ലഹവും കാരുണ്യവും അയാളില്‍ ഒരുപോലെ തളിര്‍ത്തു. പ്രതിഭയും പ്രലോഭനങ്ങളും അയാളെ ഒരുപോലെ വശീകരിച്ചു. വിധിയും വിശ്വാസവും അയാളെ ഒരുപോലെ കാത്തു. 20-ാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാള്‍, നിഷേധി, വിപ്ലവകാരി, പാട്ടുകാരന്‍, കലാപകാരി... ഇതില്‍ ആരായിരുന്നു മുഹമ്മദ് അലി? ഇതെല്ലാമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. പക്ഷേ, ഇതൊന്നുമായിരുന്നില്ല ഞാന്‍ എന്ന് കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി എന്ന് പിന്നീട് തിരുത്തും, സ്വന്തം പേരു തിരുത്തിയപോലെ. സ്വന്തം ജീവിതവും വിശ്വാസവും തിരുത്തിയപോലെ...

സ്വന്തം പേരുപോലെത്തന്നെ, മുഹമ്മദലി ചരിത്രത്തെയും സ്വജീവിതത്തെയും തിരുത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ കൈകള്‍കൊണ്ടും ചിലപ്പോള്‍ വാക്കുകൊണ്ടും ചിലപ്പോള്‍ രോഗഗ്രസ്തമായ വിരലുകള്‍കൊണ്ടും. 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിന് ദീപം തെളിയിക്കാന്‍ അലി വേദിയിലേക്ക് കയറിവരുമ്പോള്‍ എതിരാളികളെ ഇടിച്ചിട്ട അലിയുടെ ഇടംകൈ, ഒന്നിനും പിടികൊടുക്കാതെ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുപതിറ്റാണ്ടോളം തന്നെ രാജാവായി വാഴിച്ച ആ കൈകളില്‍ വിറവാത(പാര്‍ക്കിന്‍സണ്‍സ്)വുമായാണ് പിന്നീടുള്ള മൂന്നുപതിറ്റാണ്ട് അലി ജീവിച്ചത്.

കാഷ്യസ് ക്ലേയുടെ മകനായ കാഷ്യസ് ക്ലേ ജൂനിയറില്‍ പ്രതികരിക്കാനുള്ള ധൈര്യവും ശേഷിയും ചെറുപ്പത്തിലേ ഉണ്ടായിരുന്നു. 19-ാം നൂറ്റാണ്ടില്‍ യു.എസ്സിലെ അടിമവിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച കാഷ്യസ് ക്ലേയുടെ സ്മരണയിലാണ് അലിയുടെ അച്ഛന് ആ പേരു വന്നത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ സങ്കടങ്ങള്‍ അലിയുടെ കാലമായപ്പോഴും തുടരുകയായിരുന്നു. അതുകൊണ്ടാണ് തനിക്ക് പിറന്ന മകനും കാഷ്യസ് ക്ലേ (ജൂനിയര്‍) എന്നു പേരിട്ടത്.

