കാണ്‍പൂര്‍: ഐ.പി.എലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈയെ കീഴടക്കി ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫില്‍ കടന്നു.ആറു വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത കടുപ്പമായി. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഫലവും റണ്‍റേറ്റുമായിരിക്കും ഇനി മുംബൈയുടെ ഭാവി തീരുമാനിക്കുക. മുംബൈയുടെ തോല്‍വിയോടെ ഹൈദരാബാദിന്‌ പ്ലേ ഓഫ്‌ ബെര്‍ത്തുറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ വണ്‍ഡൗണ്‍ ബാറ്റ്സ്മാന്‍ നിധീഷ് റാണയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ 172 എന്ന റണ്‍സിലെത്തിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങോടെയായിരുന്നു തുടക്കം. ശര്‍മ 17 പന്തില്‍ 30 ഉം റാണ 36 പന്തില്‍ 70 റണ്‍സുമാണ് നേടിയത്. 31 പന്തില്‍ 33 റണ്‍സെടുത്ത ബട്ട്ലറും പൊരുതാവുന്ന സ്‌കോര്‍ നല്‍കുന്നതിന് പിന്തുണ നല്‍കി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്  ഫിഞ്ചിന്റെ വിക്കറ്റെടുത്ത് തുടക്കത്തില്‍ പ്രഹരമേല്‍പിക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായെങ്കിലും ശേഷം വന്ന മക്കല്ലവും റെയ്‌നയും തകര്‍ത്താടി. റെയ്‌ന 36 പന്തില്‍ 58 ഉം മക്കല്ലം 27 പന്തില്‍ 48 ഉം റണ്‍സെടുത്തു. ഇരുവരും പുറത്തായതിനു പിന്നാലെയത്തെിയ കാര്‍ത്തിക് വേഗം മടങ്ങിയെങ്കിലും സ്മിത്തും ജഡേജയും  ചേര്‍ന്ന് 13 ബോളുകള്‍ ശേഷിക്കെ ഗുജറാത്തിനെ വിജയത്തിലത്തെിച്ചു.