മുഹമ്മദ് അലിയെന്ന ഐതിഹാസിക ബോക്സറെ ലോകത്തിന് സമ്മാനിച്ചതിന് നന്ദി പറയേണ്ടത് ഒരു കള്ളനോടാണ്. ഒരു സൈക്കിള്‍ മോഷ്ടാവിനോട്! 12-കാരന്‍ കാഷ്യസ് ക്ലേയ്ക്ക് പ്രിയപ്പെട്ടതായിരുന്നു തന്റെ ചുവന്ന ഷ്വിന്‍ സൈക്കിള്‍. അച്ഛന്‍ നല്‍കിയ ക്രിസ്മസ് സമ്മാനമായിരുന്നു അത്. അതു ചവിട്ടി എത്രദൂരം പോകാനും അവനു മടിയുണ്ടായിരുന്നില്ല. ഒരു ദിവസം കെന്റുക്കിയിലെ വീട്ടില്‍നിന്നും അടുത്തുള്ള ചന്തയിലേക്ക് കറങ്ങാന്‍ പോയതാണ് കുഞ്ഞ് ക്ലേ. ചന്തയ്ക്ക് മുന്നില്‍ സൈക്കിള്‍ നിര്‍ത്തിയിട്ട് പോപ്കോണ്‍ തിന്നാനായി പോയ ക്ലേ തിരിച്ചുവരുമ്പോള്‍ സൈക്കിള്‍ കാണാനില്ല. അത് മോഷ്ടിക്കപ്പെട്ടിരുന്നു.

കരഞ്ഞുകൊണ്ട് അവിടമെല്ലാം തിരഞ്ഞ അവനോട് അടുത്തുള്ള ജിംനേഷ്യത്തില്‍ ജോ മാര്‍ട്ടിന്‍ എന്നൊരു പോലീസുകാരനുണ്ടെന്ന് ആരോ പറഞ്ഞു. ജോ മാര്‍ട്ടിന്റെ അരികിലെത്തി ക്ലേ കാര്യമെല്ലാം പറഞ്ഞു. കൂട്ടത്തില്‍ ഒരു ഭീഷണിയും. സൈക്കിള്‍ മോഷ്ടിച്ചതാരാണെങ്കിലും അവനെ ഇടിച്ചുപരത്തും. തന്റെ മുന്നില്‍നിന്ന് ഭീഷണി മുഴക്കുന്ന മെലിഞ്ഞ കുട്ടിയെ ജോ മാര്‍ട്ടിന് നന്നായി ബോധിച്ചു. അദ്ദേഹം അവനെ ഉപദേശിച്ചു. 'ഇടിക്കാന്‍ പോകുന്നതിന് മുമ്പ്, എങ്ങനെ ഇടിക്കണമെന്നുകൂടി നീ പഠിക്കൂ.' 
ബോക്സിങ് പരിശീലകന്‍ കൂടിയായിരുന്നു ജോ മാര്‍ട്ടിന്‍. ക്ലേയ്ക്ക് ബോക്സിങ്ങില്‍ കമ്പമുണ്ടാകുന്നത് ഈ വാക്കുകളില്‍നിന്നാണ്. ജിംനേഷ്യത്തില്‍ ചേര്‍ന്ന് അവന്‍ ഇടിയുടെ തന്ത്രങ്ങള്‍ മനപ്പാഠമാക്കി. ആറാഴ്ചയ്ക്കുശേഷം തന്റെ ആദ്യത്തെ മത്സരത്തില്‍ റോണി ഒക്കീഫ് എന്ന എതിരാളിയെ ഇടിച്ചുവീഴ്ത്തി അവന്‍ ഇടിക്കൂട്ടിലെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടു. 