അച്ഛന്‍ സമ്മാനിച്ച പുതിയ സൈക്കിളുമായി സ്വന്തം നാടായ കെന്റക്കിയിയിലെ ലൂസ്വില്ലിലൂടെ കറങ്ങുകയായിരുന്ന കാഷ്യസിന്റെ സൈക്കിള്‍ ആരോ മോഷ്ടിച്ചു. അന്ന് പ്രായം 12. സൈക്കിള്‍ കണ്ടെത്തുന്നതിനേക്കാള്‍ മോഷ്ടാവിനെ കൈകാര്യം ചെയ്യാനാണ് കാഷ്യസ് ആദ്യം തീരുമാനിച്ചത്. മോഷ്ടാവിനെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി ചോദിക്കാന്‍ ചെന്നത് പോലീസുകാരനായിരുന്ന ജോ മാര്‍ട്ടിന്റെ അടുത്താണ്. അദ്ദേഹം ഒരു ജിം നടത്തിയിരുന്നു. ജോ മാര്‍ട്ടിനാണ് അലിയെ ബോക്‌സിങ്ങിലേക്ക് വഴിതിരിച്ചത്. അവിടെ ബോക്‌സിങ് പരിശീലനം തുടങ്ങി ആറ്ാഴ്ചയ്ക്കുശേഷം ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ വിജയിയായി കാഷ്യസ് ക്ലേ ചോരപ്പാടുകള്‍ നിറഞ്ഞ ചരിത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.
'പൂമ്പാറ്റയെപ്പോലെ പറക്കുകയും തേനീച്ചയെപ്പോലെ ദംശിക്കുകയും ചെയ്യുന്ന' ബോക്‌സറുടെ യാത്രയാണ് ആ സൈക്കിള്‍ മോഷ്ടാവ് ഫ്‌ലാഗോഫ് ചെയ്തത്. അവിടെനിന്ന് ഒരു ഒളിമ്പിക് സ്വര്‍ണത്തിലേക്കുള്ള ദൂരം അഞ്ചുവര്‍ഷം മാത്രമായിരുന്നു. 1960 റോം ഒളിമ്പിക്‌സില്‍ ലൈറ്റ് ഹെവിവെയ്റ്റില്‍ സ്വര്‍ണം നേടുമ്പോള്‍ അലിക്ക് പ്രായം 18.

റോം ഒളിമ്പിക്‌സില്‍ ലഭിച്ച സ്വര്‍ണമെഡല്‍ ഏറെക്കാലം അലിയുടെ കഴുത്തില്‍ ഒരു അവയവം പോലെ തൂങ്ങിക്കിടന്നു. നടക്കാന്‍ പോകുമ്പോഴും കളിക്കാന്‍ പോകുമ്പോഴും ഒളിമ്പിക് മെഡല്‍ കഴുത്തിലണിയുന്ന കൗമാരക്കാരന്‍ അപ്പോഴേക്കും യു.എസ്സിലെ പുതിയ യുവത്വത്തിന്റെ ആരാധനാപാത്രമായി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, ജോണ്‍ ലെനന്‍, മാല്‍ക്കം എക്‌സ്, മെര്‍ലിന്‍ മണ്‍റോ തുടങ്ങിയവര്‍ക്കൊപ്പം ഇടിയനായ അലിയും 60-കളിലെ അമേരിക്കന്‍ യുവത്വത്തിന്റെ ആരാധ്യപുരുഷനായി. മുഹമ്മദ് അലിയുടെ പേശീബലം അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മാഭിമാനം ഉണര്‍ത്തി. വ്യവസ്ഥാപിതത്വത്തിനെതിരെ കലാപമുയയര്‍ത്തുന്ന പ്രതിസാംസ്‌കാരികതയുടെ രാഷ്ട്രീയ ബിംബമായി അലി മാറി.

അലിയുടെ ജീവിതം പക്ഷേ, അനന്തവൈചിത്ര്യങ്ങളുടെ സമാഹാരമായിരുന്നു. ജീവനൊപ്പം ശരീരത്തില്‍ പറ്റിക്കിടന്നിരുന്ന ആ മെഡല്‍ ഒഹയോ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് പറഞ്ഞ് അലി ലോകത്തെ മുഴുവന്‍ ഒരൊറ്റ വാക്യംകൊണ്ട് പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു (പിന്നീട് അതും തിരുത്തി). വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഒരു ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മെഡല്‍ വലിച്ചെറിഞ്ഞതെന്ന് അലി പറഞ്ഞു. പിന്നീട്, മെഡല്‍ വലിച്ചെറിഞ്ഞതല്ലെന്നും എവിടെയോ വെച്ചുമറന്നതാണെന്നും തിരുത്തിപ്പറഞ്ഞു.

