കോഴിക്കോട്: ആരാധകര്‍ക്ക് കനത്ത നിരാശ സമ്മാനിച്ച് അര്‍ജന്റീന അണ്ടര്‍-23 ടീം. നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലുമടിക്കാതെ ടീം പുറത്തായി.

ഇന്ന് ഷാംറോക്ക് റോവേഴ്‌സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം കൂടി ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ പരാജയം സമ്പൂര്‍ണ്ണമായി. ഒരു ജയം പോലുമില്ലാതെയാണ് അര്‍ജന്റീനന്‍ ടീം കേരളത്തില്‍ നിന്ന് മടങ്ങുന്നത്.

ആശ്വാസജയം തേടിയാണ് അര്‍ജന്റീന ഇന്ന് ഷാംറോക്ക് റോവേഴ്‌സിനെതിരെ ഇറങ്ങിയത്. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ റോവേഴ്സ് സ്‌കോര്‍ ചെയ്തു. 67-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കില്യണ്‍ ബ്രണ്ണന്‍ കൃത്യമായി ഗോള്‍വലയിലെത്തിച്ചു.