ജോ മാര്‍ട്ടിനുമൊത്ത് അലി പിന്നീട് പിടിച്ചെടുത്ത വിജയങ്ങള്‍ ഏറെയാണ് . കെന്റുക്കിയിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ആറു തവണ നേടി. അമച്വര്‍ അത്ലറ്റിക് യൂണിയന്റെ രണ്ട് ബോക്സിങ് പട്ടങ്ങളും. ഒടുവില്‍ 1960-ലെ റോം ഒളിമ്പിക്സില്‍ സ്വര്‍ണമണിയുമ്പോഴും അലിക്കൊപ്പം മാര്‍ട്ടിനുണ്ടായിരുന്നു. 
അപ്പോഴും അലിയുടെ സൈക്കിള്‍ തിരിച്ചുകിട്ടിയിരുന്നില്ല. ഒരുപക്ഷേ, ആ മോഷ്ടാവിനെ കണ്ടിരുന്നെങ്കില്‍ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച അയാള്‍ക്ക് അലി എതിരാളികളെ ഇടിച്ചിടുന്ന കൈകൊണ്ട് നന്ദിയുടെ ഹസ്തദാനം നടത്തുമായിരുന്നു. 

കെന്റുക്കിയിലെ ലൂയിസ്വിലില്‍ 1942 ജനവരി 17-നാണ് കാഷ്യസ് ക്ലേയുടെ ജനനം. ഒരു സാധാരണ പരസ്യപ്പലകയെഴുത്തുകാരന്‍ കാഷ്യസിന്റെയും വീട്ടമ്മയായ ഒഡേസ ഗ്രാഡിയുടെയും ആറുമക്കളില്‍ ഒരാള്‍. പന്ത്രണ്ടാം വയസ്സില്‍ ബോക്സിങ് റിങ്ങിലെത്തിയ ക്ലേ 18-ാം വയസ്സില്‍ ഒളിമ്പിക് ചാമ്പ്യനായി. ലൈറ്റ് ഹെവി വെയ്റ്റ് വിഭാഗത്തില്‍ പോളണ്ടുകാരന്‍ സ്ബിഗ്‌നിയേവ് പിയേട്രിക്കോവ്സ്‌കിയെ വീഴ്ത്തി ക്ലേ ഒളിമ്പിക് സ്വര്‍ണമണിഞ്ഞു. 

1960 ഒക്ടോബറില്‍ അദ്ദേഹം പ്രൊഫഷണല്‍ ബോക്സിങ്ങിലേക്ക് കടന്നു. ആദ്യ മത്സരത്തില്‍ത്തന്നെ എതിരാളി ടണ്ണി ഹന്‍സേക്കറിനെ ആറ് റൗണ്ട് നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് ക്ലേ റിങ്ങില്‍നിന്നിറങ്ങിയത്. ആദ്യത്തെ 19 മത്സരത്തില്‍ 15-ലും ക്ലേ എതിരാളിയെ നോക്കൗട്ട് ചെയ്തു. ഡഗ്ലസ് ജോണ്‍സ്, ഹെന്റി കൂപ്പര്‍, സണ്ണി ബാങ്ക്സ് എന്നിവരുമായി കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടിവന്നു. കൂപ്പറും ബാങ്ക്സും ക്ലേയെ റിങ്ങില്‍ ഇടിച്ചിടുകയുമുണ്ടായി.

അക്കാലത്ത് ബോക്സിങ് റിങ്ങിലെ ഭീഷണമായ സാന്നിധ്യമായിരുന്നു സണ്ണി ലിസ്റ്റണ്‍. അദ്ദേഹത്തെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍, 1964 ഫിബ്രവരി 25-ന് ലിസ്റ്റണെ ഇടിച്ചുപരത്തി ക്ലേ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി. ജോര്‍ജ് ഫോര്‍മാനെക്കാളും മൈക്ക് ടൈസനെക്കാളും കനത്ത ഇടികള്‍ ഉതിര്‍ത്തിരുന്ന ബോക്സറായിരുന്നു ലിസ്റ്റണ്‍. ഈ മത്സരത്തിന് തൊട്ടുപിന്നാലെ കാഷ്യസ് ക്ലേ മതം മാറി മുഹമ്മദ് അലി എന്ന പേരു സ്വീകരിച്ചു. നേഷന്‍ ഓഫ് ഇസ്ലാമില്‍ അംഗമായി. 1965 മെയ് 25-ന് ലെവിസ് ടൗണില്‍ നടന്ന മത്സരത്തിന്റെ ഒന്നാം റൗണ്ടില്‍ ലിസ്റ്റണെ നോക്കൗട്ട് ചെയ്ത് അലി തന്റെ കിരീടം ഉറപ്പിച്ചു. 

