പൂമ്പാറ്റയെപ്പോലെ ഒഴിഞ്ഞുമാറുകയും തേനീച്ചയെപ്പോലെ കുത്തുകയും-തന്നെക്കുറിച്ച് മുഹമ്മദ് അലി തന്നെ പറയുകയും പിന്നീട് ലോകം ഏറ്റെടുക്കുകയും ചെയ്ത  പ്രയോഗമാണിത്. ഇടിക്കൂട്ടിലെ ഇതിഹാസമായി മാറിയ മുഹമ്മദ് അലി ഈ ലോകത്തോട് വിടപറയുമ്പോള്‍ ശേഷിക്കുന്ന അനേകം വിശേഷങ്ങളിലൊന്നായി ഇത് മാറും.
ഒരു സൈക്കിള്‍ മോഷ്ടാവാണ് മുഹമ്മദ് അലിയെ ബോക്‌സിങ് റിങ്ങിലെത്തിച്ചത്. അച്ഛന്‍ വാങ്ങിത്തന്ന ക്രിസ്മസ് സമ്മാനമായ ഷ്വീന്‍ സൈക്കിള്‍ മോഷ്ടിച്ചയാളെ ഇടിച്ചുപരത്താന്‍ ചെന്ന 12 വയസ്സുകാരനെ ബോക്‌സിങ്ങിലേക്ക് തിരിച്ചുവിട്ടത് ജോ മാര്‍ട്ടിന്‍ എന്ന പോലീസുകാരന്‍. ബോക്‌സിങ് പരിശീലകന്‍ കൂടിയായിരുന്ന ജോ മാര്‍ട്ടിന് കീഴില്‍ അതിവേഗം ഇടിയുടെ തന്ത്രങ്ങള്‍ മനപ്പാഠമാക്കിയ അലി 1960 റോം ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടി വരവറിയിച്ചു.

പിന്നീട് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക്. സോണി ലിസ്റ്റണെയും ജോര്‍ജ് ഫോര്‍മാനെയും പോലുള്ള മഹാരഥന്മാരെ ഇടിച്ച് പരത്തി പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ പുതിയ ആകാശങ്ങള്‍ വെട്ടിപ്പിടിച്ചു. 1964, 1974, 1978 വര്‍ഷങ്ങളില്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി. ശതാബ്ദത്തിന്റെ താരമായി സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡും ബിബിസിയും തിരഞ്ഞെടുത്തതും അലിയെത്തന്നെ.

കെട്ടുകഥകളെന്ന് തോന്നിപ്പിക്കുന്ന കുറേ വിശേഷങ്ങള്‍ എന്നും അലിയെ ചുറ്റിപ്പറ്റി നിന്നിരുന്നു. ഏത് കൊലകൊമ്പനെയും ഇടിച്ച് പരത്തിയിരുന്ന മുഹമ്മദ് അലിക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഭയമായിരുന്നു എന്നതാണ് അതിലൊന്ന്. 1960-ല്‍ റോം ഒളിമ്പിക്‌സിന് പോകുന്നതിനുവേണ്ടിയാണ് അലിക്കാദ്യം വിമാനം കയറേണ്ടിവന്നത്. റോമിലേക്ക് ബോട്ടിന് പോയാലോ എന്നുപോലും ആലോചിക്കുകയുണ്ടായത്രെ. എന്നാല്‍, ജോ മാര്‍ട്ടിന്‍ നല്‍കിയ ധൈര്യവുമായി ഒടുവില്‍ വിമാനത്തില്‍ത്തന്നെ യാത്ര ചെയ്തു. എന്നാല്‍ യാത്രയിലുടനീളം ഒരു പാരച്യൂട്ട് അദ്ദേഹം കൂടെക്കരുതിയിരുന്നു. 

മറ്റൊരു വിചിത്രമായ കഥ അദ്ദേഹത്തിന്റെ ഒളിമ്പിക് മെഡലിനെച്ചൊല്ലിയാണ്. അലി തന്റെ മെഡല്‍ ഒഹയോ നദിയിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് പ്രചാരത്തിലുള്ള വിശ്വാസങ്ങളിലൊന്ന്. എവിടെപ്പോയാലും മെഡല്‍ ധരിച്ചുകൊണ്ടേ അലി പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നാല്‍, ആ നേട്ടം മറ്റുള്ളവര്‍ വിലമതിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ മെഡല്‍ ഒഹയോ നദിയിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് കഥ. 
എന്നാല്‍, തന്റെ ആത്മകഥയില്‍ അലിതന്നെ ഈ കഥ നിരാകരിക്കുന്നുണ്ട്. മെഡല്‍ താന്‍ എവിടെയോ വെച്ച് മറന്നുവെന്നാണ് അലി അവകാശപ്പെടുന്നത്. ഏന്തുതന്നെയായാലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി 1996-ലെ  അറ്റ്‌ലാന്റ ഒളിമ്പിക്‌സിനിടെ അദ്ദേഹത്തിനൊരു പുതിയ മെഡല്‍ സമ്മാനിച്ചു. 

കരുത്തുറ്റ ശരീരത്തിനുള്ളില്‍ ഒരു കലാകാരന്‍ കൂടിയുണ്ടായിരുന്നു. സോണി ലിസ്റ്റനുമായുള്ള 1964-ലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പുതന്നെ സ്വന്തമായൊരു സംഗീത ആല്‍ബം അലി പുറത്തിറക്കിയിരുന്നു. കൊളംബിയ റെക്കോഡ്‌സ് പുറത്തിറക്കിയ ആല്‍ബത്തിന്റെ പേര് 'അയാം ദ ഗ്രേറ്റസ്റ്റ്'എന്നായിരുന്നു. തന്നെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളായിരുന്നു ഇതിലേറെയും. 1976-ല്‍ കുട്ടികളെ ദന്താരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്ന മറ്റൊരാല്‍ബവും അലി പുറത്തിറക്കി. 

ആരാധകര്‍ക്ക് മുന്നില്‍ മാന്ത്രികനായും അലി വേഷമിട്ടിരുന്നു. ഒരു നാണയവും തൂവാലയും കൊണ്ട് കാണിക്കാന്‍ കഴിയുന്ന ഏതാനും വിദ്യകള്‍ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ലോകം മുഴുവന്‍ ആരാധനയോടെ മാത്രം കണ്ട മുഹമ്മദ് അലിയെന്ന ഇതിഹാസം വിടപറയുമ്പോള്‍, ലോകത്തെ മുഴുവന്‍ ത്രസിപ്പിച്ച മഹാനെയാണ് നമുക്ക് നഷ്ടമാകുന്നത്.