കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ടാം ദേശീയ റെക്കോഡ്. ഡസീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാല സെന്റ് മേരീസ് സ്‌കൂളിലെ മരിയ ജെയ്‌സനാണ് സ്വന്തം റെക്കോഡ് തിരുത്തിയത്. 3.42 മീറ്ററാണ് മരിയ താണ്ടിയ പുതിയ ഉയരം. കഴിഞ്ഞ വര്‍ഷം മരിയ തന്നെ സൃഷ്ടിച്ച 3.40 മീറ്റര്‍ എന്ന റെക്കോഡാണ് ഇക്കുറി പഴങ്കഥയായത്. 3.20 മീറ്റര്‍ ചാടിയ തിരുവനന്തപുരം സായിയിലെ അഞ്ജലി ഫ്രാന്‍സിസ് വെള്ളിയും 2.90 മീറ്റര്‍ ചാടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ ഷാനി ഷാജി വെങ്കലവും നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയ മാത്യു ഡബിള്‍ തികച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലുമായിരുന്നു മേഘയുടെ ഡബിള്‍ സ്വര്‍ണനേട്ടം. ഡിസ്‌ക്കസ് ത്രോയില്‍ 33.65 മീറ്റര്‍ എറിഞ്ഞാണ മേഘ രണ്ടാം സ്വര്‍ണം നേടിയത്. 29.46 മീറ്റര്‍ എറിഞ്ഞ കോതമംഗലം ബാര്‍ ബേസിലിലെ ശരണ്യ വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ മരിയ തോമസ് 28.02 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.

പാലക്കാട് പറളി സ്‌കൂളിലെ കെ.ടി. നീന കരിയറിലെ ഏഴാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചു. പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലാണ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും സ്വര്‍ണം നേടിയത്. 25:21.74 സെക്കന്‍ഡില്‍ നടന്നെത്തിയാണ് നീന സ്വര്‍ണം നേടിയത്. 26:26.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ എസ്.വൈദേഹി വെള്ളിയും 26:46.53  സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പറളി സ്‌കൂളിലെ ജി.നിഷ വെങ്കലവും നേടി.

ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ എ. അനീഷ് സ്വര്‍ണം നേടി. 22:23.64  സെക്കന്‍ഡില്‍ നടന്നെത്തിയാണ് അനീഷ് സ്വര്‍ണം നേടിയത്. 23:17.58  സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മാതിരപ്പള്ളി സ്‌കൂളിലെ തോമസ് അബ്രഹാം വെള്ളിയും 23:30.30 സെക്കന്‍ഡില്‍ നടന്നെത്തിയ കോഴിക്കോട് മണിയൂര്‍ സ്‌കൂളിലെ അരുണ്‍ദേവ് വെങ്കലവും നേടി.

പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇടുക്കി കാല്‍വരി മൗണ്ട് സ്‌കൂളിലെ സാന്ദ്ര എസ്. നായര്‍ സ്വര്‍ണം നേടി. 17:29.567 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. 18:18.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എറണാകുളം തേവര സേക്രട്ട് ഹാര്‍ട്‌സിലെ പി.ആര്‍. അലീഷ് വെള്ളിയും 18:45.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാട് പറളി സ്‌കൂളിലെ വി.ആര്‍. രേഷ്മ വെങ്കലവും നേടി.

മീറ്റിന്റെ രണ്ടാം ദിനവും 60 പോയിന്റോടെ എറണാകുളം തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 54 പോയിന്റാണുള്ളത്. 27 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്.

സ്‌കൂളുകളുടെ വിഭാഗത്തില്‍ 28 പോയിന്റുമായി എറണാകുളം കോതമംഗലം മാര്‍ ബേസിലാണ് മുന്നില്‍. 27 പോയിന്റുള്ള പറളി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.