ര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തകര്‍ക്കപ്പെടാത്തതിന്റെ റെക്കോഡുമായി ചില റെക്കോഡുകള്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ റെക്കോഡുപുസ്തകത്തില്‍ കുറേക്കാലമായി മാറാതെകിടക്കുന്ന ചില പേരുകളുണ്ട്. മണ്‍ട്രാക്കുകള്‍ സിന്തറ്റിക് ട്രാക്കിന് വഴിമാറി, പരിശീലനത്തിന്റെ സാങ്കേതികതകളില്‍ മാറ്റംവന്നു. എങ്കിലും ഈ റെക്കോഡുകള്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു.

1983ല്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ റിലേയില്‍ കണ്ണൂര്‍ സ്ഥാപിച്ച 51.78 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡാണ് ഏറ്റവും പഴക്കമേറിയത്. 32 വര്‍ഷമായി തകരാതെനില്‍ക്കുന്ന ഈ റെക്കോഡ് വരുംദിവസങ്ങളില്‍ മറികടക്കാനായാല്‍ അത് ചരിത്രമാകും.
 
31 വര്‍ഷമായുള്ള മറ്റൊരു റെക്കോഡുകൂടിയുണ്ട്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്സിലെ ഷിനി വര്‍ഗീസ് എറിഞ്ഞിട്ട 41.42 മീറ്ററാണ് ഇപ്പോഴും തിളക്കത്തോടെ നില്‍ക്കുന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ റെക്കോഡിന് 29 വര്‍ഷത്തെ പഴക്കമുണ്ട്. 1986ല്‍ ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ സജി പി.എസ്. കുറിച്ച 22.40 സെക്കന്‍ഡ് ഇപ്പോഴും മായാതെനില്‍ക്കുന്നു. 1987ല്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്സിലെ സിന്ധു മാത്യുവിന്റെ പേരിലുള്ള 100 മീറ്റര്‍, 200 മീറ്റര്‍ സബ്ജൂനിയര്‍ ഗേള്‍സ് റെക്കോഡുകളും പിന്‍ഗാമികളെ കാത്തിരിക്കുകയാണ്. 
1988ല്‍ കുറിച്ച ചില റെക്കോഡുകളുമുണ്ട് ഇക്കൂട്ടത്തില്‍. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.90 സെക്കന്‍ഡില്‍ ഓടിയെത്തിയ ജി.വി. രാജ സ്‌കൂളിലെ രാംകുമാറും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.10 സെക്കന്‍ഡില്‍ ഓടിയ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്സിലെ ഷെര്‍ളി മാത്യുവുമാണ് ഈ റെക്കോഡിന് ഉടമകള്‍. 4ഃ100 മീറ്റര്‍ റിലേയില്‍ കണ്ണൂര്‍ ടീമും ആ വര്‍ഷത്തെ റെക്കോഡുകള്‍ക്കൊപ്പമുണ്ട്.
1990ല്‍ പാലാ സെന്റ് മേരീസിലെ ബി. രശ്മി സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്ഥാപിച്ച 5.28 മീറ്റര്‍ താണ്ടാന്‍ ഇനിയും ആരും എത്തിയിട്ടില്ല. ആ വര്‍ഷം ഹൈജമ്പില്‍ രശ്മിതന്നെ സ്ഥാപിച്ച റെക്കോഡ് 15 വര്‍ഷത്തിനുശേഷം ഞായറാഴ്ച പറളി സ്‌കൂളിലെ ജ്യോതിഷ ചാടിവീഴ്ത്തിയിരുന്നു. 

1993ല്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലും സ്ഥാപിച്ച റെക്കോഡുകള്‍ രണ്ടും ജി.വി. രാജയിലെ ടി. താലിബിന്റെ പേരിലുള്ളതാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 4ത100 മീറ്റര്‍ റിലേയിലാണ് ആ വര്‍ഷത്തെ മറ്റൊരു റെക്കോഡുള്ളത്. 

സീനിയര്‍ വിഭാഗത്തില്‍ പഴക്കമുള്ള റെക്കോഡുകളെല്ലാം മാറ്റപ്പെട്ടു. 21 വര്‍ഷംമുമ്പ് 1994ല്‍ കോഴിക്കോട്ടെ ഇതേ ഗ്രൗണ്ടില്‍ 5000 മീറ്ററില്‍ സ്ഥാപിക്കപ്പെട്ട ടി.എന്‍. ഷാജിയുടെ റെക്കോഡ് ഞായറാഴ്ച ബിബിന്‍ തകര്‍ത്തതോടെ പഴയ റെക്കോഡുകള്‍ ഏറെക്കുറെ പുതുക്കപ്പെട്ടു. 1995 മുതല്‍ 2000 വരെയുള്ള കാലത്തെ റെക്കോഡുകളൊക്കെ മായ്ക്കപ്പെട്ടുകഴിഞ്ഞു. 
2001ല്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.ജെ. വിജില സ്ഥാപിച്ച റെക്കോഡാണ് മുതിര്‍ന്ന താരങ്ങളുടെ തകര്‍ക്കപ്പെടാനുള്ള റെക്കോഡുകളില്‍ ഏറ്റവും പഴയത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലുമുണ്ട് 14 വര്‍ഷം പഴക്കമുള്ള റെക്കോഡുകള്‍. ഡിസ്‌കസ് ത്രോയില്‍ മാര്‍ബേസിലിന്റെ അനന്തുവും ലോങ്ജമ്പില്‍ ജി.വി.എച്ച്.എസ്.എസ്. കുന്നംകുളത്തിന്റെ ജോഷ്‌നയുമാണ് റെക്കോഡ് ഉടമകള്‍. 2003ല്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും 2005ല്‍ ജൂനിയര്‍ വിഭാഗത്തിലും ഷോട്ട്പുട്ടില്‍ ശരണ്യ സ്ഥാപിച്ച റെക്കോഡും തകര്‍ക്കപ്പെടാതെ കിടക്കുന്നു. 2003ല്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസില്‍ അനിത എബ്രഹാം സ്ഥാപിച്ച റെക്കോഡും ഇപ്പോഴുമുണ്ട്. 

2005 മുതല്‍ കഴിഞ്ഞവര്‍ഷം വരെയുള്ള പല റെക്കോഡുകളും ഇനിയും ഭേദിക്കാനായി താരങ്ങളെ കാത്തിരിക്കുന്നു. പുതിയ റെക്കോഡുകള്‍ ഏറെ പിറന്ന ഈ വര്‍ഷത്തെ മേളയില്‍ റെക്കോഡ് ബുക്കിലേക്ക് കൂടുതല്‍ പേരുകള്‍ എഴുതിച്ചേര്‍ക്കുമെന്ന വിശ്വാസത്തിലാണ് കായികപ്രേമികള്‍.