കോഴിക്കോട്: അജിത്തിന്റെ പ്രതിഭയ്ക്കു മുന്നില്‍ പ്രായവും വഴിമാറും. സമയപ്രായക്കാരെയല്ല, ചേട്ടന്മാരെ തോല്‍പിച്ചാണ് പറളി സ്‌കൂളിന്റെ പറക്കും താരം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ട്രിപ്പില്‍ നേടിയത്.

ആണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയിലെ സ്വര്‍ണമണിഞ്ഞാണ് പി.എന്‍. അജിത്ത് ട്രിപ്പിള്‍ സ്വര്‍ണം തികച്ചത്. ക്രോസ് കണ്‍ട്രിക്ക് പുറമേ 3000 മീറ്ററിലും 1500 മീറ്ററിലും ഈ പത്താംക്ലാസ്സുകാരന്‍ സ്വര്‍ണം നേടിയിരുന്നു.

14 മിനിറ്റ് 16:10 സെക്കന്‍ഡു കൊണ്ടാണ് അജിത് 5 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രിയില്‍ ഫിനിഷ് ചെയ്തത്. ജൂനിയര്‍-സീനിയര്‍ വ്യത്യാസമില്ലാത്ത മത്സരത്തില്‍ സീനിയര്‍ താരങ്ങളോട് പൊരുതിയാണ് പറളിയുടെ താരം സുവര്‍ണ നേട്ടം കൊയ്തത്.

കഴിഞ്ഞ വര്‍ഷവും ക്രോസ് കണ്‍ട്രിയില്‍ അജിത് തന്നെയായിരുന്നു ചാമ്പ്യന്‍. 3000 മീറ്ററില്‍ വെള്ളിയും കഴിഞ്ഞ തവണ അജിത് സ്വന്തമാക്കിയിരുന്നു.

ഇത്തവണ മത്സരം കടുത്തതായിരുന്നെന്നും എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെന്നും അജിത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.