paul vaultകോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസം സമാപിച്ചപ്പോള്‍ എറണാകുളം വന്‍ ലീഡോടെ കുതിക്കുകയാണ്. 105 പോയിന്റോടെയാണ് അവര്‍ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 76 പോയിന്റ് മാത്രമാണുള്ളത്. 42 പോയിന്റോടെ ആതിഥേയരായ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ കുതിപ്പാണ് എറണാകുളത്തിന് കരുത്തു പകരുന്നത്. മൊത്തം 50 പോയിന്റാണ് അവര്‍ സംഭാവന ചെയ്തത്. പതിവ് പോലെ പാലക്കാടിന് പ്രതീക്ഷ നല്‍കുന്നത് പറളി സ്‌കൂള്‍ തന്നെ. സ്‌കൂള്‍ വിഭാഗത്തില്‍ 40 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. 23 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ള കുമരംപുത്തൂര്‍ സ്‌കൂളും പാലക്കാടിന് കരുത്ത് പകരുന്നുണ്ട്. കോഴിക്കോട് പുവ്വമ്പായി സ്‌കൂള്‍ 21 പോയിന്റോടെ നാലാം സ്ഥാനത്താണ്.