കോഴിക്കോട്: അബിതയ്ക്കിതൊരു വെറും സ്വര്‍ണനേട്ടമായിരുന്നില്ല. ഒരു വര്‍ഷം കാത്തിരുന്ന മധുരപ്രതികാരം കൂടിയായിരുന്നു. കഴിഞ്ഞ തവണ ജൂനിയര്‍ വിഭാഗത്തില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് മുതലുള്ള കാത്തിരിപ്പാണ് ഇക്കുറി മെഡിക്കല്‍ കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ സ്വര്‍ണപ്പതക്കമായി പൂവണിഞ്ഞത്. 1500 മീറ്ററില്‍ സീനിയര്‍ വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ ദേശീയ റെക്കോഡോടെ (4:29:97 സെ) സ്വര്‍ണം. അതും കഴിഞ്ഞ തവണത്തെ ജേതാത് ബബിതെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട്. രണ്ടു വര്‍ഷം മുന്‍പ് പി.യു.ചിത്ര കുറിച്ച 4:3572 സെക്കന്‍ഡ് എന്ന റെക്കോഡ് സമയമാണ് അബിത മെച്ചപ്പെടുത്തിയത്.

എന്നാല്‍, ഒരൊറ്റ സ്വര്‍ണം കൊണ്ടൊന്നും തൃപ്തിപ്പെടില്ല കുമരംപുത്തൂര്‍ സ്‌കൂളിലെ താരമായ അബിത. ഇക്കുറി ഒരു ട്രിപ്പിള്‍ തന്നെയാണ് ലക്ഷ്യം. അബിതയുട പ്രധാന ഇനമായ 800 മീറ്ററും റിലേയിലും ഉള്‍പ്പെടെ മേളയില്‍ മൂന്നു സ്വര്‍ണമാണ് ഉഷ സ്‌കൂളിലെ ഈ താരം ലക്ഷ്യമിടുന്നത്.

താന്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനാക്കിയിരുന്ന മത്സരമായിരുന്നു അബിതയുടെ 1500 മീറ്ററെന്നും മത്സരപരിചയം കുറവായിരുന്നിട്ടും മികച്ച സമയത്തോടെ സ്വര്‍ണം നേടിയ താരം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തതെന്നും കോച്ച് പി.ടി ഉഷ പറഞ്ഞു. 800 മീറ്ററിലും റിലേയിലും സ്വര്‍ണം ഉറപ്പാണെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. വരും മീറ്റുകളില്‍ അബിത 1500 മീറ്ററില്‍ ദേശീയ തലത്തില്‍ ഉള്‍പ്പെടെ മികച്ച നേട്ടമുണ്ടാക്കുമന്നും ഉഷ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

800 മീറ്റര്‍ ജൂനിയര്‍ തലത്തില്‍ ദേശീയ റെക്കോഡിന് ഉടമയാണ് അബിത. സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് മീറ്റിലെ വെങ്കല പ്രകടനത്തോടെയായിരുന്നു അബിത ഈ നേട്ടത്തിലെത്തിയത്.

പൂവമ്പായി എ.എം.എച്ച്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അബിത. മാനുവലാണ് അച്ഛന്‍. അമ്മ ബീന.