സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ കുതിക്കുന്നത് പെണ്‍കുട്ടികള്‍. രണ്ടുദിവസങ്ങളിലായി 40 ഇനങ്ങളില്‍ മെഡലുകള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ അതില്‍ നാലുപ്രകടനങ്ങള്‍ ദേശീയ റെക്കോഡിനെ മറികടന്നു. നാലും പെണ്‍കുട്ടികളാണ് കുറിച്ചത്. 

ആദ്യദിനം ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിലെ അനുമോള്‍ തമ്പിയില്‍നിന്നാണ് ദേശീയ റെക്കോഡിനെ കവച്ചുെവച്ച ആദ്യ പ്രകടനമുണ്ടായത്. 2006ല്‍ പുണെയില്‍ കേരളത്തിന്റെതന്നെ ഷമീന ജബ്ബാര്‍ സ്ഥാപിച്ച ഒമ്പത് മിനിറ്റ് 55.62 സെക്കന്‍ഡ് ആണ് 3000 മീറ്ററിലെ ദേശീയ റെക്കോഡ്. ഒമ്പത് മിനിറ്റ് 41.57 സെക്കന്‍ഡിലാണ് അനുമോള്‍ ഇവിടെ ഫിനിഷ് ചെയ്തത്. ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനമാണെങ്കിലും സംസ്ഥാന മീറ്റായതിനാല്‍ ഇതിനെ ദേശീയ റെക്കോഡായി പരിഗണിക്കില്ല.

സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്‌കൂളില്‍ പരിശീലിക്കുന്ന ജിസ്‌ന മാത്യു 53.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അടുത്ത വിസ്മയപ്രകടനത്തിനുടമയായി. അന്താരാഷ്ട്ര താരം മന്‍ദീപ് കൗര്‍ 2005ല്‍ സ്ഥാപിച്ച 55.18 സെക്കന്‍ഡ് ആണ് ഈയിനത്തിലെ ദേശീയ റെക്കോഡ്. 
രണ്ടാംദിവസമായ ഞായറാഴ്ച രണ്ട് ദേശീയ റെക്കോഡ് പ്രകടനങ്ങളുണ്ടായത് ഫീല്‍ഡിലാണ്. ദേശീയതാരം മരിയ ജെയ്‌സണ്‍, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.42 മീറ്റര്‍ ഉയരത്തിലേക്ക് കുതിച്ചുയര്‍ന്ന് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പ്രകടനത്തെ കവച്ചുവെച്ചു. 3.40 മീറ്ററാണ് ഈയിനത്തിലെ ദേശീയ റെക്കോഡ്. തൊട്ടുപിന്നാലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ നിവ്യ ആന്റണി, മരിയയുടെ ദേശീയ റെക്കോഡിനെ കവച്ചുവെച്ചു. 3.30 മീറ്ററാണ് നിവ്യ ആന്റണി ചാടിയത്. മരിയയുടെ പേരിലുള്ള ജൂനിയര്‍ റെക്കോഡ് 3.20 മീറ്ററാണ്.

മൂന്നാംദിനമായ ചൊവ്വാഴ്ചയും ദേശീയ റെക്കോഡിനൊപ്പമെത്തുന്ന പ്രകടനമുണ്ടായത് പെണ്‍കുട്ടികളില്‍ നിന്നുതന്നെ. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ 14 മിനിറ്റ് 08.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാട് കല്ലടി സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രന്‍, കേരളത്തിന്റെതന്നെ കെ.എം. മീഷ്മ 10 വര്‍ഷംമുമ്പ് സ്ഥാപിച്ച (14 മിനിറ്റ് 41.4 സെക്കന്‍ഡ്) പ്രകടനത്തെ കവച്ചുവെച്ചു.