കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്‌റേഡിയത്തില്‍ ബുധനാഴ്ച നടന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഷാംറോക് റോവേഴ്‌സിന് വിജയം.ടി.എസ്.വി 1860 മ്യൂണിച്ചിനെ രണ്ടിനെതിരെ മൂന്ന് ഗേളുകള്‍ക്കാണ് ഷാംറോക്  റോവേഴ്‌സ് തകര്‍ത്തത്. അത്യന്തം ആവേശഭരിതമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ആദ്യം ഗോള്‍വല കിലുക്കിയത് മ്യൂണിക്കാണ്. ഷാംറോക്കിനായി 31-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരി മക്കാബയും 44 മിനിറ്റില്‍ ഡാനി നോര്‍ത്തും 51-ാം മിനിറ്റില്‍ ഗാവിന്‍ ബ്രണ്ണനുമാണ് ഗോള്‍ നേടിയത്. മ്യൂണിക്കിന്റെ ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു.  13, 41 മിനിറ്റുകളിലായി ക്യാപ്റ്റന്‍ മൈക്കല്‍ കൊകോസിന്‍സ്‌കി മ്യൂണിക്കിനായി സ്‌കോര്‍ ചെയ്തു.

4-4-2 ഫോര്‍മേഷനിലാണ് ഷാംറോക് കളിച്ചത്. എന്നാല്‍ മ്യൂണിക് കളിച്ചത് 4-3-3 ഫോര്‍മേഷനില്‍. പരസ്പരം ആക്രമിച്ച് കളിക്കുന്ന രീതിയായിരുന്നു ഇരുവരുടേതും. എന്നാല്‍ ആക്രമമത്തില്‍ മുന്നിട്ട് നിന്നത്‌ മ്യൂണിക്കാണ്. അതുകൊണ്ടു തന്നെ ആദ്യം ഗോള്‍ നേടി ഷാംറോകിന് മേല്‍ മാനസികമായ ആധിപത്യം നേടാന്‍ മ്യൂണിക്കിനായി. പത്താം മിനിട്ടിലാണ് കളിയിലെ ആദ്യ ഗോള്‍ പിറന്നത്. മ്യൂണിക്കിന് അനുകൂലമായി ലഭിച്ച പെനാലിറ്റി മിഖായേല്‍ കോകോചിന്‍സ്‌കി സമര്‍ഥമായി ഗോള്‍വലയിലേക്ക് തൊടുക്കുകയായിരുന്നു. പിന്നാലെ ഫെലിക്സ് വെബര്‍ക്ക് മഞ്ഞ കാര്‍ഡ് കാണിച്ചത് മ്യൂണിക്കിനെ പ്രതിരോധത്തിലാക്കി. പിന്നീട് റോവേഴ്സിന്റെ ഗോള്‍ മുഖത്തേക്ക് മ്യൂണിക്കിന്റെ ശക്തമായ ആക്രമണമായിരുന്നു നടന്നത്. റോവേഴ്‌സിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മ്യൂണിക്കിനായി.

nagjee

എന്നാല്‍ തുടര്‍ച്ചയായി ലഭിച്ച രണ്ട് കോര്‍ണറുകള്‍ ഗോളാക്കിമാറ്റാന്‍ മ്യൂണിക്കിനായില്ല. 32-ാം മിനുട്ടില്‍ റോവേഴ്സിന് അനുകൂലമായ പെനാള്‍ട്ടി ഗ്യാരി മക്കാബേ ഗോളാക്കി മാറ്റിയതോടെ മത്സരം തുല്യനിലയിലായി. പിന്നാലെ ആക്രമണം കടുപ്പിച്ച മ്യൂണിക്കിന് വേണ്ടി കോക്കോചിന്‍സകിയ്ക്ക രണ്ടാം ഗോള്‍ നേടി. എന്നാല്‍ മ്യൂണിക്കിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടുപിന്നാലെ റോവേഴ്‌സിന്റെ ഡാനി നോര്‍ത്ത് രണ്ടാം ഗോള്‍ നേടി. ആദ്യപകുതി  അവസാനിച്ചത് 2-2 എന്ന നിലയിലായിരുന്നു.  രണ്ടാം പകുതിയില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുകയാണ് റോവേഴ്‌സ് ചെയ്തത്. അതോടൊപ്പം ആക്രമണത്തില്‍ പഴയ കാര്‍ക്കശ്യം തുടരുകയും ചെയ്തു. അത് ഫലം ചെയ്തു. 51-ാം മിനിട്ടില്‍ ഗാവിന്‍ ബ്രന്നന്‍ റോവേഴ്‌സിനായി മൂന്നാം ഗോള്‍ നേടി. മൈതാനത്തിന്റെ വലതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ ഡാനി നോര്‍ത്തില്‍ നിന്ന് പന്ത് ക്യാപ്റ്റന്‍ ഗ്രേ മക്കാബയിലേക്ക്. മക്കാബയുടെ മികച്ച ക്രോസില്‍ ഗാവിന്‍ ബ്രണ്ണന്റെ ഹെഡര്‍. ഷാംറോക്ക് സ്‌കോര്‍ ബോര്‍ഡ് വിണ്ടും ചലിച്ചു. സ്‌കോര്‍ 3-2.

ഇതോടെ പ്രതിരോധത്തിലേക്ക് ഒതുങ്ങിപ്പോയ മ്യൂണിക്കിന്റെ നീക്കങ്ങള്‍ ഗോള്‍മുഖത്തെത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ കൂടുതല്‍ മുന്നേറുന്നതില്‍ നിന്ന് റോവേഴ്‌സിനെ തടയാനും മ്യൂണിക്കിനായി. തുടര്‍ച്ചയായ അക്രമങ്ങളിലൂടെ ഷാംറോക്ക് മ്യൂണിക് നിരയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഇതിനിടെ 71,76  മിനിറ്റുകളില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ മ്യൂണിക്കിന് മുതലെടുക്കാനായില്ല. രണ്ട് പേര്‍ക്കാണ് കളിക്കളത്തില്‍ മഞ്ഞക്കാര്‍ഡ് നേരിടേണ്ടിവന്നത്. ഷംറോക്കിന്റെ താരം ബ്രാന്‍ഡണ്‍ മിലി, മ്യൂണിക്കിന്റെ ഫലിക്സ് വെബര്‍ എന്നിവരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. അനുകൂലമായി ലഭിച്ച രണ്ട് കോര്‍ണറുകള്‍ മ്യൂണിക്കിന് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം സമനിലയിലാകുമായിരുന്നു.