ലോകം കീഴടക്കിയ ഉരുക്കുമുഷ്ടികളാണ് മുന്നില്‍. മൂക്കിന്‍ തുമ്പത്തെ വിയര്‍പ്പുമുത്തിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഇഞ്ചുകള്‍ മാത്രമകലെ അവ വായുവില്‍ വിറകൊണ്ടു നിന്നപ്പോള്‍, അറിയാതെ സണ്ണി ലിസ്റ്റനെ ഓര്‍ത്തു. ലിസ്റ്റനെ മാത്രമല്ല, മുഹമ്മദലി എന്ന വ്യാഘ്രത്തിനു മുന്നില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബോക്‌സിംഗ് റിംഗില്‍ തണുത്തു വിറങ്ങലിച്ചു നിന്ന എല്ലാവരെയും -ജോ ഫ്രേസ്യര്‍, ജോര്‍ജ് ഫോര്‍മാന്‍, ജോ ബുഗ്‌നര്‍, കെന്‍ നോര്‍ട്ടന്‍... ഈശ്വരാ അവരൊക്കെ അനുഭവിച്ചിരിക്കില്ലേ ഇതുപോലൊരു ഉള്‍ക്കിടിലം ?

Photo-by-Valsakumar-(1).jpg

കളിയെഴുത്തു ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തം. 1989ല്‍ കോഴിക്കോട്ട് ഒരു സ്വകാര്യ ചടങ്ങിനെത്തിയ അലി മാധ്യമങ്ങള്‍ക്ക് പിടി തരാതെ അകന്നുനില്‍ക്കുകയായിരുന്നു. സ്വമേധയാ ഒഴിഞ്ഞു മാറിയതല്ല. സംഘാടകര്‍ വിലക്കിയതാണ് കാരണം. എന്തും തുറന്നടിക്കുന്ന പ്രകൃതക്കാരനായ അലിയെ എന്തിനു വെറുതെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിടണം എന്നോര്‍ത്തിരിക്കും അവര്‍. എന്നിട്ടും തെല്ലും നിനച്ചിരിക്കാതെ ഒരുച്ചയ്ക്ക്  കയ്യെത്തും ദൂരെ വന്നുനിന്നു  ഹെവിവെയ്റ്റ് ബോക്‌സിംഗിലെ ആ  ഇതിഹാസപുരുഷന്‍. പേരിന് ഒരു ഈച്ച പോലുമുണ്ടായിരുന്നില്ല ഭാഗ്യവശാല്‍ ഞങ്ങള്‍ക്കിടയില്‍. ആയുസ്സില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യം. 

അലി താമസിച്ചിരുന്ന സീക്വീന്‍ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് ചെന്നതാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം. ചെന്നു കയറിയയുടന്‍ എന്തോ ഉള്‍പ്രേരണയാലെന്നോണം തലതിരിച്ച് വലത്ത് ഭാഗത്തേക്ക് നോക്കിയപ്പോള്‍, വരാന്തയുടെ അങ്ങേയറ്റത്ത് ആറര അടിയോളം ഉയരവും വിസ്തൃതമായ ചുമലുകളും ഉള്ള ഒരു ആജാനബാഹു. ഉറക്കത്തില്‍ പോലും തിരിച്ചറിയുമായിരുന്നു ആ രൂപം. `ചിത്രശലഭത്തെ പോലെ പാറിനടക്കുകയും തേനീച്ചയെ പോലെ എതിരാളിയെ കുത്തി നോവിപ്പിക്കുകയും'' ചെയ്ത ഇടിക്കൂട്ടിലെ കണ്ണില്‍ ചോരയില്ലാത്ത കവിയെ എങ്ങനെ മറക്കാന്‍. പിന്നെ സംശയിച്ചില്ല, നേരെ ഓടിച്ചെന്നു. ഉള്ളിലെ പത്രലേഖകന്‍ അപ്പോഴേക്കും കുട്ടിയായി മാറിക്കഴിഞ്ഞിരുന്നു. മുന്നില്‍ കാണുന്നത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ പകച്ചു പോയ സ്‌കൂള്‍ കുട്ടി. പത്രങ്ങളിലും സ്‌പോര്‍ട്‌സ് വാരികകളിലും നിന്ന് വെട്ടിയെടുത്തു സൂക്ഷിച്ച ചിത്രങ്ങളിലെ സുന്ദര രൂപത്തില്‍ നിന്ന്, മുന്നില്‍ വിറകൊണ്ടു നില്‍ക്കുന്ന അന്‍പതുകാരനെ വേര്‍തിരിച്ചെടുക്കാന്‍ പാടുപെടുകയായിരുന്നു മനസ്സ്.

