ്ട് നിപ്രോയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. 

ഒന്നാം ഗോളിന്റെ ആഘോഷം തീരും മുന്‍പ് തന്നെ വിറ്റാലി കിര്യെയെവ് നിപ്രോയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഈ തോല്‍വിയോടെ അര്‍ജന്റീന അണ്ടര്‍ 23ന്റെ പുറത്തേക്കുളള വഴി തുറന്നു