Muhammad Ali

ആ മത്സരമാവട്ടെ ബോക്സിങ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദമായി മാറി. ഒത്തുകളിയാണെന്നും തന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണെന്നറിഞ്ഞ് ലിസ്റ്റണ്‍ തോല്‍വി സമ്മതിച്ചതാണെന്നുമൊക്കെ ആരോപണങ്ങളുയര്‍ന്നു. ഒന്നാം റൗണ്ടിലെ 114-ാം സെക്കന്‍ഡില്‍ അലി ഉതിര്‍ത്ത ഇടി ബോക്സിങ്ങിലെ അവിസ്മരണീയമായ നിമിഷമായി മാറി. 'ഫാന്റം പഞ്ച്' എന്ന പേരിലാണ് പിന്നീടത് അറിയപ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ലിസ്റ്റണിന്റെ തല കുലുങ്ങി വിറയ്ക്കുന്നത്, ശരീരഭാരം മുഴുവന്‍ താങ്ങിയിരുന്ന ഇടതുകാല്‍ ഇടറുന്നത്... ഒക്കെ ബോക്സിങ് പ്രേമികള്‍ അവിശ്വസനീയതയോടെ കണ്ടിരുന്നു. വീഡിയോകളില്‍ ഇതൊക്കെ വ്യക്തമായിരുന്നെങ്കിലും അലിയുടെ മഹത്തായ വിജയത്തെ ചെറുതാക്കിക്കാണിക്കാനുള്ള വിലകുറഞ്ഞ ശ്രമമായി മാത്രമേ ഈ ആരോപണങ്ങളെ ലോകം കണ്ടുള്ളൂ. അലിയെ വിസ്മയത്തോടെ ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഫ്ളോയ്ഡ് പാറ്റേഴ്സണെ 12 റൗണ്ട് മത്സരത്തില്‍ ദയനീയമായി പരാജയപ്പെടുത്തിയത് ഇതിഹാസപ്പോരാട്ടങ്ങളിലൊന്നായി. യൂറോപ്യന്‍ പര്യടനത്തിനിടെ ജോര്‍ജ് യുവാലോ, ഹെന്റി കൂപ്പര്‍, ബ്രയന്‍ ലണ്ടണ്‍, കാള്‍ മൈല്‍ഡെന്‍ബര്‍ഗര്‍ എന്നിവരെ തറപറ്റിച്ചത് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പുയര്‍ത്തി. 

യൂറോപ്യന്‍ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു മൈല്‍ഡെന്‍ബര്‍ഗര്‍. അദ്ദേഹവുമായുള്ള പോരാട്ടം അലിയുടെ കരിയറിലെ ഏറ്റവും കടുത്ത ഏറ്റുമുട്ടലുകളിലൊന്നായി. താനിതുവരെ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച എതിരാളി ഫ്രേസിയറല്ല, മൈല്‍ഡെന്‍ബര്‍ഗറാണെന്ന് 1973-ല്‍ അലി പ്രസ്താവിക്കുകയുണ്ടായി. 

1966 നവംബര്‍ 14-നായിരുന്നു അലിയുടെ മറ്റൊരു വിശ്രുത പോരാട്ടം. എതിരാളി ക്ലീവ്ലന്‍ഡ് വില്യംസ്. ഹെവിവെയ്റ്റ് രംഗത്തെ ഏറ്റവും കനത്ത ഇടികളുടെ ആശാനായിരുന്നു ക്ലീവ്ലന്‍ഡ്. താന്‍ നേരിട്ട ഏറ്റവും കരുത്തുറ്റ ഹാര്‍ഡ്ഹിറ്റര്‍ എന്നാണ് ലിസ്റ്റണ്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 