36 വര്‍ഷങ്ങള്‍ക്കുശേഷം, അറ്റ്‌ലാന്റ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ ഒളിമ്പിക് കമ്മിറ്റി അലിക്ക് മറ്റൊരു മെഡല്‍ നല്‍കി. 1964-ല്‍, തന്റെ 22-ാം വയസ്സില്‍ സണ്ണി ലിസ്റ്റനെ തോല്‍പ്പിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ആ മത്സരത്തിനുശേഷമാണ് കറുത്തവര്‍ഗക്കാരായ മുസ്ലിംകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 'നേഷന്‍ ഓഫ് ഇസ്ലാ' മിലേക്ക് മാറുകയും മുഹമ്മദ് അലി എന്ന പേര് സ്വീകരിക്കുകയും ചെയ്തതായി കാഷ്യസ് ക്ലേ പ്രഖ്യാപിച്ചത്. 1975-ല്‍ വീണ്ടും സുന്നി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു.

തന്റെ കരിയറിന്റെ പരകോടിയില്‍ നില്‍ക്കുമ്പോഴാണ് അമേരിക്കന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച് അലി കായികജീവിതത്തിന് നിരോധനം ഏറ്റുവാങ്ങിയത്. സൈന്യത്തില്‍ ചേരാനുള്ള യു.എസ്. ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിക്കാത്തതായിരുന്നു കാരണം. വിയറ്റ്‌നാമിനെതിരെ അമേരിക്ക നടത്തുന്ന ഏകപക്ഷീയ യുദ്ധത്തോട് തനിക്ക് വിയോജിപ്പുള്ളതിനാല്‍ സൈന്യത്തില്‍ ചേരാനാകില്ലെന്ന് അലി പരസ്യമായി പ്രഖ്യാപിച്ചു. അള്ളാഹുവോ നേഷന്‍ ഓഫ് ഇസ്ലാമിന്റെ സമുന്നതനേതാവ് എലിയാ മുഹമ്മദോ ആവശ്യപ്പെട്ടാല്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞതോടെ അലി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. ബോക്‌സിങ് മത്സരത്തില്‍നിന്ന് അലിയെ വിലക്കി. 1971-ല്‍ വിലക്ക് നീക്കിയപ്പോഴേക്കും കരിയറിലെ ഏറ്റവും മികച്ച നാലുവര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

അങ്കത്തട്ടില്‍ തിരിച്ചെത്തിയശേഷം നടന്ന നിര്‍ണായകമത്സരത്തില്‍ ജോ ഫ്രേസിയറോട് തോറ്റെങ്കിലും പിന്നീട് ഒന്നിലധികം തവണ ഫ്രേസിയറെ പരാജയപ്പെടുത്തി. 1964, 74, 78 വര്‍ഷങ്ങളില്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. പ്രൊഫഷണല്‍ ബോക്‌സിങില്‍ 61 മത്സരങ്ങളില്‍ 56 വിജയങ്ങള്‍കുറിച്ച് അദ്ഭുതംകാട്ടി. ഇതില്‍ തുടര്‍ച്ചയായി 31 വിജയങ്ങളുണ്ടായിരുന്നു. 37 വിജയങ്ങള്‍ നോക്കൗട്ടായിരുന്നു.
നാലുതവണ വിവാഹംകഴിച്ചു. മൂന്നുതവണ ബന്ധം വേര്‍പെടുത്തി. മകള്‍ ലൈലാ അലി അച്ഛന്റെ പാത പിന്തുടര്‍ന്ന് ബോക്‌സിങ് റിങ്ങിലെത്തി. സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായിക താരമായും ബി.ബി.സി. നൂറ്റാണ്ടിന്റെ കായികവ്യക്തിത്വമായും അലിയെ തിരഞ്ഞെടുത്തു

നടന്നുകൊണ്ട് മുന്നോട്ടുള്ള വഴി സൃഷ്ടിച്ചയാളാണ് മുഹമ്മദ് അലി. മുന്നിലെ വിളക്കുമരങ്ങളെ അയാള്‍ എറിഞ്ഞുടച്ചു. ശേഷം ഇരുട്ടിലൂടെനടന്ന് വെളിച്ചം സൃഷ്ടിച്ചുകൊണ്ടിരുന്നു...