മുംബൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മിന്നുന്ന ഫോം വീണ്ടും മുംബൈക്ക് തുണയായി. രോഹിതിന്റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന് തോല്‍പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം അവര്‍ 18 ഓവറില്‍ മറികടന്നു. സ്‌കോര്‍: ബാംഗ്ലൂര്‍- 170/7 (20 ഓവര്‍); മുംബൈ- 171/4 (18 ഓവര്‍).

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെ (5) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത രോഹിത്-റായുഡു കൂട്ടുകെട്ടാണ് തുണയായത്. നാല് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് 44 പന്തില്‍ 62 റണ്‍സെടുത്ത രോഹിതിന്റെ ഇന്നിങ്‌സ്. റായുഡു 23 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ 31 റണ്‍സെടുത്തു.

റായുഡുവും രോഹിതും ഇന്നിങ്‌സിന്റെ മധ്യത്തില്‍ മടങ്ങിയെങ്കിലും തകര്‍ത്തടിച്ച ജോസ് ബട്ട്‌ലറും (14 പന്തില്‍ 28) കീറണ്‍ പൊള്ളാര്‍ഡും (19 പന്തില്‍ 40*) മുംബൈ ജയം വേഗത്തിലാക്കുകയായിരുന്നു. ബട്ട്‌ലര്‍ രണ്ടു വീതം ഫോറും സിക്‌സുമടിച്ചപ്പോള്‍ പൊള്ളാര്‍ഡ് നാല് ഫോറും മൂന്ന് സിക്‌സും നേടി.

രണ്ട് റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ പൊള്ളാര്‍ഡിനൊപ്പം ക്രീസില്‍. ബാംഗ്ലൂരിനായി ഇഖ്ബാല്‍ അബ്ദുള്ള മൂന്ന വിക്കറ്റ വീഴ്ത്തി. റിച്ചാര്‍ഡ്‌സണാണ് ഒരു വിക്കറ്റ്.

Kunal Pandya
കോലിയെ പുറത്താക്കിയ കുണാല്‍ പാണ്ഡ്യയുടെ ആഹ്ലാദം. ഫോട്ടോ: ബിസിസിഐ.

 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ തുലച്ചതാണ് തിരിച്ചടിയായത്. ആരും അര്‍ധസെഞ്ച്വറി കണ്ടെത്തിയില്ലെങ്കിലും ആദ്യ ആറു പേരില്‍ രണ്ടക്കം കടക്കാതെ പോയത് നാലാമനായി ഇറങ്ങിയ ഷെയ്ന്‍ വാട്‌സണ്‍ (5) മാത്രമാണ്.

വിരാട് കോലി (30 പന്തില്‍ 33), ലോകേഷ് രാഹുല്‍ (14 പന്തില്‍ 23), ഡിവില്ലിയേഴ്‌സ് (21 പന്തില്‍ 29), ട്രാവിസ് ഹെഡ് (24 പന്തില്‍ 37), സര്‍ഫ്രാസ് ഖാന്‍ (18 പന്തില്‍ 28) എന്നിങ്ങനെയാണ് മറ്റ് അഞ്ചുപേരുടെ സ്‌കോറുകള്‍.

മുംബൈക്കായി ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റെടുത്ത് മികച്ച പിന്തുണ നല്‍കി. മിച്ചല്‍ മക്‌ലീനഗനാണ് ഒരു വിക്കറ്റ്.

ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്തി. പട്ടികയില്‍ ഏഴാമതായിരുന്നു മുംബൈ. അഞ്ച് മത്സരങ്ങളില്‍ നാല് പോയന്റാണ് അവര്‍ക്കിപ്പോഴുള്ളത്. നാലാംസ്ഥാനത്തുണ്ടായിരുന്ന ബാംഗ്ലൂര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി ഇപ്പോള്‍ ആറാമതാണ്. എന്നാല്‍ ബാംഗ്ലൂര്‍ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ.