preeja sreedharanകോഴിക്കോട്: ഓര്‍മകളുടെ ട്രാക്കില്‍ ഒരുവട്ടം കൂടി ഇറങ്ങിയപ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാനായില്ല ഒളിംപ്യന്‍ പ്രീജ ശ്രീധരന്. കണ്‍മുന്നില്‍ വിജയം വെട്ടിപ്പിടിക്കുന്ന പിന്‍ഗാമികളെ കണ്ടപ്പോള്‍ ഇന്ത്യയുടെ ദീര്‍ഘദൂരങ്ങളിലെ റാണിയുടെ കണ്ണിലെ തിളക്കം ഇരട്ടിയായി. സംസ്ഥാനാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കാണാനെത്തിയതായിരുന്നു പ്രീജ.
 
താന്‍ 2005ല്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കുമ്പോഴുളള അതേ പ്രകടനം ഇപ്പോള്‍ തന്നെ കുട്ടികള്‍ കാഴ്ചവെക്കുന്നുണ്ടെന്ന് പ്രീജ പറഞ്ഞു. ഈ പ്രകടനം അവര്‍ തുടരുകയാണെങ്കില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ്. ദീര്‍ഘദൂര ഓട്ടത്തില്‍ കേരളത്തിന് ഇനിയും നല്ല കായികതാരങ്ങളെ കിട്ടും-പ്രീജ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

സിന്തറ്റിക്ക് ട്രാക്കിന്റെ വരവില്‍ വളരെയധികം സന്തോഷമുണ്ട് അത് കുട്ടികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. കേരളത്തില്‍ പല സ്ഥലത്തും സിന്തറ്റിക്ക് ട്രാക്ക് വരുന്നുണ്ട് ഇപ്പോള്‍ പാലക്കാട്ടും സിന്തറ്റിക്ക് നിര്‍മിക്കുന്നു. സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നടത്തിയാല്‍ കുട്ടികള്‍ക്ക് പ്രകടനം ഇതിലും മെച്ചപ്പെടുത്താന്‍ സാധിക്കും-പ്രീജ പറഞ്ഞു.

ഒന്നോ രണ്ടോ മെഡലുകള്‍ കിട്ടികഴിയുമ്പോള്‍ അത്‌ലറ്റുകള്‍ മത്സരിക്കുന്നത് നിര്‍ത്തരുത്. രാജ്യത്തിനു വേണ്ടി നമ്മള്‍ മെഡലുനേടുകയാവണം നമ്മുടെ ലക്ഷ്യം. അത്‌ലറ്റിക്‌സില്‍ മത്സരിക്കുന്നത് കൂടുതലും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് അതു കൊണ്ടുത്തന്നെ ഒരു ജോലികിട്ടുമ്പോള്‍ പലരും കായിക ലോകത്തോട് വിട പറയുകയാണ് പതിവ്. ഇത് പാടില്ല. ദൈവം തരുന്ന കഴിവാണിത്. അത് നാടിനുവേണ്ടി പരമാവധി ഉപയോഗിക്കണം-5000 മീറ്ററിലെയും 10,000 മീറ്ററിലെയും ദേശീയ റെക്കോഡിന്റെ ഉടമ കൂടിയായ-പ്രീജ പറഞ്ഞു.