കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം രണ്ട് ദേശീയ റെക്കോഡും മൂന്ന് മീറ്റ് റെക്കോഡും അടക്കം അഞ്ച് റെക്കോഡുകള്‍. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലാണ് ദേശീയ മീറ്റ് റെക്കോഡുകള്‍ രണ്ടും പിറന്നത്.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാല സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലെ മരിയ ജെയ്‌സണും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ നിവ്യ ആന്റണിയുമാണ് പുതിയ ദേശീണ്ട മീറ്റ് റെക്കോഡുകള്‍ സൃഷ്ടിച്ചത്. മരിയ സ്വന്തം പേരിലുള്ള റെക്കോഡ് മെച്ചപ്പെടുത്തുകയായിരുന്നു.

3.42 മീറ്ററാണ് മരിയ താണ്ടിയ പുതിയ ഉയരം. കഴിഞ്ഞ വര്‍ഷം മരിയ തന്നെ സൃഷ്ടിച്ച 3.40 മീറ്റര്‍ എന്ന റെക്കോഡാണ് ഇക്കുറി പഴങ്കഥയായത്. 3.20 മീറ്റര്‍ ചാടിയ തിരുവനന്തപുരം സായിയിലെ അഞ്ജലി ഫ്രാന്‍സിസ് വെള്ളിയും 2.90 മീറ്റര്‍ ചാടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ ഷാനി ഷാജി വെങ്കലവും നേടി.

3.30 മീറ്റര്‍ ചാടിയാണ് നിവ്യ ആന്റണി പുതിയ റെക്കോഡിട്ടത്. മരിയ ജെയ്‌സണ്‍ കുറിച്ച 3.20 മീറ്ററിന്റെ റെക്കോഡാണ് നിവ്യ തിരുത്തിയത്. 3.15 മീറ്റര്‍ ചാടിയ കോതമംഗലം മാര്‍ ബേസിലിലെ ദിവ്യ മോഹന്‍ വെള്ളിയും 2.60 മീറ്റര്‍ ചാടിയ സോണ ബെണ്ണി വെങ്കലവും നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് പറളി സ്‌കൂളിലെ വകഞ്ഞ ജ്യോതിഷയും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസിലിലെ ദിവ്യ മോഹനും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ നാട്ടിക സ്‌കൂളിലെ പി. എ. അതുല്ല്യയുമാണ് മീറ്റ് റെക്കോഡ് തിരുത്തിയത്.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.57 മീറ്റര്‍ ചാടിയാണ് ജ്യോതിഷ മീറ്റ് റെക്കാഡോടെ സ്വര്‍ണം നേടിയത്. ബി. രശ്മിയുടെ 25 വര്‍ഷം പഴക്കമുള്ള 1.25 മീറ്റര്‍ എന്ന റെക്കോഡാണ് ജ്യോതിഷ് തിരുത്തിയത്. വെള്ളി നേടിയ തൃശൂര്‍ പന്നിത്തടം കോണ്‍കോഡ് സ്‌കൂളില കെ. എച്ച് സലീഹയ്ക്ക് 1.45 മീറ്റര്‍ മാത്രമാണ് ചാടാനായത്. ഇതേ ഉയരം ചാടിയ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അഹല്യ മോഹനന്‍ വെങ്കലം നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ 30.35 മീറ്റര്‍ എറിഞ്ഞാണ് പി.എ. അതുല്ല്യ മീറ്റ് റെക്കാഡോടെ സ്വര്‍ണം നേടിയത്. കാല്‍വരി മൗണ്ട് സ്‌കൂളിലെ ആതിര മുരളീധരന്‍ കുറിച്ച 28.19 മീറ്ററിന്റെ റെക്കോഡാണ് അതുല്ല്യ തിരുത്തിയത്. പറളി സ്‌കൂളിലെ സി. ആര്‍. രാഹില വെള്ളിയും മാതിരപ്പിള്ളി സ്‌കൂളിലെ ബ്ലെസ്സി ദേവസ്യ വെങ്കലവും നേടി.