ട്വന്റി-20യില്‍ അസാമാന്യമായ പ്രകടനം കോലിക്ക് പുതിയ വിളിപ്പേര്. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസമായ സര്‍ ഡോണ്‍ ബ്രാഡ്മനോട് താരതമ്യപ്പെടുത്തി 'ട്വന്റി -20യിലെ ബ്രാഡ്മാന്‍' എന്ന വിളിപ്പേരാണ് ക്രിക്കറ്റ് ലോകം കോലിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ബ്രാഡ്മാന്‍ പ്രതിഭയ്‌ക്കൊപ്പം അസാമാന്യമായ സ്ഥിരതയും കാഴ്ചവെച്ച താരമാണ്. 52 ടെസ്റ്റുകളില്‍ 6996 റണ്‍സെടുത്ത ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി 99.94 ആണ്. ബ്രാഡ്മാന്റെ ശരാശരിയ്ക്ക് ഏഴയലത്തുപോലും ഇതുവരെ ആരുമെത്തിയിട്ടില്ല. 80 ഇന്നിങ്‌സുകളില്‍ 29 സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതായത് ശരാശരി മൂന്ന് ഇന്നിങ്‌സുകളില്‍ ഒരെണ്ണം!

Kohli

സമീപകാലത്ത് ട്വന്റി-20യില്‍ അത്രമാത്രം മികവും സ്ഥിരതയുമാര്‍ന്ന പ്രകടനമാണ് കോലി നടത്തുന്നതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. കോലിയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തം. അന്താരാഷ്ട്ര ട്വന്റി-20യില്‍ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് ഇപ്പോള്‍ കോലിയുടെ പേരിലാണ്. 13 മത്സരങ്ങളില്‍ ഏഴ് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 625 റണ്‍സ്.

ഐപിഎല്ലില്‍ കോലി എല്ലാ റെക്കോഡുകളും തകര്‍ത്താണ് കോലി മുന്നേറുന്നത്. ഇതുവരെ 13 മത്സരങ്ങളില്‍ 865 റണ്‍സാണ് കോലിയു അടിച്ചുകൂട്ടിയത്. ഇതില്‍ നാല് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും പെടും. ശരാശരി 86.50. സ്‌ട്രൈക്ക് റേറ്റ് 155. കോലിയുടെ റണ്‍വേട്ട സീസണില്‍ ആയിരം കടന്നാലും അദ്ഭുതപ്പെടേണ്ടെന്നാണ് മുന്‍ റെക്കോഡുകാരന്‍ ക്രിസ് ഗെയ്ല്‍ പറയുന്നത്.

Kohli

കോലിയുടെ മികവിനെ വാഴ്ത്തി മുന്‍താരങ്ങളും പരിശീലകരും മാത്രമല്ല സമകാലികരായ നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസീസ് ബാറ്റ്‌സ്മാനും ഐപിഎല്ലില്‍ ഗുജറാത്ത് താരവുമായ ആരോണ്‍ ഫിഞ്ച് ട്വിറ്ററില്‍ കുറിച്ച പോസ്റ്റ് മാത്രം മതി കോലിയുടെ കേളീമികവ് വ്യക്തമാകാന്‍.

പ്രിയപ്പെട്ട കോലി, ദയവായി ലോകത്തെ ഭൂരിപക്ഷം ബാറ്റ്‌സ്മാന്‍മാരെയും നാണിപ്പിക്കും വിധം ബാറ്റിങ് വളരെ എളുപ്പമാണെന്ന് തോന്നുന്ന രീതിയില്‍ കളിക്കുന്നത് താങ്കള്‍ അവസാനിപ്പിക്കണം എന്നാണ് ഫിഞ്ച് ട്വിറ്ററില്‍ കുറിച്ചത്.