കോഴിക്കോട്: ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെയ്ന്‍സ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍. ഐറിഷ് ടീമായ ഷാംറോക്ക് റോവേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് പരാനെയ്ന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. 62-ാം മിനിറ്റില്‍ യാഗോ സില്‍വയാണ് പരാനെയ്ന്‍സിനായി സ്‌കോര്‍ ചെയ്തത്. 

മികച്ച കളി കെട്ടഴിച്ചെങ്കിലും ഭാഗ്യം തുണയ്ക്കാതിരുന്നതാണ് ഷാംറോക്കിന് തിരിച്ചടിയായത്. ഷാംറോക്ക് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ ഷാംറോക്കിന്റെ മൂന്ന് ഷോട്ടുകളാണ് ബാറില്‍ തട്ടിത്തെറിച്ചത്.

മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പ്രാവീണ്യം കാണിച്ചെങ്കിലും ഷാംറോക്കിന്റെ തുടര്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ അല്‍പം പതറിയപ്പോയ പരാനെയ്ന്‍സ് രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജസ്വലരായി. രണ്ടാംപകുതി ആരംഭിച്ച് 16 മിനിറ്റ് കഴിയുമ്പൊഴേക്കും അവരുടെ മുന്നേറ്റം ഫലം കാണുകയും ചെയ്തു.

വലതുവിങ്ങില്‍ നിന്ന് വിക്ടര്‍ ഫ്രെയികാസ് നല്‍കിയ പന്ത് മുപ്പത്‌വാര അകലെ നിന്ന് പോസ്റ്റിലേക്ക് തൊടുത്ത യാഗോ സില്‍വ പരാനെയ്ന്‍സിനെ മുന്നിലെത്തിച്ചു. ടൂര്‍ണമെന്റിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായിരുന്നു ഇത്.

കളി അന്ത്യത്തോടടുക്കുമ്പോള്‍ ഷാംറോക്ക് തുടര്‍ച്ചയായ ആക്രമണങ്ങളുമായി വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ ഗോള്‍ മടക്കാനുള്ള ഐറിഷ് ക്ലബ്ബിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഡിനിപ്രോ, വാറ്റ്ഫഡ് എഫ്‌സിയെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.