കോഴിക്കോട്: നാഗ്ജി ഫുട്‌ബോളില്‍ യുക്രൈന്‍ ക്ലബ്ബായ വോളിന്‍ ലുസ്‌കും റുമാനിയയുടെ റാപ്പിഡ് ബുക്കാറസ്റ്റ് മത്സരം സമനിലയില്‍. മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചു.

ആദ്യ പകുതിയില്‍ ബുക്കാറസ്റ്റ് ഒരു ഗോളിന് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയില്‍ വോളിന്‍ ലുസ്‌ക് സമനില ഗോള്‍ നേടുകയായിരുന്നു.

പന്ത്രണ്ടാം മിനിറ്റിലാണ് ആദ്യപകുതിയിലെ ഗോള്‍ പിറന്നത്. ബോക്‌സിനകത്ത് കിട്ടിയ പന്ത് ഗോള്‍ കീപ്പറെ വെട്ടിച്ച് വലയ്ക്കകത്താക്കി ടുഡോറന്‍ ജോര്‍ജാണ് റാപ്പിഡിന് ലീഡ് നല്‍കിയത്. (സ്‌കോര്‍: 1-0).

ആദ്യപകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ വോളിന്‍ മുന്നേറ്റം ഫലം കണ്ടു. 58-ാം മിനിറ്റില്‍ സെര്‍ജി ബോക്‌സിനകത്തേക്ക് നല്‍കിയ പന്ത് മെമെഷെവ് റെഡ്വാന്‍ ഉജ്ജ്വല ഹെഡ്ഡറിലൂടെ വലയ്ക്കകത്താക്കി. (സ്‌കോര്‍: 1-1).

പിന്നീട് ഇരുടീമുകളും നടത്തിയ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല.