കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ മേളയില്‍ കെ ടി നീനയുടെ സ്വര്‍ണം ഒരു വിശ്വാസമാണ്, എല്ലാ തവണയും ആവര്‍ത്തിക്കുമെന്നുറപ്പുള്ള വിശ്വാസം. തുടര്‍ച്ചയായ ഏഴാം സ്വര്‍ണത്തിലൂടെ തന്റെ അവസാന സ്‌കൂള്‍ കായികമേളയിലും നീന ആ വിശ്വാസം കാത്തു. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നീനയ്ക്ക് അനായാസ വിജയം.

സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ തലത്തില്‍ ആദ്യമായി മത്സരിച്ചു തുടങ്ങിയതു മുതല്‍ ഇതുവരെ നീന സ്വര്‍ണം കൈവിട്ടിട്ടില്ല. സബ് ജൂനിയര്‍ തലത്തില്‍ നടത്തം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഏഴാം ക്ലാസ്സില്‍ വച്ചു തന്നെ ജൂനിയര്‍ തലത്തില്‍ മത്സരിച്ച് സ്വര്‍ണം സ്വന്തമാക്കി സ്‌കൂള്‍ തലത്തില്‍ തുടക്കം കുറിച്ച നീനയ്ക്ക് പിന്നീട് ഇന്നേവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഏഴാം വട്ടവും സ്വര്‍ണം നേടിയെങ്കിലും റെക്കോഡ് സ്വന്തമാക്കാനാകാത്തതിന്റെ നിരാശയിലാണ് നീന. റെക്കോഡ് പ്രകടനം പുറത്തെടുക്കണമെന്ന് കരുതിയാണ് കോഴിക്കോട്ട് എത്തിയതെന്നും മികച്ച പ്രകടനം നടത്തിയെങ്കിലും റെക്കോഡിലേക്ക് എത്താനാകാത്തതില്‍ നിരാശയുണ്ടെന്നും നീന പറഞ്ഞു. ജൂനിയര്‍ തലത്തിലെ നടത്തത്തില്‍ (3000 മീറ്റര്‍) സംസ്ഥാന റെക്കോഡ് നീനയുടെ പേരിലാണ്.

കേരളത്തില്‍ നടക്കാനിരിക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ റെക്കോഡ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് നീനയിപ്പോള്‍. സ്‌കൂള്‍ തലത്തില്‍ നീനയുടെ അവസാന മത്സരമായിരിക്കും ഇത്. ദേശീയ സ്‌കൂള്‍ മേളയിലും കഴിഞ്ഞ അഞ്ചു തവണയായി സ്വര്‍ണം നീനയ്ക്കു തന്നെയാണ്. 

ഭാവിയെ കുറിച്ചും നീനയ്ക്ക് പ്രതീക്ഷകളേറെ. ഉയര്‍ന്ന തലത്തില്‍ 20 കിലോമീറ്റര്‍ മത്സരത്തിനായി പരിശീലനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് പറളിയുടെ ഈ താരം. തുടര്‍ന്നും തന്റെ ഇപ്പോഴത്തെ കോച്ച് മനോജിന് കീഴില്‍ പരിശീലനം തുടരാനുള്ള ആഗ്രഹവും നീന പങ്കുവെച്ചു.

അതേസമയം, സ്‌കൂള്‍തലം അവസാനിക്കുമ്പോള്‍ നീനയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പരിശീലനം നടത്താനുള്ള സാഹചര്യമുണ്ടാകണമെന്നാണ് നീനയെ ഇതുവരെ പരിശീലിപ്പിച്ച പറളി സ്‌കൂള്‍ കോച്ച് മനോജിന്റെ ആഗ്രഹം. നാളെ ഒരു ഒളിമ്പിക് മെഡല്‍ തന്നെ ഈ താരത്തിന് കേരളത്തിലെത്തിക്കാന്‍ കഴിയുമെന്നും കോച്ച് മനോജ് പറയുന്നു.