കോഴിക്കോട്: ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയ മാര്‍ബേസിലിന്റെ അനീഷ് മധുവിന് റെക്കോഡ് നഷ്ടത്തിന്റെ നിരാശ. ജില്ലാതലത്തില്‍ സംസ്ഥാന റെക്കോഡ് തിരുത്തുന്ന പ്രകടനം കാഴ്ചവെച്ചങ്കിലും സംസ്ഥാന തലത്തില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.

ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.70 ഉയരത്തിലാണ് അനീഷ് മധു സ്വര്‍ണം കണ്ടെത്തിയത്. വിഷ്ണു ഉണ്ണി സ്ഥാപിച്ച 3.90 മീറ്ററാണ് ഈ ഇനത്തിലെ സംസ്ഥാന റെക്കോഡ്. 3.91 മീറ്ററിന് അനീഷ് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇടുക്കി ജില്ലാ സ്‌കൂള്‍ മീറ്റില്‍ അനീഷ് 3.91 മീറ്റര്‍ ചാടിയിരുന്നു.

രാവിലെ മുതല്‍ കാത്തിരുന്നതു മൂലമുള്ള ക്ഷീണമാണ് തനിക്ക് തിരിച്ചടിയായെന്ന് അനീഷ് മധു പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ഗ്രൗണ്ടായതിനാല്‍ സംസ്ഥാന തലത്തില്‍ റെക്കോഡ് പ്രകടനം ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് അനീഷിന്റെ കോച്ച് ചാള്‍സ് പറഞ്ഞു. ഇനി വരുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ അനീഷിന്റെ റെക്കോഡ് പ്രകടനം ഉണ്ടാകുമെന്നും ചാള്‍സ് പറഞ്ഞു.

ഹൈജമ്പ് താരമായിരുന്ന അനീഷിനെ പോള്‍വാള്‍ട്ടിലേക്ക് എത്തിച്ചത് ചാള്‍സായിരുന്നു. മൂന്ന് വര്‍ഷമായി താരം പോള്‍വാള്‍ട്ടില്‍ പരിശീലനം നടത്തുന്നു.

സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ തലത്തില്‍ അനീഷ് മത്സരിക്കുന്നത് ആദ്യ മായാണ്. അനീഷിന്റെ പോള്‍വാള്‍ട്ടിലെ താല്‍പര്യം മൂലം കഴിഞ്ഞ വര്‍ഷം മാര്‍ ബേസിലിന് മത്സരാര്‍ത്ഥി ഇല്ലാതിരുന്ന സീനിയര്‍ തലത്തില്‍ അനീഷ് മത്സരിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം മത്സരിച്ച അനീഷ് അഞ്ചാമതെത്തുകയും ചെയ്തു.

മാര്‍ബേസിലില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അനീഷ്. പുന്നപ്പുരയ്ക്കല്‍ മധുവിന്റെയും സ്വപ്‌നയുടെയും മകനാണ്.

3.50 മീറ്റര്‍ ചാടിയ കെ.എച്ച്.എസ്. കുമരംപുത്തൂരിന്റ എം വിനീതിനാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ വെള്ളി. പൂല്ലൂരാംപാറ സെന്റ് ജോസഫ്‌സിന്റെ നിഖില്‍ പി സോമന്‍ വെങ്കലം നേടി.