ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബിന്റെ ശനിദശ തീരുന്നില്ല. ഇന്നു നടന്ന മത്സരത്തില്‍ പഞ്ചാബ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ അവരുടെ നാലാം തോല്‍വിയാണിത്. സ്‌കോര്‍: പഞ്ചാബ്- 143/6 (20 ഓവര്‍); ഹൈദരാബാദ്- 146/5 (17.5 ഓവര്‍).

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രമാണ് എടുക്കാനായത്. ഷോണ്‍ മാര്‍ഷ് (34 പന്തില്‍ 40), അക്ഷര്‍ പട്ടേല്‍ (17 പന്തില്‍ 36*), മനന്‍ വോഹ്‌റ (23 പന്തില്‍ 25), നിഖില്‍ നായ്ക്ക് (28 പന്തില്‍ 22) എന്നിവര്‍ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

നാലോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനാണ് ഹൈദരാബാദ് നിരയില്‍ മികച്ചുനിന്നത്. മുസ്തഫിസുറാണ് കളിയിലെ കേമന്‍. ഹൈദരാബാദിനായി ഹെന്റിക്വസും രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റുണ്ട്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ തിളങ്ങില്‍ വാര്‍ണര്‍-ധവാന്‍ സഖ്യമാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്. 31 പന്തില്‍ 59 റണ്‍സെടുത്ത വാര്‍ണറും 44 പന്തില്‍ 45 റണ്‍സെടുത്ത ധവാനും ചേര്‍ന്ന് 9.5 ഓവറില്‍ 90 റണ്‍സ് ചേര്‍ത്തു. 25 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും ഹൈദരാബാദ് ഇന്നിങ്‌സിന് കരുത്തുപകര്‍ന്നു.