കോഴിക്കോട്: കായിക കൗമാരത്തിന്റെ മാമാങ്കത്തില്‍ എറണാകുളം തന്നെ കിരീടം ചൂടി. വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 241 പോയിന്റുമായാണ് എറണാകുളം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. പാലക്കാട് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അവസാന ഇനങ്ങളില്‍ മറികടന്നാണ് എറണാകുളം കിരീടം നേടിയത്. ഒരുവേള എറണാകുളത്തിന് ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിന് 221 പോയിന്റുമായി തൃപ്തിപ്പെടേണ്ടിവന്നു. ആതിഥേയരായ കോഴിക്കോട് 120 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

കോതമംഗലം സ്‌കൂളുകളായ മാര്‍ ബേസിലും സെന്റ് ജോര്‍ജുമാണ് എറണാകുളത്തിന് കരുത്തേകിയത്. നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി എറണാകുളത്തെ തന്നെ കോതമംഗലം മാര്‍ ബേസില്‍ 91 പോയിന്റോടെ സ്‌കൂള്‍ വിഭാഗം കിരീടം തിരിച്ചുപിടിച്ചു. ഫോട്ടോഫിനിഷില്‍ പാലക്കാട് പറളി സ്‌കൂളിനെ പിന്തള്ളിയാണ് മാര്‍ ബേസില്‍ കിരീടം നേടിയത്. 86 പോയിന്റാണ് പറളി സ്‌കൂളിന്റെ സമ്പാദ്യം. 67 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂള്‍ മൂന്നാമതായി.