Photo-by-Valsakumar-(8).jpg

നിലയ്ക്കാത്ത കിതപ്പിനിടയില്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് അപ്രതീക്ഷിതമായ ആ പഞ്ച് വന്നത്. വിശ്രുതമായ തന്റെ മുഷ്ടികള്‍ രണ്ടും വീറോടെ ജേര്‍ണലിസ്റ്റി''ന്റെ  മുഖത്തിന് നേരെ എറിയുന്നു അലി, റിംഗിലെന്നപോലെ. അഭിനയമാണെന്നറിയാം. എങ്കിലും ഉള്ളൊന്നു പിടഞ്ഞു. സാധാരണ മനുഷ്യന്റെ മുഷ്ടിയുടെ മൂന്നിരട്ടിയോളം വരും ആ മുഷ്ടിയുടെ വലുപ്പം. ഭയത്തോടെ പിന്നിലേക്ക് മാറിയപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിച്ചിരിക്കുന്നു അലി. ഇറുകിയ കണ്ണുകളില്‍ അതുവരെ ഉണ്ടായിരുന്ന ക്രൂരഭാവം പൊടുന്നനെ നിഷ്‌കളങ്കതക്ക് വഴിമാറുന്നു. കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കണം എന്ന് വിനയത്തോടെ ഒരപേക്ഷ. 'കമോണ്‍ ചോദിക്കൂ' എന്ന് പറഞ്ഞില്ല അലി. പക്ഷേ ആ കണ്ണുകളിലെ പുഞ്ചിരി ധൈര്യം പകര്‍ന്നു.

With-Wife-photo-by-Valsakumar.jpg

മൂന്നേ മൂന്നു ചോദ്യങ്ങളേ ചോദിച്ചുള്ളൂ - ``അയാം ദി ഗ്രെയ്റ്റസ്റ്റ് എന്ന് വീരവാദം മുഴക്കുന്നു മൈക്ക് ടൈസന്‍ (അന്നത്തെ ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍) അംഗീകരിക്കുന്നുണ്ടോ?'' ഒരു നിമിഷം അലിയുടെ മുഖത്തെ ചിരി മാഞ്ഞു. ഇഷ്ടപ്പെട്ടില്ലായിരിക്കുമോ ചോദ്യം? പൊടുന്നനെ മനസ്സാന്നിധ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം പറഞ്ഞു: ``അയാള്‍ ഗ്രേറ്റ് ആയിരിക്കാം. ബട്ട് അയാം സ്റ്റില്‍ ദി ഗ്രെയ്റ്റസ്റ്റ്.'' 

ചോദ്യം രണ്ട്: ബോക്‌സിംഗ് മുന്‍പത്തേക്കാള്‍ വയലന്റ് ആണെന്ന് തോന്നുന്നുണ്ടോ? ഇത്തവണ ഉത്തരം പെട്ടെന്നായിരുന്നു. ``ഒരിക്കലുമില്ല. ഇറ്റ്‌സ് ദി മോസ്റ്റ് ബ്യൂട്ടിഫുള്‍ സ്‌പോര്‍ട്ട് ഓണ്‍ എര്‍ത്ത്.'' 

മൂന്നാമത്തെ ചോദ്യം അലിയെ ശരിക്കും ഞെട്ടിച്ചിരിക്കണം. `പാടുമോ?'' ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു: വൈ നോട്ട്? എന്റെ ആല്‍ബം കേട്ടിട്ടില്ലേ? പക്ഷേ ഇപ്പോഴില്ല.'' കഴിഞ്ഞു. ഇന്റര്‍വ്യൂ ഓവര്‍. അപ്പോഴേക്കും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്ന വിദേശികളുടെ ഒരു സംഘം ഓട്ടോഗ്രാഫുകളുമായി അലിയെ വളഞ്ഞു കഴിഞ്ഞിരുന്നു.

Photo-by-Valsakumar-(3).jpg

പാടുമോ എന്നു ചോദിച്ചത് തമാശയായിട്ടാണോ എന്നു സംശയം ഒപ്പമുണ്ടായിരുന്ന രാജേഷിനും ഉണ്ണിക്കും. സത്യത്തില്‍, അല്ലായിരുന്നു. അലി ശബ്ദം പകര്‍ന്ന രണ്ടോ മൂന്നോ ആല്‍ബങ്ങള്‍ അതിനകം വിപണിയില്‍ എത്തുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്തത് ഓര്‍മയില്‍ വെച്ചായിരുന്നു ആ ചോദ്യം. 1964 ല്‍ സണ്ണി ലിസ്റ്റനുമായുള്ള  ചരിത്രപ്രസിദ്ധമായ പോരാട്ടത്തിന് മുന്നോടിയായി കൊളംബിയ പുറത്തിറക്കിയതാണ് ആദ്യത്തെ റെക്കോര്‍ഡ്. ആല്‍ബത്തിന്റെ ശീര്‍ഷകം ``അയാം ദി ഗ്രെയ്റ്റസ്റ്റ്.'' അന്ന് ലോകചാമ്പ്യന്‍ ആകാനിരിക്കുന്നതേയുള്ളൂ  കാഷ്യസ് ക്ലേ (അലിയുടെ യഥാര്‍ഥ പേര്) എന്നോര്‍ക്കണം. സ്വയം എഴുതിയ കവിതകള്‍ സ്വയം ഈണമിട്ടു പാടുകയായിരുന്നു അദ്ദേഹം. തരിമ്പിനു പോലുമില്ല വരികളില്‍ വിനയം. ഒരു പാട്ടിന്റെ തുടക്കം ഇങ്ങനെ: ``ദിസ് ഈസ് ദി ലെജന്‍ഡ് ഓഫ് കാഷ്യസ് ക്ലേ; ദി മോസ്റ്റ് ബ്യൂട്ടിഫുള്‍ ഫൈറ്റര്‍ ഇന്‍ ദി വേള്‍ഡ് ടുഡേ.'' Photo-by-Valsakumar-2.jpg