എന്നാല്‍, അലിക്ക് ക്ലീവ്ലന്‍ഡ് ഒരു എതിരാളിയേ ആയിരുന്നില്ല. രണ്ടാം റൗണ്ടില്‍ രണ്ടുതവണ  ഇടിയേറ്റുവീണ വില്യംസിന് കഷ്ടിച്ച് ഒരു മിനുട്ടുമാത്രമേ മൂന്നാം റൗണ്ടില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. റഫറി ഇടപെട്ട് മത്സരം നിര്‍ത്തിവെച്ചു. രണ്ടാം റൗണ്ടില്‍ രണ്ടു മിനുട്ട് 15 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ മുഖത്ത് കുടുങ്ങിയ 'ലെഫ്റ്റ് സ്ട്രെയിറ്റ് ഹിറ്റി'ല്‍ത്തന്നെ വില്യംസ് തകര്‍ന്നുപോയി. മൂന്നാം റൗണ്ടില്‍ 25 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ അലിയുടെ റൈറ്റ് ജാബ് ഒരിക്കല്‍ക്കൂടി വില്യംസിനെ വീഴ്ത്തി. കഷ്ടിച്ച് എഴുന്നറ്റുനിന്ന വില്യംസിനെ പിന്നീട് ഇടികളുടെ പൂരമാണ് എതിരേറ്റത്. നിരായുധനായിനിന്ന വില്യംസിനെ രക്ഷിക്കുവാന്‍ മത്സരം നിര്‍ത്തുകയല്ലാതെ റഫറിക്ക് മാര്‍ഗമുണ്ടായിരുന്നില്ല.

അലിയുടെ ഏറ്റവും മികച്ച പ്രകടനമായാണ് ബോക്സിങ് പണ്ഡിതര്‍ ഈ മത്സരത്തെ വിലയിരുത്തുന്നത്. റിങ്ങിലൂടെ 'ഗ്ലൈഡ്' ചെയ്തുകൊണ്ടുള്ള അതിമനോഹര നീക്കങ്ങളും ചടുലമായ പദവിന്യാസങ്ങളും ശരീരചലനങ്ങളുടെ മികവും അപ്രതീക്ഷിത ആംഗിളുകളില്‍നിന്ന് ഇടിയുതിര്‍ക്കാനുള്ള കഴിവും ഈ പോരാട്ടം അലിയുടെ മഹത്തായ മത്സരങ്ങളിലൊന്നാക്കി. ബോക്സിങ് റിങ്ങില്‍ ഒരു പോരാളി എങ്ങനെ ചലിക്കണമെന്നതിന്റെ പാഠപുസ്തകമായി പണ്ഡിതര്‍ അലിയുടെ ഈ മത്സരത്തെ കണക്കാക്കുന്നു. കനത്ത ഇടികളുതിര്‍ത്ത് എതിരാളിയെ നിഷ്‌കരുണം കശാപ്പുചെയ്തിരുന്ന വില്യംസിന് അലിയുടെ നേരെ ഒരു ഇടിപോലും കാഴ്ചവെക്കാനായില്ല എന്നത് അലിയെന്ന 'റിങ്ങിലെ ദെവത്തിന്റെ' ഉദാത്തമായ പ്രകടനമായി ഈ മത്സരത്തെ വിലയിരുത്തുന്നതിന് കാരണമായി.

1967 ഫിബ്രവരിയില്‍ അക്കാലത്തെ മറ്റൊരു മികച്ച ബോക്സറുമായി അലി കൊമ്പുകോര്‍ത്തു. ലിസ്റ്റണുശേഷം അലിയുടെ ഏറ്റവും ശക്തനായ എതിരാളിയായിരുന്നു അയാള്‍. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച, അലിയോട് ഏറ്റുമുട്ടിയ മിക്കവാറും എല്ലാ ബോക്സര്‍മാരെയും പരാജയപ്പെടുത്തിയ ഏര്‍ണി ടെറല്‍ ആയിരുന്നു അത്. പ്രശസ്ത ബോക്സിങ് റിപ്പാര്‍ട്ടര്‍ ടെക്സ് മൗലെ ആ മത്സരത്തെക്കുറിച്ച് എഴുതിയതിങ്ങനെ: Wonderful demonstration of boxing skills and barbarous display of cruelty.

Muhammad Ali

(ലേഖനത്തിന്റെ പൂർണരൂപം മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക ജൂണ്‍ ലക്കത്തില്‍)