പണ്ടു പണ്ടൊരു രാജ്യത്ത് ഒരു രാജകുമാരന്‍. ഇതാണ് കഥപറച്ചിലിന്റെ പതിവുതുടക്കം. യക്ഷിക്കഥകളിലെ രാജകുമാരന്മാരെ സ്വപ്നതുല്യമായ ഭാവനയില്‍ കൊണ്ടുവരുന്ന ഈ തുടക്കം സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ക്ക് യോജിക്കില്ല. പക്ഷേ, യോഹാന്‍ ക്രൈഫിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയേ തുടങ്ങാന്‍ കഴിയൂ.

പണ്ട് പണ്ട്, അക്കാലത്ത് ഹോളണ്ട് എന്ന ഫുട്‌ബോള്‍ ടീമിനെക്കുറിച്ച് ലോകം കേട്ടിരുന്നില്ല. ലോകമെന്നല്ല യൂറോപ്പിലെ ഹോളണ്ടിന്റെ അയല്‍രാഷ്ട്രങ്ങള്‍ പോലും കേട്ടിരുന്നില്ല. ഫുട്‌ബോളിന്റെ വന്‍ശക്തികളുടെ പട്ടികയില്‍ ആരും ഹോളണ്ടിന്റെ പേര്‍ ചേര്‍ക്കുമായിരുന്നില്ല. 

ഹോളണ്ടിലെ അയാക്‌സ് എന്ന ക്ലബ്ബിന്റെ കാര്യവും ഇങ്ങനെത്തന്നെ. അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സാധാരണ ക്ലബ്ബ്. ഇവിടേക്കായിരുന്നു രാജകുമാരന്റെ വരവ്. കാല്പനിക കഥകളില്‍ മാത്രം കേട്ടുകേള്‍വിയുള്ള മാറ്റങ്ങള്‍ അവിടെ സംഭവിക്കുകയായി. അയാക്‌സ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി മാറുന്നു. ഹോളണ്ട് ഫുട്‌ബോള്‍ ലോകത്തിന്റെ അത്യുന്നതിയിലേക്കു കുതിക്കുന്നു. മാറ്റങ്ങള്‍ക്ക് മുഴുവന്‍ കാരണക്കാരനായത് യോഹാന്‍ ക്രൈഫിന്റെ മാന്ത്രികസ്പര്‍ശവും ക്രൈഫിന്റെ കൂട്ടാളികളായ കുറേ മികച്ച കളിക്കാരുടെ കൂട്ടായ ശ്രമവും.

1947 ഏപ്രില്‍ 25-നാണ് ക്രൈഫ് ജനിച്ചത്. അപ്പോള്‍ ഹോളണ്ടിലും യൂറോപ്പിലും വസന്തകാലം തുടങ്ങുകയായിരുന്നു. 10-ാം വയസ്സില്‍ത്തന്നെ ക്രൈഫ് അയാക്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേര്‍ന്നു. ക്ലബ്ബിന്റെ കൗമാരവിഭാഗത്തിലേക്ക് ക്രൈഫ് കയറിച്ചെല്ലുന്ന ദിവസം ക്രൈഫിന്റെ 10-ാം പിറന്നാളായിരുന്നു. പത്തുകൊല്ലം കൂടി കഴിഞ്ഞപ്പോള്‍ യോഹാന്‍ ക്രൈഫ് അയാക്‌സ് സീനിയര്‍ ടീമിന്റെ എല്ലാമെല്ലാമായി.

1970-കളുടെ തുടക്കത്തില്‍ അയാക്‌സ് നടത്തിയ തേരോട്ടത്തിന് തുല്യമായി ലോക ക്ലബ്ബ് ഫുട്‌ബോളില്‍ മറ്റൊരു കുതിപ്പ് കാണാന്‍ കഴിയില്ല.  ലോക ക്ലബ്ബ് ഫുട്‌ബോള്‍ കിരീടമായ ഇന്റര്‍ കോണ്ടിനെന്റ് കപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പുമൊക്കെ അയാക്‌സിന്റെ അകത്തളങ്ങളില്‍ എത്തി. 1973-ല്‍ ക്രൈഫ് അയാക്‌സില്‍നിന്ന് സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് മാറി. 

