വിശാഖപട്ടണം: മുംബൈക്ക് എതിരായ മത്സരത്തില്‍ പഞ്ചാബിന് സീസണിലെ നാലാംജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയെ 124 റണ്‍സിലൊതുക്കിയ പഞ്ചാബ് 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: മുംബൈ- 124/9 (20 ഓവര്‍); പഞ്ചാബ്- 127/3 (17 ഓവര്‍).

ക്യാപ്റ്റന്‍ മുരളി വിജയുടെയും (52 പന്തില്‍ 54 നോട്ടൗട്ട്) വൃദ്ധിമാന്‍ സാഹയുടെയും (40 പന്തില്‍ 56) അര്‍ധസെഞ്ച്വറികളാണ് പഞ്ചാബ് വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റില്‍  117 റണ്‍സ് ചേര്‍ത്ത് സഖ്യം പഞ്ചാബ് വിജയം ഉറപ്പിച്ചു. 

ഹാഷിം അംലയെ (0) ആദ്യ ഓവറില്‍ നഷ്ടമായ പഞ്ചാബിന് പിന്നീട് വിക്കറ്റ് നഷ്ടമായത് 16-ാം ഓവറിലാണ്. സാഹയെയും മാസ്സ്‌വെല്ലിനെയും (0) അടുത്തടുത്ത പന്തില്‍ മക്‌ലീനഗന്‍ മടക്കിയെങ്കിലും ഗുര്‍കീരത് സിങ്ങിനെ കൂട്ടുപിടിച്ച് (6) വിജയ് ടീമിനെ വിജയത്തിലെത്തിച്ചു.

നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മാര്‍കസ് സ്‌റ്റോയിസാണ് മുംബൈയെ തകര്‍ത്തത്. സന്ദീപ് ശര്‍മ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോഹിത് ശര്‍മ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്.

നിതീഷ് റാണയും (28 പന്തില്‍ 25) പൊള്ളാര്‍ഡുമാണ് (20 പന്തില്‍ 27) മുംബൈയുടെ പ്രധാന സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ (24 പന്തില്‍ 15), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 19), ഹര്‍ഭജന്‍ സിങ് (10 പന്തില്‍ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് മുംബൈ ബാറ്റ്‌സ്മാന്‍മാര്‍.

ജയത്തോടെ പഞ്ചാബ് (11 മത്സരങ്ങളില്‍ 8 പോയന്റ്) അവസാന സ്ഥാനത്തു നിന്ന് ഒരു സ്ഥാനം മുന്നോട്ടുകയറി. 12 മത്സരങ്ങളില്‍ 12 പോയന്റുമായി മുംബൈ അഞ്ചാംസ്ഥാനത്താണ്.