വിശാഖപട്ടണം: പുതിയ ഹോം ഗ്രൗണ്ടിലും പുണെയ്ക്ക് ഭാഗ്യമുദിച്ചില്ല. അവസാന പന്തുവരെ ഉദ്വേഗം നീണ്ട മത്സരത്തില്‍ ധോനിയുടെ ടീം സീസണിലെ എട്ടാംതോല്‍വി രുചിച്ചു. ഐപിഎല്‍ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമുള്ള പുണെയ്ക്ക് ഇനി തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 137 റണ്‍സില്‍ ഒതുക്കി പുണെ മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ കരുത്തുകാട്ടി. എന്നാല്‍ കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന് പുണെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിഴച്ചു. മറുപടി ബാറ്റിങ്ങില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പുണെ എതിരാളികളുടെ സ്‌കോറിനേട് നാല് റണ്‍സ് പിന്നില്‍. സ്‌കോര്‍: ഹൈദരാബാദ്- 137/8 (20 ഓവര്‍); പുണെ- 133/8 (20 ഓവര്‍).

പുതുതായി ടീമിലെത്തിയ ഓസീസ് താരം ജോര്‍ജ് ബെയ്‌ലി (40 പന്തില്‍ 34), നാലാമനായി ഇറങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍ (25 പന്തില്‍ 29), ക്യാപ്റ്റന്‍ ധോനി (20 പന്തില്‍ 30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

Nehra

അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന പുണെയ്ക്ക്‌ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത ആശിഷ് നെഹ്‌റയാണ് ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തില്‍ ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഒരു റണ്ണൗട്ടുള്‍പ്പെടെ മൂന്ന് വിക്കറ്റുകളും ഓവറില്‍ വീണു.

20-ാം ഓവറിലെ മൂന്നാം പന്തില്‍ തിസാര പെരേരയെ നെഹ്‌റ പുറത്താക്കിയെങ്കിലും അടുത്ത പന്തില്‍ സിക്‌സടിച്ച് ക്യാപ്റ്റന്‍ ധോനി പുണെയുടെ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ രണ്ടാം റണ്ണിന് ശ്രമിച്ച ധോനിയെ യുവരാജ് റണ്ണൗട്ടാക്കി. അവസാന പന്തില്‍ സാംബയെ ഓജ ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതോടെ പുണെയുടെ പരാജയം പൂര്‍ത്തിയായി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ സ്പിന്നര്‍ ആദം സാംബയാണ് കറക്കിവീഴ്ത്തിയത്. നാലോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് സാംബ വീഴ്ത്തിയത്. സാംബയാണ് കളിയിലെ കേമന്‍. ശിഖര്‍ ധവാന്‍ (27 പന്തില്‍ 33), കെയ്ന്‍ വില്ല്യംസണ്‍ (37 പന്തില്‍ 32), യുവരാജ് (21 പന്തില്‍ 23) എന്നിവരാണ് ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.

Adam Zampa

ജയത്തോടെ പത്തു കളികളില്‍ 14 പോയന്റുമായി ഹൈദരാബാദ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഗുജറാത്ത് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 മത്സരങ്ങളില്‍ 14 പോയന്റാണ് ഗുജറാത്തിനുള്ളത്. 11 മത്സരങ്ങളില്‍ ആറ് പോയന്റുമായി പുണെ ഏഴാംസ്ഥാനത്താണ്.

ചിത്രങ്ങള്‍: ബിസിസിഐ.