അത് വെറുമൊരു താരവില്പനയിലൂടെ മാത്രമായിരുന്നില്ല. ക്രൈഫിന്റെ ഫാസിസ്റ്റ് വിരുദ്ധരാഷ്ട്രീയവും അതിനു പിറകില്‍ ഉണ്ടായിരുന്നു. ഫാസിസ്റ്റ് നേതാവായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ സ്വന്തം ക്ലബ്ബായിട്ടായിരുന്നു അക്കാലത്ത് റയല്‍ മാഡ്രിഡ് കളിച്ചിരുന്നത്. പരമ്പരാഗത വൈരികളായ ബാഴ്‌സലോണയാവട്ടെ ജനാധിപത്യപക്ഷത്തും.

''എനിക്ക് ഫാസിസ്റ്റ് ക്ലബ്ബില്‍ ചേരാന്‍ ഇഷ്ടമില്ല. ഞാന്‍ ബാഴ്‌സലോണയുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്ന വ്യക്തിയാണ്'' എന്ന രാഷ്ട്രീയ തീരുമാനം അറിയിച്ചുകൊണ്ടുതന്നെയാണ് ക്രൈഫ് ബാഴ്‌സലോണയിലേക്ക് മാറിയത്. അയാക്‌സിന് സംഭവിച്ച വളര്‍ച്ച സ്‌പെയിനില്‍ ബാഴ്‌സലോണയ്ക്ക് സംഭവിച്ചു. ലാലീഗ എന്ന സ്പാനിഷ് പ്രീമിയര്‍ ലീഗില്‍ ബാഴ്‌സലോണ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ തോല്പിച്ചത് 5-0-നായിരുന്നു. 

വിജയമാഘോഷിക്കാന്‍ ബാഴ്‌സലോണക്കാര്‍ തെരുവിലിറങ്ങി. അവര്‍ക്ക് പറയാന്‍ ക്രൈഫിന്റെ പേര്‍ മാത്രം. അന്ന് മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന 'ന്യൂയോര്‍ക്ക് ടൈംസിന്റെ' ലേഖകന്‍ പറഞ്ഞത് ബാഴ്‌സലോണയ്ക്ക്, അതായത് കറ്റാലന്‍ വംശജര്‍ക്കുവേണ്ടി നാളിതുവരെ യുദ്ധം ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകരേക്കാള്‍ ക്രൈഫിനായിരുന്നു അവരുടെ വീര്യം ഉണര്‍ത്താന്‍ കഴിഞ്ഞത് എന്നായിരുന്നു. ഏതാണ്ട് ഇക്കാലത്തുതന്നെയായിരുന്നു ക്രൈഫിന്റെ ഒരു മാന്ത്രിക ഗോള്‍ പിറന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ ഈ ഗോളിനെ 'ഫാന്റം ഗോള്‍' എന്നാണ് ഫുട്‌ബോള്‍ ലേഖകര്‍ വിശേഷിപ്പിക്കാറുള്ളത്. 

വായുവില്‍ വെച്ച് നടത്തിയ ആ അവിസ്മരണീയമായ മെയ്യഭ്യാസത്തില്‍ ക്രൈഫിന്റെ മുഖവും കണ്ണുകളും ഗോള്‍പോസ്റ്റിന് നേരേപ്പോലും ആയിരുന്നില്ല. എന്നിട്ടും തന്റെ മനസ്സ് പറഞ്ഞിടത്തേക്ക് ആ പന്ത് ചീറിപ്പാഞ്ഞപ്പോള്‍ ലോക ഫുട്‌ബോള്‍ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി അത് മാറി.1974-ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സംഭവിച്ചത് ഏവര്‍ക്കും അറിയാം.

ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെയും ബ്രസീലിനെയും തകര്‍ത്തെറിഞ്ഞ് ഹോളണ്ട് ഫൈനലില്‍ എത്തിയതും ഒടുവില്‍, ഒരു സ്വപ്നത്തിന്റെയും വസന്തത്തിന്റെയും അവസാനം ക്രൈഫിന്റെ ഹോളണ്ട് കൈസര്‍ബെക്കന്‍ബോവറുടെ ജര്‍മനിയോട് തോറ്റുമടങ്ങിയതും ഫുട്‌ബോള്‍ ലോകത്തിലെ ശോകാന്തമായ വീരഗാഥയാണ്. ടോട്ടല്‍ ഫുട്‌ബോള്‍ എന്ന പുതിയൊരു ശൈലി ഫുട്‌ബോള്‍ ലോകത്തിന് കാണാനായതും ക്രൈഫിന്റെ മിടുക്കുതന്നെ. 

പക്ഷേ, 1974-ലെ തോല്‍വിക്കുശേഷം ക്രൈഫ് വെറുതെയിരിക്കുകയായിരുന്നില്ല. സ്‌പെയിനിന്റെ ബാഴ്‌സലോണ ക്‌ളബ്ബില്‍ വെച്ച് ടോട്ടല്‍ ഫുട്‌ബോളിനേക്കാള്‍ മികച്ചതും വിചിത്രവുമായ മറ്റൊരു തന്ത്രം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.1990-കളില്‍ ക്രൈഫ് ബാഴ്‌സലോണയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തപ്പോളായിരുന്നു ഈ തന്ത്രം ക്രൈഫ് പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. ടിക്കി ടാക്ക - അതായിരുന്നു ആ തന്ത്രത്തിന്റെ പേര്. വാസ്തവത്തില്‍ ആ പേര് മറ്റുള്ളവര്‍ കൊടുത്തതായിരുന്നു. ക്രൈഫിന്റെതായിരുന്നില്ല.

മിഡ്ഫീല്‍ഡില്‍ കുറിയ പാസുകള്‍കൊണ്ട് വലനെയ്യുന്നതാണ് ഈ കളിയുടെ രീതി.  ക്രൈഫിനുശേഷം വന്ന ബാഴ്‌സയുടെ പരിശീലകര്‍ക്ക് ഈ ശൈലി നന്നേ പിടിച്ചു. അവര്‍ അത് ബാഴ്‌സയുടെ സ്വന്തം ശൈലിയാക്കി. ബാഴ്‌സലോണയുടെ ശൈലി സ്‌പെയിനിന്റെ ശൈലിയുമായി.

2010-ലെ ലോകകപ്പ് വന്നു. എതിരാളിയെ വട്ടംകറക്കിയ സ്പാനിഷ് കളിക്കാര്‍ ഫൈനലില്‍ എത്തി.  അപ്പോഴാണ് ഫുട്‌ബോള്‍ ചരിത്രം അതിന്റെ ഏറ്റവും വലിയൊരു നാടകം പുറത്തിറക്കുന്നത്. ഫൈനലില്‍ ഒരു ഭാഗത്ത് ക്രൈഫിന്റെ ടിക്കി ടിക്കയുമായി ഇറങ്ങുന്ന സ്‌പെയിനാണെങ്കില്‍ മറുഭാഗത്ത് ക്രൈഫിന്റെ സ്വന്തം ടീമായ ഹോളണ്ടായിരുന്നു!. ഇനിയേസ്റ്റയുടെ ഗോളിന് സ്‌പെയിന്‍ ജയിച്ചു, ഹോളണ്ട് തോറ്റു. അപ്പോള്‍ ക്രൈഫ് ആരുടെ കളിക്കാരനാണെന്ന് പറയണം? ഹോളണ്ടിന് ഓറഞ്ച് വസന്തം നല്‍കിയ ക്രൈഫ് ഒരു ഭാഗത്ത്. സ്‌പെയിനിന് ലോകകിരീടം നല്‍കിയ ക്രൈഫ് മറുഭാഗത്ത്!