കോഴിക്കോട്: കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജിന് ഇരട്ട സ്വര്‍ണം. ആദ്യദിനം 5000 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ ബിബിന്‍ ഇന്ന് 1500 മീറ്ററിലും സ്വര്‍ണം കണ്ടെത്തി. 5000 മീറ്ററില്‍ 21 വര്‍ഷം പഴക്കമുള്ള ടി.എന്‍ ഷാജിയുടെ റെക്കോഡാണ് ബിബിന്‍ മറികടന്നത്.

ആദ്യമായി സീനിയര്‍ തലത്തില്‍ മത്സരിക്കുന്ന് ബിബിന്‍ അപ്രതീക്ഷിത വെല്ലുവിളി മറികടന്നാണ് സുവര്‍ണനേട്ടത്തിലെത്തിയത്. അവസാന ലാപ്പുകളിലെ ഓട്ടത്തിനിടെ സ്‌പൈക്കിന് കേടുപാടുണ്ടായെന്നും സ്‌പൈക്ക് ഊരിപ്പോകുമോ എന്ന ആശങ്കയോടെയാണ് പിന്നീട് മത്സരം പൂര്‍ത്തിയാക്കിയതെന്നും മാര്‍ ബേസില്‍ താരം പറയുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 800 മീറ്ററിലും മത്സരിക്കുന്ന ബിബിന്‍ മീറ്റില്‍ ഹാട്രിക് ട്രിപ്പിളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ജൂനിയര്‍ തലത്തില്‍ മത്സരിച്ച ബിബിന്‍ 800, 1500, 3000 മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. ദേശീയ തലത്തില്‍ 3000 മീറ്ററില്‍ സ്വര്‍ണവും 1500 മീറ്ററില്‍ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ബീബിന്റ നേട്ടം.

മാര്‍ബേസിലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബിബിന്‍. തൊടുപുഴ സ്വദേശിയായ ജോര്‍ജാണ് അച്ഛന്‍. അമ്മ റെജീന.