sandra surendranകോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒരു ദേശീയ റെക്കോഡ് കൂടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രനാണ് പുതിയ റെക്കോഡിന് ഉടമ. രണ്ടാം സ്ഥാനത്തെത്തിയ ഇടുക്കി കാല്‍വരി മൗണ്ട് സ്‌കൂളിലെ ആശ സോമനും പഴയ റെക്കോഡ് സമയം മറികടന്നു.

14:08.38 സെക്കന്‍ഡില്‍ നടന്നെത്തിയാണ് സാന്ദ്ര പുതിയ റെക്കോഡിട്ടത്. കേരളത്തിന്റെ തന്നെ കെ.എം.മീഷ്മ പത്ത് വര്‍ഷം മുന്‍പ് കുറിച്ച 14:41.4 സെക്കന്‍ഡിന്റെ റെക്കോഡാണ് സാന്ദ്ര പഴങ്കഥയാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ആശ സോമന്‍ 14:34.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പഴയ റെക്കോഡ് സമയം മറികടന്നു. 15:14.69  സെക്കന്‍ഡില്‍നടന്നെത്തിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ ആതിര ശ്രീധരനാണ് വെങ്കലം.

ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ സി.ടി.നിധേഷ് സ്വര്‍ണം നേടി. സമയം: 23:04.95 സെക്കന്‍ഡ്. അതേ സ്‌കൂളിലെ ഡി.കെ. നിഷാന്ത് വെള്ളിയും മലപ്പുറം തിരുവാലി സ്‌കൂളിലെ പി.പ്രകാശ് വെങ്കലവും നേടി.