ക്രൈഫിനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന പദമാണ് ടോട്ടല്‍ ഫുട്‌ബോള്‍. ഗോള്‍കീപ്പറൊഴികെയുള്ള പത്തു താരങ്ങള്‍ എല്ലാ ചുമതലകളും ഒരേപോലെ നിര്‍വഹിക്കുന്ന ഈ കേളീരീതി ക്രൈഫ് ജനിക്കുന്നതിനുമുന്നെ പിറവിയെടുത്തിട്ടുണ്ടെങ്കിലും അതിന് ഏറ്റവും ബന്ധം ഈ ഡച്ച് ഫുട്‌ബോളറോടുതന്നെ. ടീമിന്റെ ഘടനയ്ക്ക് കാതലായ മാറ്റംവരാതെ കളിക്കാരുടെ സ്ഥാനം ടോട്ടല്‍ ഫുട്‌ബോളില്‍ മാറിക്കൊണ്ടേയിരുന്നു.     

1915 മുതല്‍ക്കെ, നിലവിലുണ്ടെങ്കിലും ടോട്ടല്‍ ഫുട്‌ബോളിന്റെ ആധുനികശൈലിയുടെ പിതാവ് റിനെ മിഷേല്‍സാണ്. അറുപതുകളില്‍ അയാക്‌സ് ടീമിലും എഴുപതുകളില്‍ ഹോളണ്ട് ദേശീയ ടീമിലും അദ്ദേഹം അതു നടപ്പാക്കി.  മിഷേല്‍സ് രൂപപ്പെടുത്തിയ ടോട്ടല്‍ ഫുട്‌ബോളിന്റെ ഏറ്റവും ശക്തനായ പ്രയോക്താവായിരുന്നു ക്രൈഫ്.     

വ്യത്യസ്തങ്ങളായ ചുമതലകള്‍ കളിക്കളത്തില്‍ നിര്‍വഹിക്കേണ്ടിവരുന്നതിനാല്‍, ടോട്ടല്‍ ഫുട്‌ബോള്‍ കൂടുതല്‍ ശാരീരികവും സാങ്കേതികവുമായ തികവ് ആവശ്യപ്പെടുന്നതായിരുന്നു. ക്രൈഫ് അതിന് ഉത്തമോദാഹരണമായി. കയറിയുമിറങ്ങിയും കളിമെനയാന്‍ ക്രൈഫ് മറ്റാരെക്കാളും മികവുകാട്ടി. മിഷേല്‍സിന്റെ ടീമില്‍ സെന്റര്‍ ഫോര്‍വേഡായിരുന്നു ക്രൈഫ്. എന്നാല്‍, മധ്യനിരയിലേക്കും വിങ്ങുകളിലേക്കും വ്യാപിക്കുന്നതായിരുന്നു ആ സാന്നിധ്യം. ക്രൈഫിന്റെ നീക്കങ്ങള്‍ക്കനുസരിച്ച് ടീമിലെ ഓരോ കളിക്കാരനും സ്വയം സ്ഥാനം മാറ്റിക്കൊണ്ടിരുന്നു.     

കളിക്കളത്തില്‍ കളിക്കാരുടെ ചലനങ്ങള്‍ക്കായിരുന്നു ടോട്ടല്‍ ഫുട്‌ബോളില്‍ പ്രസക്തി. അതിനെ നിരന്തരം പരീക്ഷിക്കുന്നതിലായിരുന്നു ക്രൈഫിന് താത്പര്യം. കളിക്കാര്‍ എപ്പോള്‍ ഓടണമെന്നും എവിടെ ഓടിയെത്തണമെന്നും എപ്പോള്‍ തല്‍സ്ഥാനത്ത് തുടരണമെന്നും നിശ്ചയിച്ചിരുന്നത് ക്രൈഫായിരുന്നെന്ന് അയാക്‌സില്‍ ഒപ്പം കളിച്ച ബാരി ഹള്‍ഷോഫ് ഒരിക്കല്‍ പറഞ്ഞു. ഒരാള്‍ മാറുമ്പോള്‍ അതേ സ്ഥാനത്തേക്ക് മറ്റൊരാള്‍ എത്തിയിരിക്കും.     

സ്വന്തം സ്റ്റേഡിയത്തില്‍ രണ്ടു സീസണുകള്‍ നിറയെ വിജയിച്ച അയാക്‌സ് ടീം ടോട്ടല്‍ ഫുട്‌ബോളാണ് കളിച്ചത്. ആ ടീമില്‍ അംഗമായിരുന്നു ക്രൈഫ്. പശ്ചിമ ജര്‍മനിയോട് 2-1ന് തോറ്റെങ്കിലും 1974-ല്‍ കളിച്ച ഹോളണ്ട് ടീം എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ ടീമായി വിലയിരുത്തപ്പെട്ടു. 1971 മുതല്‍ 1973 വരെ തുടരെ മൂന്നുതവണയാണ് അയാക്‌സ് യൂറോപ്യന്‍ കിരീടം നേടിയത്. 1965 മുതല്‍ ആറുതവണ ഡച്ച് ലീഗ് കിരീടവും. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ ടീമുകളുടെ കൂട്ടത്തിലാണ് ക്രൈഫ് കളിച്ച അയാക്‌സ് ടീമിനും സ്ഥാനം.     

കളിക്കാരനില്‍നിന്ന് പരിശീലകന്റെ കുപ്പായമണിഞ്ഞപ്പോള്‍ ടോട്ടല്‍ ഫുട്‌ബോളിനെ കുറേക്കൂടി പുതുമയുള്ള വിഭവമാക്കി ക്രൈഫ് മാറ്റി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പെപ് ഗാര്‍ഡിയോള ഉള്‍പ്പെടുന്ന ബാഴ്‌സലോണയെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയത് ഈ ശൈലിയിലൂടെയാണ്. ക്രൈഫില്‍നിന്ന് പഠിച്ച പാഠങ്ങളാണ് ഗാര്‍ഡിയോള പിന്നീട് ബാഴ്‌സലോണയിലൂടെയും ബയറണ്‍ മ്യൂണിക്കിലൂടെയും ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.