ലിസ്റ്റന് സാമാന്യം നല്ലൊരു കുത്തും കൊടുത്തിട്ടുണ്ട്  മറ്റൊരു പാട്ടില്‍: `ഹി കാണ്ട് ഫൈറ്റ്. ഐ വാച്ച്ഡ് ഹിം ഷാഡോ ബോക്‌സിംഗ്. ഹിസ് ഷാഡോ വണ്‍ ഇന്‍ ദി ഫസ്റ്റ് റൗണ്ട്!.'' (അയാള്‍ക്ക് പൊരുതാന്‍ വയ്യ. സ്വന്തം നിഴലുമായി പൊരുതിക്കണ്ടിട്ടുണ്ട് അയാള്‍. ജയിച്ചത് നിഴലാണ് -ആദ്യ റൗണ്ടില്‍.'' എന്തൊരു ഭാവന. ഇതേ ആല്‍ബത്തില്‍ ബെന്‍ ഇ കിംഗിന്റെ ``സ്റ്റാന്‍ഡ് ബൈ മി'' എന്ന വിശ്രുത ഗാനം പുനരവതരിപ്പിക്കുന്നുമുണ്ട് അലി.

IMAG0008.jpg

നിര്‍ഭാഗ്യവശാല്‍ പുറത്തിറങ്ങി ഏറെക്കഴിയും മുന്‍പ് അലിയുടെ ആദ്യ സംഗീത സംരംഭം വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. കൊളംബിയ കമ്പനിക്കാര്‍ ആല്‍ബം അപ്പടി പിന്‍വലിക്കുകയായിരുന്നു. അലിയുടെ വിവാദപരമായ രാഷ്ട്രീയ നിലപാടുകളും മതം മാറ്റവും വരുത്തിവെച്ച വ്യാപകമായ പ്രതിഷേധമാണ് കാരണം. ഒരു വ്യാഴവട്ടം കഴിയേണ്ടിവന്നു അലിയുടെ അടുത്ത ആല്‍ബം പുറത്തുവരാന്‍ - 1976 ല്‍. ``അലി ആന്‍ഡ് ഹിസ് ഗാംഗ് വേഴ്‌സസ് ടൂത്ത് ഡിക്കേ'' എന്നു പേരുള്ള ഈ സമാഹാരത്തില്‍ ഉണ്ടായിരുന്നത്  ദന്തസംരക്ഷണം ആശയമാക്കി അലി തന്നെ എഴുതിയ ഗാനങ്ങള്‍. ഫ്രാങ്ക് സിനാത്ര ഉള്‍പ്പെടെ പ്രശസ്തരായ സുഹൃത്തുക്കളുടെ ഒരു നിരയാണ് ഈ ആല്‍ബത്തിന്റെ വീഡിയോയില്‍ അലിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. അങ്ങനെ നമ്മളറിയാത്ത മുഖങ്ങള്‍ അലിക്ക് എത്രയെത്ര!

ഹോട്ടല്‍ വരാന്തയിലെ ആള്‍ക്കൂട്ടവുമായി സല്ലപിച്ചും കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ലാളിച്ചും മുഷ്ടി ചുരുട്ടി നോക്കൌട്ട് പഞ്ചുകള്‍ ഭംഗിയായി അഭിനയിച്ചുകാണിച്ചും ആരാധകര്‍ക്കിടയില്‍ മുഹമ്മദലി ഒരു കൊച്ചു കുട്ടിയായി രൂപം മാറുന്നത് കൗതുകത്തോടെ നോക്കിനില്‍ക്കേ, ഓര്‍മ്മവന്നത് അലിയുടെ പഴയ എതിരാളി ജോ ബുഗ്‌നറുടെ വാക്കുകളാണ്: ``റിംഗിനു പുറത്ത് ഓമനത്തമുള്ള കുഞ്ഞാണ് അലി; ലാളിക്കാന്‍ തോന്നും നമുക്ക്. അകത്തു കയറുമ്പോള്‍  കൊല്ലാനും.'

muhemmed ali