കോഴിക്കോട്: മ്യൂണിക്കിലെ കൊടുംതണുപ്പില്‍നിന്ന് കോഴിക്കോട്ടെ മത്സരച്ചൂടിലേക്കെത്തിയ ടി.എസ്.വി. 1860 മ്യൂണിക് ടീം അംഗങ്ങള്‍ ആദ്യജയം ആഘോഷിക്കാനെത്തിയത് വള്ളിക്കുന്നിലെ എന്‍.സി. ഗാര്‍ഡനിലെ കടലോരത്ത്. സണ്ബാത്തിനൊപ്പം ക്രിക്കറ്റും റഗ്ബിയും വോളിബോളും കളിച്ചും അവര്‍ മത്സരത്തിന് ശേഷമുള്ള ഒഴിവുദിവസം ആഘോഷിച്ചു.
ആദ്യ മത്സരത്തില്‍ അര്‍ജന്റീന യൂത്ത് ടീമിനെ 3-0ത്തിന് തകര്ത്തശേഷമുള്ള പത്രസമ്മേളനത്തില്‍ പരിശീലകന് ഡാനിയേല്‍ ബെയറോഫ് വിജയത്തെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. ടീംഅംഗങ്ങളെ പ്രശംസകൊണ്ട് മൂടിയ ബെയറോഫ് വിജയത്തിനുള്ള സമ്മാനമെന്ന നിലയ്ക്കാണ് കളിക്കാരെ കടപ്പുറത്തേക്ക് കൊണ്ടുപോയത്. പരിശീലകന് ബെയറോഫ് വെയില് കൊള്ളാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്.
കളിക്കാരെല്ലാം കടലില്‍ കളിച്ചും കുളിച്ചുംസമയം ചെലവിട്ടു. ശാരീരിക്ഷമത കൂട്ടുന്നതിന്റെ ഭാഗമായിരുന്നു ഗെയിംസ് ഇനങ്ങള്‍. റഗ്ബി കളിക്കാന്‍ ലൂക്കാസ് ഐഗ്നറും നിക്കോളാസ് ഹെല്ബ്രീച്ചുമാണ് നേതൃത്വം നല്‍കിയത്. ഗോള്‍ സ്കോറര്‍മാരായ ഫെലിക്സ് ബഡ്മിഷനും ക്രിസ്റ്റ്യന്‍ കോപ്പലുമായിരുന്നു വോളിബോള്‍ കളിയില്‍ ടീം ക്യാപ്റ്റന്മാര്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വള്ളിക്കുന്നിലെത്തിയ ടീം വൈകുന്നേരം നാലിനാണ് മടങ്ങിയത്. കളിക്കാര്‍ വന്നതറിഞ്ഞ് നാട്ടുകാര്‍ ആഘോഷം കാണാനെത്തിയിരുന്നു. മുന്‍ ഫുട്ബോള്‍ താരവും ടീമിന്റെ ലോക്കല്‍ മാനേജുമായ രാജേഷ് മേനോന് സംഘാടകന്റെ റോളില്‍ കൂടെയുണ്ടായിരുന്നു.