കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ ഇളക്കി മറിച്ച അത്‌ലെറ്റിക്കോ പരാനെന്‍സ്- എഫ്.സി വോളിന്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമാണ് നേടിയത്. 

22-ാം മിനിറ്റില്‍ വെസ്ലി സില്‍വയിലൂടെ പരാനെന്‍സാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലോഗിനോവ് സെര്‍ജിയിലൂടെ വോളിന്‍ ഒപ്പമെത്തി. മത്സരത്തിലെ ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരുന്നു.

വോളിന്‍ ഗോള്‍മുഖത്ത് പരാനെന്‍സ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു. എന്നാല്‍ വോളിന്‍സും വിട്ടുകൊടുത്തില്ല. വോളിന്‍ താരം അനാറ്റൊളി തുടര്‍ച്ചയായി പരാനെന്‍സ് ഗോള്‍മുഖം വിറപ്പിച്ചു. ഒന്നാം പകുതി ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്ല്യതപാലിച്ചു.

രണ്ടാം പകുതിയിലും ചടുലത നിറഞ്ഞ നീക്കങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും കണ്ടു. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ മേമെഷേവ് റീ യോവാനിലൂടെ വോളിന്‍ ലീഡ് നേടി. രണ്ടാം ഗോള്‍ വോളിന്‍ നേടിയതോടെ പരാനെന്‍സ് സമനില ഗോളിനായുളള പരിശ്രമം തുടങ്ങി. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ യാഗോയിലൂടെ പരാനെന്‍സ് സമനില ഗോള്‍ സ്വന്തമാക്കി. 

ബ്രസീല്‍ കരുത്തിലെത്തിയ പരാനെന്‍സ് സമനില ഗോള്‍ നേടിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു. ബ്രസീല്‍ പതാകെയുമായെത്തിയ കാണികള്‍ ഗ്യാലറിയില്‍ നൃത്തം ചവിട്ടുന്ന കാഴ്ച്ചയാണ് കണ്ടത്. 90 മിനിറ്റിന് ശേഷം കിട്ടിയ മൂന്ന മിനിറ്റ് അധിക സമയത്ത് ഇരു ടീമുകളും വിജയ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിച്ചില്ല.