എല്ലാ ഫുട്‌ബോള്‍ അക്കാദമികളിലും കുട്ടികള്‍ കളിപഠിക്കുമ്പോള്‍ ആദ്യനാളുകളില്‍ പരിശീലിപ്പിക്കുന്ന നീക്കമാണ് ക്രൈഫ് ടേണ്‍. 1974-ലെ ലോകകപ്പില്‍ ക്രൈഫ് അവതരിപ്പിച്ച, പന്തുമായി നേരേപ്പോയി യു ടേണ്‍ എടുക്കുന്ന വിദ്യ. അങ്ങനെ എന്തെല്ലാം, ഹോളണ്ടിന്റെയും അയാക്‌സിന്റെയും ഈ ഇതിഹാസം ഫുട്‌ബോളിന് നല്‍കി. 

അടുത്തകാലത്ത് മെസ്സി, രണ്ടുപേര്‍ ചേര്‍ന്നടിക്കുന്ന പെനാല്‍ട്ടി കിക്ക് എടുത്തപ്പോള്‍ ലോകം മുഴുവനും ക്രൈഫിനെ വീണ്ടും ഓര്‍ത്തു. ക്രൈഫ് അപ്രതീക്ഷിതമായി അയാക്‌സിനുവേണ്ടി ഇത്തരത്തില്‍ ഒരു പെനാല്‍ട്ടി അടിച്ചപ്പോഴാണ് ഫുട്‌ബോള്‍ നിയമം ഇത് അനുവദിക്കുന്നു എന്ന് ലോകം ഓര്‍ത്തെടുത്തത്.

1970-കള്‍തൊട്ട് ഹോളണ്ട് പ്രദര്‍ശിപ്പിച്ച ടോട്ടല്‍ ഫുട്‌ബോളിന്റെ രാജാവായിരുന്നു യോഹാന്‍ ക്രൈഫ്. അന്നെല്ലാം വെറും ഫുട്‌ബോള്‍പ്രേമി മാത്രമായിരുന്ന എന്നെപ്പോലുള്ള ആയിരങ്ങളെ ഫുട്‌ബോള്‍ ഭ്രാന്തന്മാരാക്കിമാറ്റിയതില്‍ ഈ മാന്ത്രികന്റെ പങ്ക് വലുതായിരുന്നു. 
ഇന്ന് ക്രൈഫിനായി ഫൈനല്‍വിസില്‍ മുഴങ്ങിയിരിക്കുന്നു. എന്നിരുന്നാലും കളി പിന്നെയും തുടരും. പന്തുരുളും. ഫുട്‌ബോളിനെ വിപ്ലവകരമായി ആധുനീകരിച്ച ക്രൈഫിന്റെ സാന്നിധ്യം എല്ലാ കളിക്കളങ്ങളിലും ഉണ്ടായിരിക്കും.